ADVERTISEMENT

തൊടുപുഴ∙ ചെറിയ ഇടവേളയ്ക്കു ശേഷം വെള്ളിയാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ഒട്ടേറെ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വീടുകൾക്ക് നാശമുണ്ടായി. വൈദ്യുത കമ്പികളിലേക്കും പോസ്റ്റുകളിലേക്കും മരങ്ങൾ വീണതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തകരാറിലായി. വീടുകൾക്ക്  കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളിൽ അധികൃതർ സന്ദർശനം നടത്തി നഷ്ടങ്ങൾ വിലയിരുത്തി.

വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയിൽ വെള്ളിയാഴ്ച്ച ഉച്ചയോടെയുണ്ടായ  കാറ്റിൽ മരം വീണ് തകർന്ന പനച്ചിമൂട്ടിൽ വീട്ടിൽ പി.വി.സലിയുടെ വീട് പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയിൽ വെള്ളിയാഴ്ച്ച ഉച്ചയോടെയുണ്ടായ കാറ്റിൽ മരം വീണ് തകർന്ന പനച്ചിമൂട്ടിൽ വീട്ടിൽ പി.വി.സലിയുടെ വീട് പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

2 വീട് തകർന്നു
വെള്ളിയാമറ്റം പഞ്ചായത്തിലെ ആറാം വാർഡ്  മേത്തൊട്ടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിൽ പനച്ചിമൂട്ടിൽ വീട്ടിൽ പി.വി.സലിയുടെ  വീടിന് മുകളിലേയ്ക്കു മരം വീണ് വീട് പൂർണമായും തകർന്നു. വീടിന് മുന്നിൽ നിന്നിരുന്ന മരുതാണ് വീണത്. ഈ സമയം വീടിനുള്ളിലുണ്ടായിരുന്ന സലിയുടെ ഭാര്യ ഉഷ വീടിനുള്ളിൽ നിന്നും ഇറങ്ങി ഓടിയതിനാൽ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി, വില്ലേജ് ഓഫിസർ സി.കെ.അജിമോൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ അപകട സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ  വിലയിരുത്തി.കൊന്താലപള്ളിയിൽ കൊട്ടാരത്തിൽ വീട്ടിൽ ജോസഫിന്റെ വീടിന് മുകളിലേയ്ക്കും മരം വീണ് നാശനഷ്ടം ഉണ്ടായി. പഞ്ചായത്ത് അംഗം ഇന്ദു ബിജു സ്ഥലം സന്ദർശിച്ചു.

മരം വീഴ്ചയുടെ ഒരു പകൽ  
പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാളിയാറിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.  ഫാക്ടറി ജംക്‌ഷനു സമീപമാണ് പുലർച്ചെ രണ്ടരയോടെ ഏകദേശം 40 ഇഞ്ച് വണ്ണമുള്ള റബർ മരം വീണ് ഗതാഗത പൂർണമായും തടസ്സപ്പെട്ടത്. സമീപവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.ഉച്ചയ്ക്ക് 12.15ന് മുനിസിപ്പാലിറ്റി പ്രദേശത്തെ പറമ്പിപ്പീടികയിൽ മരം വീണ് ഗതാഗത തടസ്സമുണ്ടായി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന തേക്കുമരമാണ് റോഡിലും ഇലക്ട്രിക് ലൈനിലുമായി വീണത്. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ മഞ്ഞള്ളൂർ പഞ്ചായത്തിലെ വടവുകോട് എന്ന സ്ഥലത്ത് രണ്ടു സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിയോടെ ശാസ്താംപാറയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് കുമ്മംകല്ലിൽ മരം വീണു.വെള്ളിയാഴ്ച പുലർച്ചെ 4.15ന് ആലക്കോട് - കരിമണ്ണൂർ റൂട്ടിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഏകദേശം 50 ഇഞ്ച് വണ്ണമുള്ള കരിവീട്ടി മരമാണ് 11കെവി ലൈനിലേക്ക് മറിഞ്ഞുവീണത്. മരത്തോടൊപ്പം പോസ്റ്റുകളും തകർന്ന് റോഡിലേക്ക് വീണു. നാട്ടുകാർ സംഭവം കെഎസ്ഇബി അധികൃതരെ അറിയിക്കുകയും അവർ സഹായത്തിനായി അഗ്നിരക്ഷാ സേനയിലേക്ക് വിവരം കൈമാറുകയും ആയിരുന്നു. 

