ADVERTISEMENT

തൊടുപുഴ∙ ഇടുക്കിയെ മാലിന്യമുക്ത ജില്ലയായി സർക്കാർ പ്രഖ്യാപിച്ചത് ഏപ്രിൽ 8നാണ്. ഒരു മാസം പിന്നിടുമ്പോൾ, പ്രഖ്യാപനം പിൻവലിക്കേണ്ടി വരുമോ എന്നു സംശയിക്കേണ്ട രീതിയിലാണ് ജില്ലയുടെ സ്ഥിതി. മാലിന്യം വലിച്ചെറിയുന്ന രീതി ജില്ലയിൽ ഇപ്പോഴും തുടരുന്നുണ്ട്. ഒട്ടേറെ വിനോദസഞ്ചാരികൾ വന്നുപോകുന്ന ജില്ലയായതിനാൽ ജൈവ, അജൈവ മാലിന്യം ധാരാളമുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അവ കൃത്യസമയത്ത് നീക്കം ചെയ്യുന്നതിലും സംസ്കരിക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെലുത്തുന്ന ശ്രദ്ധ മുഖ്യമാണ്. ഒരു മാസത്തിനിപ്പുറം ജില്ലയുടെ മാലിന്യമുക്ത പദവിയെക്കുറിച്ച് ഒരു യാഥാർഥ്യ പരിശോധന നടത്താം.

മൂന്നാർ മേഖല മാലിന്യമുക്തമല്ല
പ്രഖ്യാപനത്തിനു ശേഷവും വട്ടവട, ദേവികുളം, മൂന്നാർ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ മാലിന്യം തള്ളുന്നതും വലിച്ചെറിയുന്നതും തുടരുന്നു. മൂന്നാർ, ദേവികുളം പഞ്ചായത്തുകളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം സഞ്ചാരികൾ  പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് തുടരുകയാണ്. ടൗൺ മേഖലകളിൽ മാത്രമാണ് പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. മറ്റിടങ്ങളിൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ്.

വട്ടവടയിൽ പഞ്ചായത്ത് ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്ന മാലിന്യങ്ങൾ ജനവാസ മേഖലയിലും സ്കൂൾ പരിസരങ്ങളിലും കൃഷിയിടങ്ങളിലും തള്ളുന്നത് തുടരുന്നു. പ്രധാന സ്ഥലങ്ങളായ വട്ടവട, കോവിലൂർ, കൊട്ടാക്കമ്പൂർ, ചിലന്തിയാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങളാണ് തരം തിരിക്കാതെ വാഹനങ്ങളിലെത്തിച്ച് ജനവാസ മേഖല, കൃഷിയിടങ്ങൾ, പുഴയോരം എന്നിവിടങ്ങളിൽ തള്ളുന്നത്. വട്ടവടയിൽ നിന്നു ശേഖരിക്കുന്നവ ഊർക്കാട് അടുത്തുള്ള ഞാവലാറിലെ കൃഷിയിടത്തിലും കോവിലൂരിൽ നിന്നുള്ളത് ഇടമണൽ പുഴയിലും കൊട്ടാക്കമ്പൂരിൽ നിന്നുള്ള മാലിന്യം ശ്മശാനത്തിനു സമീപമുള്ള തോട്ടിലുമാണ് തള്ളുന്നത്.

മൂലമറ്റത്ത് പഞ്ചായത്ത് ഓഫിസിനു സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ മാലിന്യം തള്ളിയ നിലയിൽ.
മൂലമറ്റത്ത് പഞ്ചായത്ത് ഓഫിസിനു സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ മാലിന്യം തള്ളിയ നിലയിൽ.

പ്രഖ്യാപനം കേമം, നടത്തിപ്പ് ശോകം
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി, കാമാക്ഷി പഞ്ചായത്തുകളിൽ ‘മാലിന്യമുക്തം നവകേരളം’ പ്രഖ്യാപനം കെങ്കേമമായി നടത്തിയെങ്കിലും തുടർ പ്രവർത്തനങ്ങൾ കാര്യക്ഷമമായില്ല. പ്രഖ്യാപനത്തിനപ്പുറത്തേക്ക് കടക്കാൻ പഞ്ചായത്തുകൾ വേണ്ടത്ര ജാഗ്രത കാണിക്കാതിരുന്നതോടെ ടൗണുകളിലും വഴിയോരങ്ങളിലും മാലിന്യങ്ങൾ കണ്ടുതുടങ്ങി. പതിവു ശുചീകരണ പ്രവർത്തനങ്ങൾക്കു പുറമേ മാലിന്യ നിർമാർജനത്തിനായി കൂടുതൽ ഇടപെടൽ നടത്തിയില്ലെങ്കിൽ പ്രഖ്യാപനം പാഴാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

