ADVERTISEMENT

കണ്ണൂർ∙ നീലേശ്വരം മുതൽ തളിപ്പറമ്പ് വരെ ദേശീയപാത ആറ് വരിയായി വികസിപ്പിക്കാൻ ദേശീയപാത അതോറിറ്റി ടെൻഡർ ക്ഷണിച്ചു. നിലവിലെ ദേശീയപാത 17ലെ 44.11 കിലോമീറ്റർ ദൂരം ആറു വരിയായി വികസിപ്പിക്കുന്നതിന് 1568.59 കോടി രൂപയാണു ചെലവ് കണക്കാക്കിയിരിക്കുന്നത്. ഭാരത്‌മാല പരിയോജനയുടെ ഭാഗമായി തലപ്പാടി മുതൽ കഴക്കൂട്ടം വരെ 526 കിലോമീറ്റർ ദൂരമാണ് ആറ് വരിയാക്കുന്നത്. വികസനം പൂർത്തിയാവുന്നതോടെ നിലവിൽ ദേശീയപാത 17 ആയി അറിയപ്പെടുന്ന റോഡ് ദേശീയപാത 66 ആയി മാറും. 

ഇ–ടെൻഡറുകൾ ഫെബ്രുവരി 17 വരെ സമർപ്പിക്കാം. ടെൻഡർ 18നു തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് ചർച്ച നടത്തിയതിനെത്തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി ഒക്ടോബർ ആദ്യവാരമാണു ധാരണാപത്രം ഒപ്പുവച്ചത്. സംസ്ഥാന മരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവുവും കേന്ദ്ര ജോയിന്റ് സെക്രട്ടറി അമിത് ഘോഷുമാണു ധാരണാപത്രം ഒപ്പുവച്ചത്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവു കേരളം ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നു. ദേശീയപാത വികസനത്തിന് ആകെ ചെലവു പ്രതീക്ഷിക്കുന്നത് 21,000 കോടി രൂപയാണ്. 5000 കോടി രൂപയോളം സംസ്ഥാനം വഹിക്കും. 

തലപ്പാടി മുതൽ ചെങ്ങള വരെ 39 കിലോമീറ്റർ, ചെങ്ങള മുതൽ നീലേശ്വരം വരെ 37 കിലോമീറ്റർ, പേരോൽ– തളിപ്പറമ്പ് സ്‌ട്രെച്ചിൽ 40 കിലോമീറ്റർ, തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെ 36 കിലോമീറ്റർ, അഴിയൂർ മുതൽ വെങ്ങളം വരെ 39 കിലോമീറ്റർ, രാമനാട്ടുകര മുതൽ കുറ്റിപ്പുറം വരെ 53 കിലോമീറ്റർ, കുറ്റിപ്പുറം മുതൽ കപ്പിരികാട് വരെ 24 കിലോമീറ്റർ, കപ്പിരിക്കാട് മുതൽ ഇടപ്പള്ളി വരെ 89 കിലോമീറ്റർ, തുറവൂർ മുതൽ പറവൂർ വരെ 38 കിലോമീറ്റർ, പറവൂർ മുതൽ കൊറ്റൻകുളങ്ങര വരെ 38 കിലോമീറ്റർ, കൊറ്റൻകുളങ്ങര മുതൽ കൊല്ലം ബൈപാസിന്റെ തുടക്കം വരെ 32 കിലോമീറ്റർ, കൊല്ലം ബൈ‌പാസ് മുതൽ കടമ്പാട്ടുകോണം വരെ 32 കിലോമീറ്റർ, കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെ 29 കിലോമീറ്റർ എന്നിങ്ങനെ 13 സ്‌ട്രെച്ചുകളിലായി ആറു വരിപ്പാത നിർമിക്കാനാണു ധാരണാപത്രം ഒപ്പു വച്ചത്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ആറു വരി പാതയ്ക്കായി തയാറാക്കിയ രൂപരേഖ അനുസരിച്ചാണു നീലേശ്വരം പള്ളിക്കരയിൽ റെയിൽവേ മേൽപാലം നിർമിച്ചിരിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com