ചികിത്സ കിട്ടിയില്ലെന്ന് പരാതി; വൈദ്യുത പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

Mail This Article
അടിമാലി ∙ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ തനിക്കു മതിയായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ച് പൊലീസ് സ്റ്റേഷൻ പരിസരത്തെത്തി 11 കെവി വൈദ്യുത പോസ്റ്റിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മാമലക്കണ്ടം എളബ്ലാശേരി അരുൺ പ്രകാശ് (30) ആണു ഇന്നലെ വൈകിട്ട് ആറോടെ പോസ്റ്റിൽ കയറിയത്.32 അടിയോളം ഉയരത്തിലാണു യുവാവ് കയറിയത്. കെഎസ്ഇബി അധികൃതർ ഉടൻ വൈദ്യുതി വിഛേദിച്ചു. അഗ്നിരക്ഷാസേനയെത്തി പോസ്റ്റിനു ചുറ്റും വല വിരിച്ചുകെട്ടി.
പിന്നീട് അധികൃതരുടെ നിരന്തര അഭ്യർഥനയ്ക്കൊടുവിൽ യുവാവ് താഴെയിറങ്ങുകയായിരുന്നു.ഒരു വർഷം മുൻപ് ഇയാൾ നേര്യമംഗലം പാലത്തിന്റെ മുകൾഭാഗത്ത് കയറി ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയാണ് ആശുപത്രിയിലെത്തിയതെന്നു യുവാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു.
മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നുണ്ടെന്നും ഇതിനു ചികിത്സയ്ക്കൊപ്പം കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നതിനു നടപടി വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഡോക്ടർ മരുന്നെഴുതി ഫാർമസിയിലേക്കു പറഞ്ഞയച്ചെങ്കിലും മരുന്നു വാങ്ങിയില്ലെന്നും സൂപ്രണ്ട് അറിയിച്ചു.