കാക്കത്തോട് വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു; ഉള്ളുപിടഞ്ഞ് കർഷകർ

Mail This Article
ഉപ്പുതറ ∙ കാക്കത്തോട് മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പൊടിപാറ ജെയ്സ് ജോസഫ്, പൊടിപാറ ഷിന്റോ മാത്യു, കൊച്ചുപുരയ്ക്കൽ കെ.എം.വർക്കി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന നാശം വിതച്ചത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാക്കത്തോട്ടിലെയും പരിസര മേഖലകളിലെയും കൃഷിയിടങ്ങളിൽ കാട്ടാനകൾ പതിവായി എത്തുകയാണ്. വൻ കൃഷിനാശമാണ് മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി കാട്ടാന കൃഷിയിടത്തിലിറങ്ങി നാശം വിതയ്ക്കുകയായിരുന്നു. ജെയ്‌സ് ജോസഫിന്റെ കൃഷിയിടത്തിലെ 70 ഏലച്ചെടികളും ഷിന്റോയുടെ കൃഷിയിടത്തിലെ 20 ഏലച്ചെടികളും വാഴയും നശിപ്പിച്ചു. കെ.എം.വർക്കിയുടെ ഭൂമിയിലെ 5 ഏത്തവാഴകൾ, 5 കമുക് തുടങ്ങിയവ നശിപ്പിച്ചു. ഏലത്തിന് ജലസേചന സൗകര്യമൊരുക്കാനായി സ്ഥാപിച്ചിരുന്ന ഹോസുകളും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇവരുടെ കൃഷിയിടങ്ങളിൽ കാട്ടാനകൾ കൃഷികൾ നശിപ്പിച്ചിരുന്നു.
ആർആർടി സംഘത്തെ നിയോഗിച്ചു
ഉപ്പുതറ ∙ കാക്കത്തോട്ടിലെ ജനവാസ മേഖലയിൽ സ്ഥിരമായെത്തി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനായി ആർആർടി സംഘത്തെ സ്ഥലത്ത് നിയോഗിച്ചു. കോട്ടയം ഡിഎഫ്ഒ എൻ.രാജേഷിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശവാസികളുമായി ആശയവിനിമയം നടത്തി. കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടിയെടുക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പു നൽകി. പണി പൂർത്തിയാക്കിയ ഭാഗത്തെ ഹാങ്ങിങ് ഫെൻസിങ് 15 ദിവസത്തിനകം ചാർജ് ചെയ്യാൻ കരാറുകാരന് അദ്ദേഹം നിർദേശം നൽകി. അവശേഷിക്കുന്ന പണികൾ വേഗത്തിൽ പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഒറ്റയാനാണ് കൃഷിയിടത്തിൽ എത്തിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം. ആനയെ ഉൾക്കാട്ടിലേക്ക് തുരത്താനായി അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി.രതീഷിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം വനത്തിനുള്ളിൽ പരിശോധന നടത്തി. മൂന്നരകിലോമീറ്ററിലേറെ ഉള്ളിലേക്ക് കാട്ടാന പോയെന്ന് സ്ഥിരീകരിച്ചതിനാൽ സംഘം തിരികെ മടങ്ങി. എന്നാൽ ആനകൾ വീണ്ടും കൃഷിയിടങ്ങളിലേക്ക് എത്താനുള്ള സാധ്യതയുള്ളതിനാൽ ആർആർടി സംഘത്തിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘം കാക്കത്തോട് മേഖലയിൽ രാത്രി തമ്പടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവർക്കൊപ്പം നാട്ടുകാരും ഉണ്ടാകും. ഫെൻസിങ് പ്രവർത്തനക്ഷമമാക്കുന്നതുവരെ മേഖലയിൽ ജാഗ്രത തുടരാനാണ് തീരുമാനം.