കുരിശു പൊളിച്ച സംഭവം: മന്ത്രി റോഷിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്

Mail This Article
വണ്ടിപ്പെരിയാർ ∙ തൊമ്മൻകുത്തിൽ കുരിശു പൊളിച്ച സംഭവത്തിൽ ഉൾപ്പെടെ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി റോഷി അഗസ്റ്റിന്റെ വാഹനം തടഞ്ഞു കരിങ്കൊടി കാണിച്ചു. കുമളിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വണ്ടിപ്പെരിയാറ്റിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്കു കരിങ്കൊടിയുമായി ചാടിയത്. മന്ത്രിയുടെ വാഹനം നിർത്തി. ഇതോടെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ കാറിനു മുന്നിൽ നിന്നു. മന്ത്രിയെ അനുഗമിച്ചിരുന്ന പൊലീസ് സംഘം എത്തി യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കർ, മണ്ഡലം പ്രസിഡന്റുമാരായ എൻ. അഖിൽ, വിക്കി വിഘ്നേഷ് , അസംബ്ലി സെക്രട്ടറി കെ.പി. വിജയ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരെ നീക്കി. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.സിഎച്ച്ആർ കേസിൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ തെറ്റായ സത്യവാങ്മൂലം തിരുത്തി നൽകുക, ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കുക, കുരിശുപൊളിച്ച ഉദ്യോഗസ്ഥർക്കും പട്ടയഭൂമി വനഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയ റവന്യു ഉദ്യോഗസ്ഥർക്കും എതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി യൂത്ത് കോൺഗ്രസ് സമരം തുടരുമെന്ന് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ പറഞ്ഞു.