മാലിന്യം ഏറ്റുവാങ്ങി കല്ലാർ പുഴ
നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിൽ കൂടി ഒഴുകുന്ന കല്ലാർ പുഴയിലാണ് ഏറ്റവുമധികം മാലിന്യം തള്ളുന്നത്. കൂടാതെ കുമളി – മൂന്നാർ സംസ്ഥാനപാതയോരത്തും മാലിന്യക്കൂമ്പാരമാണ്. പഞ്ചായത്തുകളുടെ മാലിന്യ ശേഖരണവും സംസ്കരണവും ഇപ്പോഴും പൂർണമായി നടപ്പിലാകുന്നില്ല. പലപ്പോഴും മുൻകൂട്ടി അറിയിച്ച ദിവസം തന്നെ ശേഖരിച്ചു വയ്ക്കുന്ന മാലിന്യങ്ങൾ ദിവസങ്ങളോളം പൊതുവഴിയിൽ കിടന്ന ശേഷമാണ് ഹരിതകർമസേന കൊണ്ടുപോകുന്നത്.

വീടുകളിലെ മാലിന്യ നിർമാർജനം ഒരു പരിധിവരെ നടക്കുന്നുണ്ടെങ്കിലും സഞ്ചാരികളും വ്യാപാരികളും മാലിന്യം തള്ളാനായി തിരഞ്ഞെടുക്കുന്നത് പൊതുവഴിയും ജലസ്രോതസ്സുകളുമാണ്. പുഴയിലും വഴിയിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. മാലിന്യമുക്തമായി പ്രഖ്യാപിച്ചതിനു പിന്നാലെ കൂടുതൽ പരിശോധനകൾ നടത്തി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്.

കുടിനീർ മുട്ടിച്ച് അറവുമാലിന്യം
പഞ്ചായത്തുകൾ കൂട്ടത്തോടെ മാലിന്യമുക്ത പ്രഖ്യാപനം നടത്തിയെങ്കിലും പാതയോരങ്ങളിൽ നിന്നു മാലിന്യങ്ങൾ പൂർണമായും നീങ്ങിയിട്ടില്ല. വണ്ടിപ്പെരിയാറിൽ അറവുമാലിന്യങ്ങൾ ഇപ്പോഴും ചോറ്റുപാറ കൈത്തോട്ടിലൂടെ പെരിയാർ നദിയിൽ എത്തുന്നു. ഹെലിബറിയ ശുദ്ധജല പദ്ധതിയിലേക്കു ഇവിടെ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. പീരുമേട് താലൂക്കിലെ 6 വില്ലേജുകളിൽ ശുദ്ധജല വിതരണം നടത്തുന്നതാണ് ഹെലിബറിയ പദ്ധതി.

‘പ്രഖ്യാപനം ഞങ്ങൾക്കു പ്രശ്നമല്ല’
നഗര - ഗ്രാമ വ്യത്യാസമില്ലാതെ പല മേഖലകളിലും ഇപ്പോഴും പാതയോരങ്ങളിലടക്കം മാലിന്യം തള്ളുന്നതിനു കുറവില്ല. കട്ടപ്പന നഗരസഭാ പരിധിയിൽ ഏപ്രിൽ 10 മുതൽ ഇന്നലെ വരെ 9 കേസുകളിലായി 19,500 രൂപയാണ് പിഴ ഈടാക്കിയത്. പ്ലാസ്റ്റിക് മാലിന്യം കത്തിക്കൽ, പൊതുസ്ഥലത്ത് മാലിന്യം തള്ളൽ, ഓടയിലേക്ക് മാലിന്യം ഒഴുക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് നടപടിയെടുത്തിരിക്കുന്നത്. കൂടാതെ 7 പേർക്ക് നോട്ടിസ് നൽകിയിട്ടുമുണ്ട്. പിഴ അടച്ചില്ലെങ്കിൽ അവർക്കെതിരെ തുടർനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

