പെട്രോൾ പമ്പിൽ യുവാവിന്റെ അപകടമരണം: അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് പിതാവ്
Mail This Article
തൊടുപുഴ∙ നെടുങ്കണ്ടത്ത് പെട്രോൾ പമ്പിലെ അറ്റകുറ്റപ്പണിക്കിടെ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ഏപ്രിൽ എട്ടിനാണ് നെടുങ്കണ്ടം എച്ച്പി പെട്രോൾ പമ്പിൽ ഇലക്ട്രിക് ജോലികൾ ചെയ്തുകൊണ്ടിരിക്കെ സ്‌കഫോർഡ് മറിഞ്ഞുവീണ് ചേർത്തല കാരിക്കാട്ട് വീട്ടിൽ ജെബിൻ (24) മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരുക്കേറ്റിരുന്നു.
സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുക്കാൻ വിമുഖത കാട്ടിയതായും അന്വേഷണം അട്ടിമറിക്കുന്നതായും ആരോപിച്ച് ജെബിന്റെ പിതാവ് ബെന്നി ജില്ലാ പൊലീസ് മേധാവിക്ക് മുൻപ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണച്ചുമതല എസ്ഐയിൽ നിന്നു മാറ്റി നെടുങ്കണ്ടം സിഐക്ക് നൽകുകയും കേസിന്റെ മേൽനോട്ടച്ചുമതല കട്ടപ്പന ഡിവൈഎസ്പിക്കും നൽകി. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കേസിന് പിന്നിൽ ശക്തമായ രാഷ്ടീയ സമ്മർദം ഉണ്ടെന്നു സംശയിക്കുന്നതായും ജെബിന്റെ പിതാവ് ബെന്നി പറയുന്നു.
കരാറുകാരന്റെ അശ്രദ്ധയും അലംഭാവവും മൂലമാണ് തനിക്ക് മകനെ നഷ്ടപ്പെട്ടതെന്നും ഉയരത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകേണ്ട സുരക്ഷാ ഉപകരണങ്ങൾ കരാറുകാരൻ നൽകിയിരുന്നില്ലെന്നും ബെന്നി ആരോപിക്കുന്നു. അതേസമയം, സുരക്ഷ ഒരുക്കുന്നതിൽ കരാറുകാരന്റെ ഭാഗത്തു വീഴ്ച ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും സിഐയുടെ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണത്തിൽ സ്വാഭാവികമായ കാലതാമസമാണ് നേരിടുന്നതെന്നും പൊലീസ് പറഞ്ഞു.