പത്തു വർഷത്തിനിടെ ഇത്തവണ മേയ്, ജൂൺ മാസങ്ങളിൽ മൂന്നാറിൽ പെയ്തത് റെക്കോർഡ് മഴ

Mail This Article
മൂന്നാർ∙ പത്തു വർഷത്തിനിടയിൽ ഇത്തവണ മേയ്, ജൂൺ മാസങ്ങളിൽ മൂന്നാറിൽ പെയ്തത് റെക്കോർഡ് മഴ. ഈ വർഷം മേയ് മാസത്തിൽ 117.25 സെന്റിമീറ്ററും ജൂണിൽ 137. 69 സെന്റിമീറ്റർ മഴയുമാണ് ലഭിച്ചത്. കഴിഞ്ഞ 9 വർഷം മേയ് മാസത്തിൽ ശരാശരി 27.17 സെന്റിമീറ്ററും ജൂണിൽ ശരാശരി 58.25 സെന്റിമീറ്റർ മഴയുമാണ് മൂന്നാറിൽ ചെയ്തത്. ഈ വർഷം ജനുവരി ഒന്നു മുതൽ ജൂൺ 30 വരെ 270.89 സെന്റിമീറ്റർ മഴ പെയ്തു.
കഴിഞ്ഞ വർഷം ഇതെ കാലയളവിൽ 121.55 സെന്റിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. 2015 ലാണ് ഇതിനു മുൻപ് ഏറ്റവുമധികം (171.8 സെന്റിമീറ്റർ) മഴ ലഭിച്ചത്.ഈ വർഷം ഏറ്റവുമധികം മഴ പെയ്തത് മേയ് 25നും (18.28 സെന്റിമീറ്റർ) ജൂൺ 10നും (15.64 സെന്റിമീറ്റർ) ആണ്. പശ്ചിമഘട്ടത്തിലെ പടിഞ്ഞാറൻ പകുതി പ്രദേശങ്ങളായ കല്ലാർ, കടലാർ, നയമക്കാട്, ഇരവികുളം, രാജമല എന്നിവിടങ്ങളിലാണ് ഇത്തവണ ഏറ്റവുമധികം മഴ പെയ്തത്.