ജലഅതോറിറ്റീ, പറഞ്ഞുമടുത്തു...കുഴിയെടുത്ത് പൈപ്പ് നന്നാക്കി; പക്ഷേ, റോഡ് തകർന്നു

Mail This Article
തൊടുപുഴ ∙ ആധുനിക നിലവാരത്തിൽ റോഡ് ടാർ ചെയ്ത് 2 മാസം ആകും മുൻപേ പൈപ്പ് പൊട്ടി റോഡ് തകർന്നു. കാരിക്കോട് തെക്കുംഭാഗം റോഡിൽ കീരികോട് ഭാഗത്താണ് പൈപ്പ് പൊട്ടിയത്. ഇവിടെ പൈപ്പ് പൊട്ടി വെള്ളമൊഴുകാൻ തുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജല അതോറിറ്റി അധികൃതർ എത്തി റോഡിന്റെ ഒരു ഭാഗം കുഴിച്ച് പൈപ്പ് നന്നാക്കി. ഇവിടെ ഇപ്പോൾ മെറ്റലും മണ്ണും കൂട്ടിയിട്ടിരിക്കുകയാണ്. ഇതിന് 200 മീറ്റർ മാറി ടൈൽ പാകിയിരുന്ന ഭാഗത്തും പൈപ്പ് പൊട്ടിയതിനെ തുടർന്ന് ടൈൽ ഇളക്കി റോഡിൽ കുഴിയെടുത്ത് പൈപ്പ് നന്നാക്കി. എന്നാൽ നന്നാക്കിയ ഭാഗങ്ങൾ ശരിയായി ടാർ ചെയ്യാനുള്ള നടപടി മാത്രമുണ്ടായിട്ടില്ല.
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ഇത്തവണ തെക്കുംഭാഗം റോഡ് നല്ല നിലവാരത്തിൽ ടാറിങ് നടത്തിയത്. എന്നാൽ നിലവാരം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ പല ഭാഗത്തും പൈപ്പ് പൊട്ടുന്നത് പതിവാണ്. ഇത്തരം ഭാഗങ്ങളിൽ വാട്ടർ അതോറിറ്റിക്കാർ എത്തി റോഡ് കുഴിച്ച് പൈപ്പ് നന്നാക്കുമെങ്കിലും കുഴിയെടുത്ത ഭാഗം യഥാസമയം ശരിയായി നന്നാക്കാതെ പോകുന്നതോടെ റോഡിന്റെ സ്ഥിതിയും കഷ്ടത്തിലാകും.
ഇത്തരം ഭാഗങ്ങളിൽ വാഹനം കയറി വലിയ ഗർത്തമായി മാറുന്നതാണ് പതിവ്. ഇവിടേക്ക് പിന്നെ അടുത്ത വർഷത്തെ പാച്ച് വർക്കിലാകും റോഡ് നന്നാക്കുക. അപ്പോഴേക്കും റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളും തകരും. ആധുനിക നിലവാരത്തിൽ റോഡുകൾ ടാർ ചെയ്യുമ്പോൾ റോഡിനടിയിൽ കൂടിയുള്ള പൈപ്പുകളും നിലവാരമുള്ളവ ഇടാൻ ജല അതോറിറ്റി നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതുപോലെ റോഡിൽ കുഴി എടുക്കുന്നവർ കൃത്യമായി ഇവിടെ ടാർ ചെയ്യാനും തയാറാകണം. ഇക്കാര്യത്തിൽ ആര് റോഡ് നന്നാക്കും എന്ന തരത്തിൽ പൊതുമരാമത്ത് വകുപ്പും ജലഅതോറിറ്റിയും തമ്മിലുള്ള പോര് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ അഭ്യർഥന.