ADVERTISEMENT

പയ്യന്നൂർ∙ മത്സരത്തിനിടെ നാടോടിനൃത്ത വേദിയിൽ കുഴഞ്ഞുവീണ് കഴിഞ്ഞ വർഷത്തെ സർവകലാശാല പ്രതിഭ. മൽസരം അവസാനിക്കുന്നതിനു തൊട്ടുമുൻപ്, കലോൽസവനഗരിയിലെ ചികിൽസാമുറിയിൽനിന്നു തിരിച്ചെത്തി നൃത്തം പൂർത്തിയാക്കി നേടിയതു രണ്ടാംസ്ഥാനം. 

കണ്ണൂർ എസ്എൻ കോളജിലെ രണ്ടാം വർഷ ബിഎ വിദ്യാർഥി അതുൽ കൃഷ്ണവാരിയരാണു കലോൽസവ വേദിയിൽ അതിജീവനത്തിന്റെ പുതിയ പാഠമായത്. രണ്ടുദിവസമായി കടുത്ത പനിയും ഛർദിയും അലട്ടുന്ന അതുൽ ഡ്രിപ്പിട്ടു വീട്ടിൽ കിടപ്പായിരുന്നു. ഈ ശാരീരികാവസ്ഥയിൽ മൽസരത്തിനു പോകേണ്ടെന്നു ബന്ധുക്കൾ വിലക്കി.

എന്നാൽ 3 വയസു മുതൽ നൃത്തം പഠിക്കുന്ന അതുലിന്, കലോൽസവം നടക്കുമ്പോൾ വീട്ടിൽ രോഗക്കിടക്കയിൽ വിശ്രമിക്കാൻ കഴിയുമായിരുന്നില്ല. അസുഖം കാരണം പ്രഭാതഭക്ഷണം കഴിക്കാതെയാണു പയ്യന്നൂർ കോളജിലെത്തിയത്. രാവിലെ പത്തിന് ആരംഭിച്ച മൽസരത്തിൽ ആറാം നമ്പറുകാരനായിരുന്നു അതുൽ. നൃത്തം തുടങ്ങി ഒരു മിനിറ്റിനുള്ളിൽ ബോധരഹിതനായി വേദിയിൽ വീണു. ആംബുലൻസിൽ അപ്പോൾ തന്നെ തൊട്ടടുത്തുള്ള മെഡിക്കൽ റൂമിൽ എത്തിച്ചു.  ഇവിടെ പ്രാഥമിക ചികിൽസയ്ക്കു ശേഷം, ബന്ധുക്കളുടെ വിലക്ക് വക വയ്ക്കാതെ അതുൽ വീണ്ടും നാടോടി നൃത്തവേദിയിലെത്തി. 

സദസ്സിൽ പ്രാർഥനയോടെ ബന്ധുക്കൾ. തെയ്യക്കഥയുമായി ബന്ധപ്പെട്ട മർദക്കോലം പ്രമേയമാക്കിയായിരുന്നു നൃത്തം. ഫലം വന്നപ്പോൾ അതുൽകൃഷ്ണയ്ക്കു രണ്ടാംസ്ഥാനം. ആറാംക്ലാസിനു ശേഷം നാടോടിനൃത്തവേദിയിൽ കയറുന്നത് ആദ്യമായതിനാൽ രണ്ടാംസ്ഥാനത്തിനു തിളക്കമേറെ. നൃത്തം പൂർത്തിയാക്കി നേരെ പോയത് ഡ്രിപ്പ് ഇടാൻ ചികിൽസാ മുറിയിലേക്ക്. ഫലപ്രഖ്യാപനം കേട്ടത് ഇവിടെ കിടന്നാണ്. 

ഭരതനാട്യം, കുച്ചിപ്പുടി, കഥകളി എന്നിവയിലും അതുലിനു മൽസരമുണ്ട്. കഴിഞ്ഞതവണ കഥകളി, കേരള നടനം എന്നിവയിൽ ഒന്നാംസ്ഥാനവും മദ്ദളത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് അതുൽ സർവകലാശാലാ പ്രതിഭയായത്.  കൃഷ്ണകുമാറിന്റെയും ചൊവ്വയിൽ കലാഞ്ജലി നൃത്തവിദ്യാലയം നടത്തുന്ന അനിതയുടെയും മകനാണ്. അമ്മയുടെ വിദ്യാലയത്തിൽ നൃത്താധ്യാപകനുമാണ് അതുൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com