ഭൂമി നൽകിയില്ലെങ്കിൽ കുടിൽകെട്ടി സമരം; പ്രതിഷേധിച്ച് ആദിവാസി കുടുംബങ്ങൾ
Mail This Article
രാജകുമാരി∙ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് അവകാശപ്പെട്ട ഭൂമി വിതരണം ചെയ്തില്ലെങ്കിൽ ചിന്നക്കനാലിൽ വനം വകുപ്പ് ബോർഡ് സ്ഥാപിച്ച റവന്യു ഭൂമിയിൽ കുടിൽകെട്ടി സമരം ആരംഭിക്കുമെന്ന് പട്ടിക വർഗ ഏകോപന സമിതി വ്യക്തമാക്കി. 2007 ഓഗസ്റ്റ് 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് റവന്യു ഭൂമിയും മിച്ചഭൂമിയും വിതരണം ചെയ്യാൻ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിന്നക്കനാലിൽ 1490 ഏക്കർ ഭൂമി ഏറ്റെടുത്തത്. ഇതിൽ 566 കുടുംബങ്ങൾക്ക് ചിന്നക്കനാൽ വെലക്ക്, സൂര്യനെല്ലി, 301 കോളനി, പന്തടിക്കളം എന്നിവിടങ്ങളിലായി 668 ഏക്കർ ഭൂമി വിതരണം ചെയ്തു.
ഇനിയും 822 ഏക്കർ ഭൂമി വിതരണം ചെയ്യാനുണ്ട്. ഇതിലുൾപ്പെടുന്ന ഭൂമിയാണ് മുൻപ് എച്ച്എൻഎല്ലിന് പാട്ടത്തിന് നൽകിയത്. പാട്ടക്കാലാവധി അവസാനിച്ചതോടെ ഇൗ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. എന്നാൽ ആദിവാസി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുന്ന ഇൗ ഭൂമി വനം വകുപ്പ് കൈവശപ്പെടുത്തിയെന്നാണ് പട്ടികവർഗ ഏകോപന സമിതി ആരോപിക്കുന്നത്. മുൻപ് ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് പട്ടയം നൽകിയതിൽ 160 കുടുംബങ്ങൾക്ക് ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ലെന്നും പട്ടികവർഗ ഏകോപന സമിതി നേതൃത്വം വ്യക്തമാക്കുന്നു.
നോട്ടിസ് നൽകിയത് പ്രഹസനമെന്ന് ആരോപണം
∙ചിന്നക്കനാൽ സിമന്റ്പാലത്തിനു സമീപം ആനയിറങ്കൽ ജലാശയത്തിലേക്കുള്ള മൺ റോഡ് അടച്ച വനം വകുപ്പ് ഇവിടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ റവന്യു വകുപ്പ് നോട്ടിസ് നൽകിയത് പ്രഹസനമെന്ന് ആരോപണം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കാനാവശ്യപ്പെട്ടാണ് ചിന്നക്കനാൽ വില്ലേജ് ഓഫിസർ ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് നോട്ടിസ് നൽകിയത്. ചിന്നക്കനാൽ വില്ലേജിൽ ഒരു സെന്റ് പോലും വനഭൂമിയില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ വാദം. റവന്യു ഭൂമി കയ്യേറി വനം വകുപ്പ് ബോർഡ് സ്ഥാപിച്ചുവെന്നും റവന്യു അധികൃതർ പറയുന്നു. എന്നാൽ വനം വകുപ്പിന്റെ ഭൂമിയാണിതെന്നും എച്ച്എൻഎല്ലിന്റെ പാട്ടക്കാലാവധി അവസാനിച്ചതോടെ ഇൗ ഭൂമി തിരികെ ഏറ്റെടുത്തുവെന്നുമാണ് വനം വകുപ്പ് അധികൃതരുടെ വാദം.
മുൻപ് ഇവിടെയുണ്ടായിരുന്ന ബോർഡ് കാട്ടാന നശിപ്പിച്ചതിനാലാണ് പുതിയ ബോർഡ് സ്ഥാപിച്ചതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സൂര്യനെല്ലി റിസർവെന്ന പേരിൽ 2021 മാർച്ച് 24ന് കരട് വിജ്ഞാപനം ചെയ്ത ഭൂമിയിലാണ് വനം വകുപ്പ് ബോർഡ് സ്ഥാപിച്ചതെന്നും അതിനാൽ തന്നെ റവന്യു വകുപ്പിന്റെ അവകാശവാദം നിലനിൽക്കില്ലെന്നുമാണു വിവരം.
റിസർവ് വനമായി കരട് വിജ്ഞാപനമിറങ്ങിയപ്പോൾ മൗനം പാലിച്ച റവന്യു വകുപ്പ് ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പാെടിയിടാനാണ് എതിർവാദവുമായി രംഗത്തു വന്നിരിക്കുന്നതെന്ന് കോൺഗ്രസും പ്രതിപക്ഷവും ആരോപിക്കുന്നു. 2020നു ശേഷം ചിന്നക്കനാൽ വില്ലേജിൽ മാത്രം 656.74 ഹെക്ടർ ഭൂമിയാണ് റിസർവ് വനമായി കരട് വിജ്ഞാപനം ചെയ്തത്. അപ്പോഴാെക്കെ റവന്യു വകുപ്പ് ഇതിൽ എതിർപ്പുന്നയിച്ചില്ല. റിസർവ് വനമായി കരട് വിജ്ഞാപനമിറങ്ങിയാൽ ആ ഭൂമി വനം വകുപ്പിന്റെ അധീനതയിലാകും.