ADVERTISEMENT

കണ്ണൂർ∙ സമൂഹമാധ്യമങ്ങളിലെ ഭീഷണിയെ തുടർന്നു വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിക്കെതിരെ കൂടുതൽ പരാതികൾ. ചൊവ്വ കിഴുത്തള്ളി പി.എസ്.ജിതിനെതിരെയാണു ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുമായി സ്ത്രീകൾ രംഗത്തെത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞു വീട്ടമ്മയിൽ നിന്ന് 50000 രൂപ തട്ടിയെടുത്തെന്നും പരാതിയുണ്ട്.

രാത്രി സ്ഥിരമായി അശ്ലീല സംഭാഷണം നടത്തി ഉപദ്രവിക്കുന്നതായും പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ ടൗൺ, കുറുവ, തളിപ്പറമ്പ് മട്ടന്നൂർ മേഖലകളിൽ നിന്നാണ് ഇയാൾക്കെതിരെ പരാതി. ചൊവ്വയിലെ സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയുടെ കാവൽക്കാരനായിരുന്നു ഇയാൾ.

രാത്രി ഡ്യൂട്ടിക്കെത്തിയ ശേഷം വ്യാജ ഫെയ്സ്ബുക് ഐഡികളുണ്ടാക്കി വീട്ടമ്മമാരെ തിരഞ്ഞുപിടിച്ചു കെണിയിൽ പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. പെൺകുട്ടികളുടെ ഐഡിയുണ്ടാക്കി സൗഹൃദം ശക്തമാക്കുകയും ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ പിന്നീട് ശരത് എന്ന ഫെയ്സ്ബുക് ഐഡിയിലൂടെ വെളിപ്പെടുത്തി ഭീഷണിപ്പെടുത്തുകയുമാണ് ഇയാൾ ചെയ്തിരുന്നത്. 

ഭീഷണിയെ തുടർന്നു കണ്ണൂർ നഗരത്തിലെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിലാണു ജിതിനെ അറസ്റ്റ് ചെയ്തത്. വീട്ടമ്മ ആത്മഹത്യ ചെയ്തതിനെ തുടർന്നു പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ഫെയ്സ്ബുക് ലോഗിൻ ചെയ്തിരുന്ന മൊബൈൽഫോൺ ചെന്നൈയിൽ കൊണ്ടു പോയി വിൽപന നടത്തി. കണ്ണൂർ ടൗൺ പൊലീസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com