ADVERTISEMENT

ഫോർട്ട് റോഡിനോടു ചേർന്നുള്ള തെരുവത്ത് ഹാഷിം സ്ട്രീറ്റ്.  ദേശസുരക്ഷയും ദേശാഭിമാനവും ഉയർത്തിപ്പിടിച്ച യുവത്വത്തിന്റെ വീരസ്മരണയാണ് ഈ റോഡ്. ഹാഷിം സ്ട്രീറ്റ് എന്ന പേരിനു കാരണക്കാരനായ ഹാഷിമിന്റെ കഥയിങ്ങനെ:1965 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ പാക്കിസ്ഥാൻ സൈനികരുമായുള്ള ഏറ്റുമുട്ടലി‍ൽ 23 ാം വയസിൽ കാണാതായ സൈനികൻ ലഫ്റ്റനന്റ് പി.മുഹമ്മദ് ഹാഷിം. അദ്ദേഹത്തോടുള്ള ആദരവാണ് കാസർകോട് തെരുവത്ത് കുന്നിൽ റോഡിന് ഹാഷിം സ്ട്രീറ്റ് എന്ന  നാമധേയം.  കാസർകോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന  പരേതനായ പുതിയ പുരയി‍ൽ അഹമ്മദിന്റെ ആറു മക്കളിൽ ഇളയ മകൻ.  കാസർകോട് ഗവ.കോളജിൽ ബിഎസ്‌സി ഗണിത വിദ്യാ‍ർഥി. 

 1965 ൽ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ കാണാതായ ലഫ്റ്റനന്റ് പി.മുഹമ്മദ് ഹാഷിം
1965 ൽ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ കാണാതായ ലഫ്റ്റനന്റ് പി.മുഹമ്മദ് ഹാഷിം

ഇതിനിടയി‍ൽ ആണ് 1962ൽ ബെംഗളൂരുവിൽ കരസേനയിൽ കമ്മിഷൻഡ് ഓഫിസർ റിക്രൂട്ട്മെന്റിൽ പങ്കെടുത്ത് നിയമനം നേടിയത്. ഡെറാഡൂണിൽ പരിശീലനത്തിനു ശേഷം അംബാലയിൽ  92 മൗണ്ടൻ റജിമെന്റിൽ  സെക്കൻഡ് ലഫ്റ്റനന്റായി.  1 വർഷം കഴിഞ്ഞ് ഫസ്റ്റ് ലഫ്റ്റനന്റ് ആയി. ന്യൂഡൽഹിയിൽ ലെയ്സൺ ഓഫിസർ ആയി നിയോഗിച്ചെങ്കിലും അത് നിരസിച്ചു യുദ്ധത്തിൽ മുൻ നിരയിൽ തന്നെ പങ്കെടുക്കുന്നതിന് അനുമതി നേടി. 1965 സെപ്റ്റംബർ 8നും 10നും ഇടയിൽ പഞ്ചാബ് അതിർത്തിയിൽ ഖേം കരണിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഹാഷിമിനെ കാണാതായത്.  ആയിരക്കണക്കിനു സൈനികർ അന്ന്   കൊല്ലപ്പെടുകയോ യുദ്ധതടവുകാരാക്കപ്പെടുകയോ ചെയ്യപ്പെട്ടു. 

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നടന്ന ഏറ്റവും വലിയ ടാങ്ക് യുദ്ധമായിരുന്നു അത്.  മുഹമ്മദ് ഹാഷിമിനെ കാണാതായി എന്നായിരുന്നു  സേനാ കേന്ദ്രത്തിൽ നിന്നു 1965 സെപ്റ്റംബർ 17നു ന്യൂഡൽഹിയിലുള്ള സഹോദരൻ എൻജിനീയർ പി.മുഹമ്മദിനു ലഭിച്ച  ടെലിഗ്രാം സന്ദേശം.  ദിവസങ്ങൾക്കു ശേഷം കണ്ണൂർ  സൈനിക ക്ഷേമ ഓഫിസർ തളങ്കര തെരുവത്ത് കുന്നിലിലെ  വീട്ടിൽ വന്നു മരണം സ്ഥിരീകരിച്ചതായി അറിയിച്ചു. 

എന്നാൽ  മൃതദേഹം കണ്ടെത്തിയിരുന്നില്ല. ന്യൂഡൽഹിയിൽ കരസേന ആസ്ഥാനത്തു ചെന്ന് പിതാവ് അഹമ്മദ് മകന്റെ വിയോഗത്തെക്കുറിച്ച് അന്വേഷിച്ചു. പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലിൽ മുന്നിലേക്കു പോകുന്നത് വിലക്കിയതാണ്.  അത് അവഗണിച്ചു മുൻ നിരയിലേക്കു തന്നെ കുതിച്ചതാണ് വീരമൃത്യുവിനു ഇടയായത് എന്നായിരുന്നു  ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. പാക്കിസ്ഥാൻ പട്ടാളക്കാരന്റെ വെടിയുണ്ടയേറ്റ് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നാൽ അത് അഭിമാനമാണ് എന്നതായിരുന്നു  സഹപാഠികളും ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിൽ  മുഹമ്മദ് ഹാഷിം അഭിപ്രായപ്പെട്ടിരുന്നത് . 

രാജ്യം കണ്ട വലിയ ടാങ്ക് യുദ്ധം

1965 ഏപ്രിൽ മുതൽ സെപ്റ്റംബർ 23 വരെയായിരുന്നു ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം.  ഓപ്പറേഷൻ ജിബ്രാ‍ൾട്ടൻ എന്നു പാക്കിസ്ഥാൻ പേരിട്ട, തങ്ങളുടെ സേനകളെ ജമ്മു കശ്മീരിലേക്കു നുഴഞ്ഞു കയറ്റാനുള്ള പദ്ധതിയെത്തുടർന്നാണ് ഇന്ത്യ– പാക്ക് സംഘർഷമുണ്ടായത്.   ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ അമേരിക്കയും റഷ്യയും അടക്കമുള്ള ശക്തികളുടെ മധ്യസ്ഥതയിൽ ഒപ്പു വച്ച താഷ്ക്കെന്റ് ഉടമ്പടിയോടെയാണ്  വെടി നിർത്തൽ ഉണ്ടായത്. 

 സെപ്റ്റംബർ 6 നാണ് ഇന്ത്യൻ സേന പടിഞ്ഞാറ് രാജ്യാന്തര അതിർത്തി കടന്നു യുദ്ധത്തിനു തുടക്കം കുറിച്ചത്. ലാഹോർ നഗരത്തിലേക്ക് ഇന്ത്യൻ സേന  3 അക്രമണം നടത്തി. സിയാൽകോട്ടിനെ അക്രമിച്ചു ചവിന്ദ യുദ്ധത്തിലേക്കു നയിച്ചു.  പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ നഗരമായ പഞ്ചാബിലെ ഖേം കരണിലേക്കു നീങ്ങുകയായിരുന്നു.  സെപ്റ്റംബർ 8നും 10 നും ഇടയിൽ ഇവിടെ നടന്ന യുദ്ധം  2 ാം ലോക മഹായുദ്ധത്തിനു ശേഷം നടന്ന ഏറ്റവും വലിയ ടാങ്ക് യുദ്ധമായിരുന്നു. പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും പാക്ക് പ്രസിഡന്റ് അയൂബ്ഖാനും ഒപ്പു വച്ചതാണ് താഷ്ക്കൻറ് കരാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com