ADVERTISEMENT

കണ്ണൂർ∙ ജില്ലാ അഗ്രി ഹോട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ഫ്ലവർ ഷോയ്ക്കൊടുവിൽ 59,000 രൂപയുടെ ചെടികൾ മോഷണം പോയി. ആറു സ്റ്റാളുകളിൽ നിന്നായി നഷ്ടപ്പെട്ടത് വിലയേറിയ ഇൻഡോർ ചെടികൾ. നഴ്സറിയുടമകൾ പ്രധാന സംഘാടകനായ കലക്ടർക്കു പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. ഇതേത്തുടർന്നു പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു.

ഫ്ലവർഷോയുടെ അവസാന ദിവസമായ ഫെബ്രുവരി 3നു രാത്രിയാണു മോഷണം നടന്നത്. അന്നു രാത്രി ഒന്നര മുതൽ രണ്ടര വരെ ഇവിടെ സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമായിരുന്നുവെന്നു കണ്ടെത്തി. മൂന്നു സെക്യൂരിറ്റി ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നെങ്കിലും മോഷണം അവരുടെ ശ്രദ്ധയിൽപെട്ടില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നു.

അവസാന ദിവസം രാത്രി പത്തോടെ എല്ലാ സ്റ്റാളുകളും ഒഴിയണമെന്ന് അനൗൺസ് ചെയ്തിരുന്നു. എന്നാൽ പിറ്റേന്നു രാവിലെയേ ചെടികൾ മാറ്റാൻ കഴിയൂ എന്നതിനാൽ, ഏതാനും പേർ രാത്രിയിൽ ചെടികൾ സ്റ്റാളിൽ തന്നെ സൂക്ഷിക്കാൻ അനുമതി വാങ്ങി. വിലയേറിയ ചെടികൾ മറ്റു ചെടികൾകൊണ്ടു മറച്ച്, സ്റ്റാളിനു കർട്ടൻ കെട്ടിയശേഷമാണു വീടുകളിലേക്കു പോയത്. 

രാവിലെ തിരിച്ചെത്തിയപ്പോഴാണ് ചെടികൾ മോഷണം പോയതായി മനസിലായത്. മെഡീന, കലാഡിയ, പൈത്താൻ, ഓർക്കിഡ് തുടങ്ങിയ വിലയേറിയ ചെടികൾ മാത്രമാണു നഷ്ടപ്പെട്ടത്. ഓരോരുത്തർക്കും 5000 രൂപ മുതൽ 15000 രൂപ വരെ നഷ്ടം സംഭവിച്ചു.ഫ്ലവർഷോയുടെ അവസാനദിനം രാത്രി പത്തോടെ ചില സ്റ്റാളുകളിൽ എട്ടംഗസംഘമെത്തി ചെടികൾക്കു വിലപേശുകയും സ്റ്റാൾ ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ചെയ്തതായി നഴ്സറിയുടമകൾ പറയുന്നു. ഇവർ പിന്നീടെത്തി മോഷണം നടത്തിയതാണോ എന്നും സംശയമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com