സൗരോർജ വേലി സ്ഥാപിക്കൽ; വനാതിർത്തി തെളിച്ചു

Mail This Article
കട്ടപ്പന∙ വന്യമൃഗ ശല്യം ഒഴിവാക്കാനായി സൗരോർജ വേലി സ്ഥാപിക്കാൻ നാട്ടുകാരുടെ സഹായത്തോടെ കാഞ്ചിയാർ വനം വകുപ്പ് റേഞ്ചിന്റെ പരിധിയിൽ വനാതിർത്തി തെളിച്ചു. കാഞ്ചിയാർ പുതിയപാലം മുതൽ ഫാക്ടറിപ്പടി വരെയുള്ള ഭാഗത്തെ വനാതിർത്തിയിൽ അടിക്കാട് വെട്ടിമാറ്റിയായിരുന്നു പ്രവർത്തനം. കാട്ടാന ഉൾപ്പെടെയുള്ളവയുടെ ശല്യം അനുഭവപ്പെടുന്ന ഈ മേഖലയിൽ ട്രഞ്ച് നിർമിക്കാൻ അസൗകര്യമുള്ളതിനാൽ പ്രശ്‌നപരിഹാരത്തിനായി വനംവകുപ്പ് അധികൃതർ നാട്ടുകാരുടെ സഹകരണം തേടി.
തുടർന്ന് പഞ്ചായത്തംഗം സന്ധ്യ ജയന്റെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മ വിളിച്ചു ചേർത്ത് വനാതിർത്തിയിൽ സോളർ സൗരോർജ വേലി സ്ഥാപിക്കാൻ തീരുമാനിച്ചു.മുൻപ് ഈ മേഖലയിൽ സൗരോർജ വേലി ഉണ്ടായിരുന്നു. അതിന്റെ വേലി, ബാറ്ററി, പാനൽ തുടങ്ങിയവ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ തീരുമാനിച്ചു. കർഷകർ, വനപാലകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജോലി. പഞ്ചായത്തംഗം സന്ധ്യ ജയൻ, റേഞ്ച് ഓഫിസർ വി.എസ്.രതീഷ്, കർഷക കൂട്ടായ്മ പ്രവർത്തകരായ ഈയോബ് കൊട്ടയ്ക്കാട്ട്, രാജു നിവർത്തിൽ, വർക്കി മാമ്പ്ര, സജി കൊട്ടയ്ക്കാട്ട്, കുഞ്ഞുമോൾ സിബി, ദീപാകുമാരി എന്നിവർ നേതൃത്വം നൽകി.