ഓടകളിൽ നിറഞ്ഞ് മണ്ണും ചെളിയും; മഴവെള്ളം ഒഴുകാൻ ഇടമില്ല

Mail This Article
തൊടുപുഴ ∙ വർഷങ്ങൾക്കു ശേഷം നഗരത്തിലെ ഓടകൾ നഗരസഭയുടെ നേതൃത്വത്തിൽ തുറന്നപ്പോൾ കണ്ടത് സ്ലാബിൽ മുട്ടിയ നിലയിൽ മണ്ണും ചെളിയും. വെള്ളത്തിന് ഒഴുകാൻ സ്ഥലമില്ലാത്തതിനാലാണ് പലഭാഗത്തും വെള്ളപ്പൊക്കമുണ്ടാകുന്നതെന്ന് കണ്ടെത്തി. നാല് വർഷത്തിനു ശേഷമാണ് നഗരത്തിലെ പ്രധാന റോഡുകളിലെ ഓടകൾ കോരിയത്. പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ഓടയുടെ മുകളിലെ സ്ലാബിൽ ടൈൽ പാകി പല വ്യാപാര സ്ഥാപനങ്ങളും പാർക്കിങ് ഏരിയ ആക്കിയ നിലയിലായിരുന്നു.
ചിലർ ടൈലുകൾ പൊട്ടിച്ച് സ്ലാബ് ഇളക്കുന്നതിനെതിരെ രംഗത്തുവന്നെങ്കിലും നഗരസഭ ചെയർമാന്റെയും ഉദ്യോഗസ്ഥരുടെയും കർക്കശ നിലപാടുകളെ തുടർന്ന് പിൻവാങ്ങി.ചില വ്യാപാരികൾ അവധി ദിവസം തങ്ങളുടെ കടയുടെ ഭാഗം പൊളിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ടത് അധികൃതർ സമ്മതിച്ചു. ഇവിടെ ഓട കോരുന്നത് ഞായറാഴ്ച ആയിരിക്കും. നഗരത്തിൽ എല്ലാ മഴക്കാലത്തും വെള്ളക്കെട്ട് പതിവാണ്. ഓടയിലേക്ക് ഹോട്ടലുകളിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നും മാലിന്യം ഒഴുക്കുന്നത് കർശനമായി തടയുമെന്നും അധികൃതർ വ്യക്തമാക്കി.