വിവാദം പുതച്ച് ഒരു ലോഡ് കട്ടിൽ; 124 കട്ടിലിന് 4 ലക്ഷം: നിർമിച്ചത് പാഴ്തടി കൊണ്ട് ബലമില്ലാതെ

Mail This Article
അടിമാലി ∙ മാങ്കുളം പഞ്ചായത്ത് വയോജനങ്ങൾക്ക് വിതരണത്തിനായി എത്തിച്ച കട്ടിലുകൾക്ക് നിലവാരമില്ലാത്തതിനെക്കുറിച്ചുള്ള വിവാദം മുറുകുന്നു. പാഴ്തടി കൊണ്ട് പണിത, ബലമില്ലാത്ത കട്ടിലുകളാണ് എത്തിച്ചതെന്നാണ് ആരോപണം. 124 വയോജനങ്ങൾക്ക് കട്ടിൽ നൽകുന്നതിനായി 4 ലക്ഷം രൂപയുടെ പ്രോജക്ടാണ് പഞ്ചായത്ത് തയാറാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഈരാറ്റുപേട്ടയിലെ സ്വകാര്യ കമ്പനിക്ക് നൽകിയത്. മാർച്ച് അവസാനവാരം കട്ടിൽ എത്തിച്ചു. എന്നാൽ കട്ടിലിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതോടെ ഇവ വിതരണം ചെയ്യേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. തുടർന്ന് കട്ടിലുകൾ തിരികെ കൊണ്ടുപോകാൻ കമ്പനിയോട് ആവശ്യപ്പെട്ടു.
ഭരണസമിതിയുടെ മലക്കംമറിച്ചിൽ
കട്ടിലുകൾ വിതരണം നടത്തേണ്ടതില്ലെന്നു തീരുമാനിച്ച പഞ്ചായത്ത് യോഗം ഇവ തിരികെ കൊണ്ടു പോകാൻ കരാർ ഏറ്റെടുത്തിരുന്ന സ്ഥാപനത്തോട് കഴിഞ്ഞ മാർച്ച് 26ന് ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. എന്നാൽ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി നിലപാട് മാറ്റി. തുടർന്ന് 26ന് കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതിനായി കഴിഞ്ഞ 13ന് അടിയന്തര കമ്മിറ്റി യോഗം ചേർന്നു.
എന്നാൽ സിപിഎം അംഗങ്ങളുടെ ആവശ്യത്തിന് ഭൂരിപക്ഷം ലഭിച്ചില്ല. 13 അംഗ കമ്മിറ്റിയിൽ 8 പേരുടെ പിന്തുണ പുനഃപരിശോധനയ്ക്ക് വേണമെന്നിരിക്കെ യുഡിഎഫിലെ 3 അംഗങ്ങൾ വിയോജന കുറിപ്പെഴുതി. എൽഡിഎഫിൽ 2 സിപിഐ അംഗങ്ങളും കേരള കോൺഗ്രസ് അംഗമായ വൈസ് പ്രസിഡന്റും യോഗത്തിൽനിന്ന് വിട്ടുനിന്നു. ഇതോടെ വിതരണത്തിനായി എത്തിച്ച കട്ടിലുകൾ പഞ്ചായത്ത് ഓഫിസ് പരിസരത്ത് മഴ നനഞ്ഞും മറ്റും നശിക്കുകയാണ്.