വാക്ക് തെറ്റിക്കല്ലേ...; നഗരസഭാ പാർക്ക് നവീകരണത്തിന് നടപടി

Mail This Article
തൊടുപുഴ ∙ അടുത്ത അവധിക്കാലത്ത് നഗരസഭാ പാർക്കിൽ കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷത്തിലും റൈഡുകളിലും ഇരുന്ന് കളിക്കാം. പലക ഇളകിപ്പോയ ബെഞ്ചുകൾ, ഒടിഞ്ഞു വീഴാറായ ഊഞ്ഞാൽ, തുരുമ്പെടുത്ത റൈഡുകൾ എന്നിവ മാത്രമല്ല പാർക്ക് മുഴുവൻ നവീകരിക്കാൻ ഒരുങ്ങുകയാണ് തൊടുപുഴ നഗരസഭ. നവീകരണത്തിന്റെ ഭാഗമായി എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായതായും ഇനി കൗൺസിൽ അംഗീകരിക്കുന്നതോടെ ടെൻഡർ നടപടികളിലേക്കു കടക്കുമെന്നും ചെയർമാൻ കെ.ദീപക് പറഞ്ഞു. നഗരസഭാ ഫണ്ട് ഉപയോഗിച്ചായിരിക്കും നവീകരണം. നിലവിൽ പാർക്കിന്റെ അവസ്ഥ വളരെ മോശമാണ്. കളിക്കാനായി വലിയ പ്രതീക്ഷകളുമായി എത്തുന്ന കുട്ടികൾക്ക് കളിയുപകരണങ്ങൾ ഒട്ടും സുരക്ഷ ഇല്ലാത്ത അവസ്ഥയാണ്.
പാർക്കിന്റെ സംരക്ഷണത്തിനും അറ്റകുറ്റപ്പണികൾക്കുമായി പത്തു വയസ്സിനു മുകളിലുള്ളവരിൽനിന്ന് 10 രൂപ പാസ് ഈടാക്കാറുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടക്കുന്നില്ല എന്നതാണു വാസ്തവം. അവധി ദിവസങ്ങൾ ഉൾപ്പെടെ നഗരത്തിൽ എത്തുന്ന ഒട്ടേറെ കുടുംബങ്ങൾ കുട്ടികളുമായി പാർക്കിൽ കയറാറുണ്ട്. സന്ദർശകർക്ക് ഇരിക്കാൻ ഇടമില്ലെന്ന് മാത്രമല്ല ശുചീകരണവും ഒട്ടും കാര്യക്ഷമമല്ല. ശുചിമുറിയും വൃത്തിഹീനം. കുട്ടികളും സന്ദർശകരും അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പാർക്ക് നവീകരിക്കുന്നതോടെ പരിഹാരമാകും.
നവീകരണം ഇങ്ങനെ
∙ പാർക്കിനകത്തുള്ള തറയിലെ പൊട്ടിപ്പൊളിഞ്ഞ ടൈൽ എല്ലാ മാറ്റി പുതിയത് സ്ഥാപിക്കും.
∙ പാർക്കിൽനിന്നു പുഴയിലേക്കുള്ള, പൂട്ടിക്കിടക്കുന്ന 3 ബാൽക്കണികളുടെയും ബലക്ഷയം മാറ്റി തുറന്നുകൊടുക്കും.
∙ ശുചിമുറികൾ പൂർണമായി നവീകരിക്കും.
∙ പൊളിഞ്ഞ ഭിത്തികൾ നവീകരിക്കുകയും ഇല്ലാത്ത ഭാഗങ്ങളിൽ സ്ഥാപിക്കുകയും ചെയ്യും.
∙ ഉപയോഗശൂന്യമായ കളിയുപകരണങ്ങളും ഇരിപ്പിടങ്ങളും നീക്കം ചെയ്യും.
∙ കേടുപാടുകളുള്ള റൈഡുകൾ നവീകരിച്ച്, പുതിയ കളിയുപകരണങ്ങൾ സ്ഥാപിക്കും.
∙ പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിക്കും.