ADVERTISEMENT

ഒരു തൈ നാടാം വളർത്താമെന്ന സ്വപ്ന പദ്ധതിക്കായി രണ്ടരലക്ഷം രൂപ സ്വന്തംകയ്യിൽ നിന്നെടുത്തു മാറ്റിവച്ചാണ് പ്രകൃതിക്കായുള്ള ഈ നടപ്പ്. കേരള ഗ്രാമീൺ ബാങ്കിൽ റീജനൽ മാനേജരായിരുന്ന ബാലകൃഷ്ണന് ഇതിന്റെ ആവശ്യമുണ്ടോ എന്നു ചോദിച്ചവരുണ്ട്. ‘ഇതൊരു ചെലവല്ല, നിക്ഷേപമാണ്. വെള്ളവും വായുവും ഭക്ഷണവും ഉൾപ്പെടെ വേണ്ടതെല്ലാം തന്ന് പ്രകൃതി എന്നെ 62 വർഷം വളത്തിയില്ലേ, ഇനി കഴിയാവുന്നാക്കുന്നത്ര പ്രകൃതിക്കു തിരിച്ചു കൊടുക്കണം.’– വ്യക്തമാണു മറുപടി. പുറച്ചേരിയിലെ ബാലകൃഷ്ണന്റെ പുരയിടം സസ്യലതാദികളുടെയും പക്ഷിമൃഗാദികളുടെയും ഇടംകൂടിയാണ്. പ്രകൃതിയോടൊപ്പമുള്ള നടപ്പിനു പൂർണ പിന്തുണയുമായി ഭാര്യ സതീദേവിയും ഒപ്പമുണ്ട്.. ഇന്ത്യൻ ഫോറിൻ സർവീസിലെ സതീഷ് ബി.കൃഷ്ണൻ, ശ്രുതി ബി.കൃഷ്ണൻ എന്നിവരാണു മക്കൾ.

  ബാലകൃഷ്ണന്‍
ബാലകൃഷ്ണന്‍

അപ്രതീക്ഷിതമായി ചൂടുകൂടുകയാണ്. ഫെബ്രുവരിയിലേ വെള്ളംവറ്റുന്നു. കാലംതെറ്റി മഴവരുന്നു, പ്രളയങ്ങൾ ആവർത്തിക്കുന്നു.. എല്ലാത്തിനും പരിഹാരം മരങ്ങളാണെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു പദ്ധതിക്കു രൂപം നൽകാൻ പ്രേരണ. സ്കൂൾ കുട്ടികൾ വഴി പദ്ധതി നടപ്പാക്കുമ്പോൾ അവർക്കു പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടും. മാടായി ഉപജില്ലയിലെ സ്കൂളുകളിൽ പദ്ധതി നടപ്പാക്കാൻ പറ്റുമോ എന്നു ചോദിച്ചപ്പോൾ എഇഒയ്ക്കു സമ്മതം. അങ്ങനെ സയൻസ് ക്ലബിന്റെ ചുമതലയുള്ള അധ്യാപകരുടെ യോഗത്തിലേക്കു ക്ഷണിച്ചു. കുട്ടികളെക്കൊണ്ട് അയ്യായിരം തൈകളെങ്കിലും നടാൻ ഉദ്ദേശിക്കുന്നുവെന്നും സ്കൂളുകളിൽ വന്ന് കുട്ടികളോടു സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചപ്പോൾ അധ്യാപകർക്കും സമ്മതം.

തൈ നടൂ എന്ന് വെറുതെ പറയുകയല്ല, ചെയ്തത്. പ്രോത്സാഹനമായി സമ്മാനം നൽകുമെന്നും അറിയിച്ചു. മാവ്, പ്ലാവ് എന്നിവയുടെ തൈകളാണു നടേണ്ടത്. എളുപ്പം നശിക്കില്ലെന്നതും തണലും ഫലവും ലഭിക്കുമെന്നതുമാണ് ഇവ തിരഞ്ഞെടുക്കാൻ കാരണം. ചുരുങ്ങിയതു രണ്ടു തൈകളെങ്കിലും നടണം. തൈ നട്ടു കഴിഞ്ഞാൽ കുട്ടിക്ക് 50 രൂപ നൽകും. തെളിവിനായി ഫോട്ടോയെടുത്ത് അയയ്ക്കണം. ആദ്യം കായ്ഫലമുണ്ടാവുന്ന മരങ്ങളുടെ ഉടമയ്ക്ക് 5000 രൂപ ബംപർസമ്മാനം നൽകുമെന്നും വാഗ്ദാനമുണ്ട്. ഇതിലൂടെ തൈകളുടെ പരിപാലനവും ഉറപ്പാക്കുന്നു.

മാടായി ഉപജില്ലാ സയൻസ് ക്ലബ് അസോസിയേഷന്റെ സഹകരണത്തോടെ തുടങ്ങിയ പദ്ധതി കഴിഞ്ഞ ജൂലൈയിൽ പുറച്ചേരി ഗവ. യുപി സ്കൂളിൽ ടി.വി.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതിനകം 55 സ്കൂളുകളിൽ ക്ലാസുകളെടുത്തു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പദ്ധതിയുടെ ഭാഗമായി തൈകൾ നട്ടു. ഒരു കുട്ടി ചുരുങ്ങിയതു രണ്ടു തൈ വീതം നട്ടതായി കണക്കാക്കിയാൽ മൂവായിരത്തോളം മരത്തൈകൾ മാടായി ഉപജില്ലയുടെ വിവിധ ഭാഗങ്ങളിൽ വളർന്നു തുടങ്ങിയെന്ന് ഉറപ്പ്. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ തൈകൾ നടുന്ന കുട്ടികളുടെ ചിത്രങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഓരോ കുരുന്നു പുഞ്ചിരിയും കാണുമ്പോൾ ബാലകൃഷ്ണന്റെ മനസ്സു നിറയും. പ്രകൃതിക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർത്തു സന്തോഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com