പാർക്കിൽ വീണത് ‘കുഴപ്പം’ തോന്നാത്ത മരം
തൊടുപുഴ മുനിസിപ്പൽ പാർക്കിന്റെ നടുവിൽ നിന്ന വന്മരം കടപുഴകി വീണു. ഒരു മാസത്തോളമായി പാർക്ക് അടച്ചിട്ടിരുന്നതിനാൽ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം മറിഞ്ഞു വീണത്. പാർക്കിനു നടുവിലെ മീൻകുളത്തിന്റെ ഭാഗങ്ങളും ഏതാനും ഇരിപ്പിടങ്ങളും തകർന്നു. മരത്തിന്റെ ചില്ലകൾ കളത്തിലേക്കും പതിച്ചിട്ടുണ്ട്. ഇതിലുണ്ടായിരുന്ന അലങ്കാര മത്സ്യങ്ങളെ നേരത്തേ തന്നെ മറ്റൊരു കുളത്തിലേക്ക് മാറ്റിയിരുന്നു.  മഴക്കാലത്തിനു മുന്നോടിയായി പാർക്കിലും പരിസരത്തുമുള്ള മരങ്ങളുടെ ചില്ലകൾ വെട്ടിയൊതുക്കുന്നതിനായാണ് പാർക്കിൽ പ്രവേശനം നിരോധിച്ചത്.മരങ്ങളുടെ ചില്ലകൾ വെട്ടുന്ന ജോലികൾ പൂർത്തിയായിരുന്നെങ്കിലും ഇന്നലെ കടപുഴകി വീണ മരത്തിന്റെ ചില്ലകൾ വെട്ടിയൊതുക്കിയിരുന്നില്ല. മരത്തിന് ബലക്ഷയം ഉള്ളതായി തോന്നിയില്ലെന്ന് അധികൃതർ. മറിഞ്ഞുവീണ മരം ഉടൻ മുറിച്ചു നീക്കി തകർന്ന ഭാഗങ്ങൾ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.

വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയിൽ വെള്ളിയാഴ്ച്ച ഉച്ചയോടെയുണ്ടായ കാറ്റിൽ മരം വീണ് തകർന്ന പനച്ചിമൂട്ടിൽ പി.വി.സലിയുടെ വീട്
വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയിൽ വെള്ളിയാഴ്ച്ച ഉച്ചയോടെയുണ്ടായ കാറ്റിൽ മരം വീണ് തകർന്ന പനച്ചിമൂട്ടിൽ പി.വി.സലിയുടെ വീട്

ആത്മാർഥതയോടെ അഗ്നിരക്ഷാ സേന
തൊടുപുഴയിലും പരിസരത്തുമായി ഇന്നലെയുണ്ടായ ഗതാഗത തടസ്സങ്ങൾ നീക്കാൻ കൃത്യസമയത്ത്  തൊടുപുഴയിലെ അഗ്നിരക്ഷാ സേന പാഞ്ഞെത്തി. ഗതാഗത തടസ്സം നേരിട്ട സ്ഥലങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.മരം വീണുണ്ടായ അപകടങ്ങൾക്കു പുറമേ മുട്ടത്ത് കാറിനു തീപിടിച്ചതുൾപ്പെടെ വിവിധ സംഭവങ്ങളിൽ അഗ്നിരക്ഷാസേനയുടെ സജീവ സാന്നിധ്യം നിർണായകമായി.

English Summary:

Strong winds and rain disrupted life in Thodupuzha by knocking down trees that obstructed traffic and damaged power lines. Authorities are assessing the damage to houses impacted by the storm.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com