ഇറച്ചിൽ പാറയിൽ മലയിടിഞ്ഞുണ്ടായ മണ്ണുനീക്കാൻ പരിശോധന നടത്തി

Mail This Article
മൂന്നാർ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട ദേവികുളം ഇറച്ചിൽ പാറയിൽ കഴിഞ്ഞ വർഷം മലയിടിഞ്ഞുണ്ടായ മണ്ണ് നീക്കി സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജില്ല മൈനിങ് ആൻഡ് ജിയോളജി, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്.
ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ മണ്ണ് നീക്കി സംരക്ഷണഭിത്തി നിർമിക്കുമെന്നും നീക്കം ചെയ്യുന്ന മണ്ണ് തള്ളാൻ വനം വകുപ്പ് സ്ഥലം നൽകിയെന്നും ദേശീയ പാത അതോറിറ്റി അധികൃതർ പറഞ്ഞു. മണ്ണും കല്ലും നീക്കാത്തതിനാൽ ഇറച്ചിൽ പാറയിലെ 23 കുടുംബങ്ങൾ ദുരിതത്തിൽ കഴിയുന്നത് മനോരമ വാർത്തയാക്കിയിരുന്നു. കഴിഞ്ഞ കാലവർഷത്തിലാണ് ദേശീയ പാതയോരത്ത് നൂറു മീറ്ററിലധികം ദൂരത്തെ മലയാണ് ഇടിഞ്ഞത്. ഇതോടെ മുകളിലെ വനമേഖലയിലും മലയിൽ 100 മീറ്ററിലധികം ദൂരത്ത് ഭൂമി വിണ്ടുകീറി അപകടാവസ്ഥയിലായി.