നിരീക്ഷണ ക്യാമറയുള്ള സ്ഥലങ്ങളും തിരക്കേറിയ മേഖലകളും ഒഴിവാക്കിയാണ് പലയിടങ്ങളിലും മാലിന്യം തള്ളുന്നത്. കാടു നിറഞ്ഞതും ഒറ്റപ്പെട്ടതുമായി മേഖലകളിൽ ചാക്കുകളിലാക്കി തള്ളുന്നതിനാൽ ദുർഗന്ധം അനുഭവപ്പെടുമ്പോൾ മാത്രമാണ് ഇവ കണ്ടെത്തുന്നത്. കേറ്ററിങ് സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളും ചിലയിടങ്ങളിൽ തള്ളുന്നുണ്ട്. രാത്രിയുടെ മറവിലെത്തി ചാക്കുകളിൽ നിറച്ച മാലിന്യം തള്ളുന്ന പ്രവണതയ്ക്കു കുറവില്ല.

ഹരിത ചെക്പോസ്റ്റ് പ്രതീക്ഷ
മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ ഹരിതകർമസേന സജീവമാണെങ്കിലും ഇപ്പോഴും വഴിയരികിലും പുഴകളിലുമെല്ലാം മാലിന്യം തള്ളുന്നത് തുടരുന്നുണ്ട്. പാമ്പാർ പുഴയിൽ മാംസാവശിഷ്ടം തള്ളുന്നത് ജല ഉപയോഗം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോവിൽക്കടവ് പത്തടിപ്പാലത്ത് ഹരിത ചെക്പോസ്റ്റ് സ്ഥാപിച്ച് ഇതുവഴി പോകുന്ന യാത്രക്കാർക്ക് പ്ലാസ്റ്റിക് മാലിന്യവും മറ്റും തിരികെ കൊണ്ടുവരുന്നതിനായി സഞ്ചികൾ നൽകുന്നുണ്ട്. 

അടിമാലി പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യം.
അടിമാലി പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യം.

പ്രീ മൺസൂൺ ഓഫർ: മാലിന്യം കിലോഗ്രാം 9 രൂപ (അങ്ങോട്ട്)
അടിമാലി പഞ്ചായത്തിലെ മാലിന്യ സംസ്കരണം അവതാളത്തിൽ. ഇതിനുള്ള പ്ലാന്റ് തകർന്നതോടെ പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യം സ്വകാര്യ കമ്പനികൾക്ക് വിൽക്കുന്ന നടപടിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. 2 വർഷം മുൻപ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നും മാലിന്യം ഇവിടെ എത്തിച്ച് പ്ലാന്റിലൂടെ സംസ്കരിച്ച് ടാറിങ് മിക്സായി രൂപാന്തരപ്പെടുത്തി വിൽപന നടത്തിയിരുന്നു.

ഇതുവഴി 6 പേർക്ക് തൊഴിലും ലഭിച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ കൂട്ടാക്കാതെ വന്നതോടെ പ്ലാന്റ് തകർച്ചയിലായി.  കിലോഗ്രാമിന് 9 രൂപ അങ്ങോട്ടു നൽകിയാണ് ഇപ്പോൾ സ്വകാര്യ കമ്പനികൾക്ക് മാലിന്യം വിൽക്കുന്നത്. വൻ തുകയാണ് ഇതിനു വേണ്ടി പഞ്ചായത്ത് നൽകേണ്ടി വരുന്നത്. കമ്പനി അധികൃതർ വല്ലപ്പോഴും മാത്രമാണ് മാലിന്യം കൊണ്ടുപോകുന്നത്. ഇതോടെ പഞ്ചായത്ത് പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടി. കാലവർഷം ആരംഭിക്കുന്നതോടെ ഇവ ചീഞ്ഞളിഞ്ഞ് നീർച്ചാലുകളിലേക്ക് പതിക്കുമെന്നത് സാംക്രമികരോഗ സാധ്യതയും വർധിപ്പിക്കുന്നു.

English Summary:

Idukki's garbage-free declaration is challenged by ongoing waste issues. Despite the declaration, improper waste disposal persists in various panchayats, highlighting a gap between policy and implementation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com