തിരുപ്പൂർ അപകടത്തിൽ മരിച്ചവരുടെ സംസ്കാരം നടത്തി

Mail This Article
മൂന്നാർ ∙ തമിഴ്‌നാട് തിരുപ്പൂരിനു സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. കണ്ണൻ ദേവൻ കമ്പനി ഗൂഡാർവിള എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ റേഷൻ കടയുടമ നിക്സൺ ചിന്നപ്പൻ (രാജ–47), ഭാര്യ ജാനകി (42), മകൾ കൈന ശ്രീ (15) എന്നിവരാണു ചൊവ്വാഴ്ച രാവിലെ തിരുപ്പൂർ കാങ്കയത്തിനു സമീപം അപകടത്തിൽ മരിച്ചത്. ദമ്പതികളുടെ ഇളയ മകൾ മൗന ഷെറിൻ (11) അപകടത്തിൽ പരുക്കേറ്റു ചികിത്സയിലാണ്.മൂന്നാറിൽനിന്നു 15 കിലോമീറ്റർ ദൂരത്തുള്ള ഗൂഡാർവിള സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിലാണു സംസ്കാരം നടത്തിയത്.
സൈലന്റ്‌വാലിയിൽ റേഷൻ കട നടത്തുന്ന നിക്സൺ, കുട്ടിയാർവാലി എസ്റ്റേറ്റിലെ കേബിൾ ടിവി ഓപ്പറേറ്ററുമായിരുന്നു. ജാനകി ഈറോഡിനു സമീപമുള്ള ആശുപത്രിയിലെ നഴ്സായിരുന്നു. കുട്ടികൾ ഈറോഡിലാണു പഠിച്ചിരുന്നത്. മറയൂരിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം കാങ്കയത്തെ വീട്ടിലേക്കു പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിക്കുകയായിരുന്നു.