ADVERTISEMENT

കണ്ണൂർ∙ ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ എൻജിൻ ഒന്നര കിലോമീറ്ററോളം തനിയെ ഓടി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു തലശ്ശേരി ഭാഗത്തേക്കു നീങ്ങിയ എൻജിൻ ആനയിടുക്ക് റെയിൽവേ ഗേറ്റിന് 300 മീറ്റർ മുൻപുള്ള സിഗ്നലിനു സമീപമെത്തിയാണു നിന്നത്. തക്കസമയത്ത് അപായ സൂചന ലഭിച്ചതിനാൽ ഗേറ്റ് കീപ്പർ ഗേറ്റ് അടച്ചത് അപകടമൊഴിവാക്കി. ഈ സമയത്ത് മറ്റു ട്രെയിനുകൾ ഈ ട്രാക്കിൽ വരാത്തതും തുണയായി.

Kannur News

സംഭവത്തിൽ ലോക്കോ പൈലറ്റിനെയും അസി.ലോക്കോ പൈലറ്റിനെയും അന്വേഷണ വിധേയമായി ഡിവിഷനൽ റെയിൽവേ മാനേജർ സസ്പെൻഡ് ചെയ്തു.മംഗളൂരു വഴിയുള്ള ബെംഗളൂരു സിറ്റി–കണ്ണൂർ എക്സ്പ്രസ് (16511) ട്രെയിനിന്റെ എൻജിനാണ് ഇന്നലെ രാവിലെ 11.15നു തനിയെ ഓടിയത്.  രാവിലെ 10.02നാണു ട്രെയിൻ മൂന്നാമത്തെ ട്രാക്കിൽ എത്തിയത്. തിരികെ പോകാനുള്ളതിനാൽ എൻജിൻ യാഡിലെത്തിച്ച ശേഷം മുന്നിൽ ഘടിപ്പിക്കുന്നതാണു രീതി. എന്നാൽ എൻജിൻ വേർപെടുത്തി ഇതേ ട്രാക്കിൽ നിർത്തിയിട്ടതല്ലാതെ മാറ്റിയില്ല. 

ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടെ ആരും എൻജിനു സമീപത്തുണ്ടായിരുന്നില്ല. കൃത്യം 11.15നാണ് എൻജിൻ നീങ്ങിത്തുടങ്ങിയത്. 1.8 കിലോമീറ്റർ അകലെയുള്ള ആനയിടുക്ക് റെയിൽവേ ഗേറ്റാണ് ആദ്യത്തേത് എന്നതിനാൽ ഇവിടെ വിവരം കൊടുത്തു.  2 മിനിറ്റ് മുൻപു തലശ്ശേരി ഭാഗത്തേക്ക് ഇതേ ഗേറ്റ് വഴി കോയമ്പത്തൂർ പാസഞ്ചർ കടന്നുപോയിരുന്നു. ഈ ട്രെയിനിനു കടന്നുപോകാനായി റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.

ഇതേ ട്രാക്കിലാണു പിന്നാലെ 11.19നു ലോക്കോ പൈലറ്റ് ഇല്ലാത്ത എൻജിനും എത്തിയത്. ഇരുഭാഗത്തും വാഹനങ്ങൾ കാത്തുനിൽപുണ്ടായിരുന്നെങ്കിലും എൻജിൻ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനാൽ ഗേറ്റ് കീപ്പർ ഗേറ്റ് ഉയർത്തിയില്ല. എന്നാൽ ഗേറ്റിലെത്തുന്നതിനു 300 മീറ്റർ മുൻപ് എൻജിൻ തനിയെ നിൽക്കുകയായിരുന്നു.

പിന്നീട് സ്റ്റേഷനിൽനിന്ന് ലോക്കോ പൈലറ്റും മറ്റു ജീവനക്കാരുമെത്തി എൻജിൻ തിരികെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ബ്രേക്ക് ഇടുന്നതിലുണ്ടായ അപാകതയാണ് എൻജിൻ നീങ്ങാൻ ഇടയാക്കിയതെന്നാണു വിവരം. എൻജിൻ നിർത്തിയിടുന്നതിലുള്ള നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണു റെയിൽവേയുടെ പ്രാഥമിക വിശദീകരണം. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

120 നിമിഷങ്ങൾ, ഭാഗ്യത്തിന്റെ

കണ്ണൂർ∙ ആനയിടുക്ക് റെയിൽവേ ഗേറ്റിലേക്ക് അടുക്കുമ്പോൾ കോയമ്പത്തൂർ പാസഞ്ചറുമായി രണ്ടു മിനിറ്റിന്റെ മാത്രം അകലമേയുണ്ടായിരുന്നുള്ളൂ ബെംഗളൂരു സിറ്റി–കണ്ണൂർ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയ ട്രെയിനിന്. അൽപം നേരത്തേ എൻജിൻ ഉരുണ്ടുനീങ്ങിയെത്തിയ അതേ ട്രാക്കിലൂടെയാണ്  രണ്ടു മിനിറ്റു മുൻപ് കോയമ്പത്തൂർ പാസഞ്ചർ കടന്നുപോയത്. ഒരു അപകടത്തിന്റെ സാധ്യത രണ്ടുമിനിറ്റിന്റെ അകലത്തിൽ ഒഴിവായി എന്ന ആശ്വാസം.

കോയമ്പത്തൂർ പാസഞ്ചർ കടന്നുപോകാൻ ആനയിടുക്ക് ഗേറ്റ് അടച്ചിട്ടിരുന്നതും ഗുണം ചെയ്തു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു ആനയിടുക്ക് ഗേറ്റിലേക്ക് കൃത്യസമയത്ത് ആശയവിനിമയം ലഭിച്ചതും ഭാഗമായി. ഗേറ്റ് ഉയർത്തിയിരുന്നെങ്കിൽ വാഹനങ്ങൾക്കിടയിലേക്ക് എൻജിൻ ഉരുണ്ടെത്താനുള്ള സാധ്യതയുണ്ടായിരുന്നു. ഏറ്റവും വലിയ ഭാഗ്യം ആനയിടുക്ക് ഗേറ്റിന് 300 മീറ്റർ മുൻപ് ട്രെയിൻ വേഗം കുറഞ്ഞ് തനിയെ നിന്നുവെന്നതാണ്. 

ഒരു വർഷത്തിനിടെ മൂന്നാമത്തെ പിഴവ് 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് അധികം അകലെയല്ലാതെ ഒരു വർഷത്തിനിടെയുണ്ടായ മൂന്നാമത്തെ പിഴവാണു റെയിൽവേയുടേത്. കഴിഞ്ഞ ജൂലൈയിൽ, നടാൽ ഗേറ്റ് തുറന്നു കിടക്കുമ്പോൾ എൻജിൻ പാഞ്ഞുപോയ സംഭവത്തിൽ തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. 

കണ്ണൂരിൽനിന്നു കൊയിലാണ്ടിയിൽ എത്തിക്കാൻ ലോക്കോ പൈലറ്റ് എൻജിനുമായി പോകുമ്പോഴായിരുന്നു പിഴവ്. തുറന്നിട്ട ഗേറ്റിലൂടെ വാഹനങ്ങൾ പോകുമ്പോൾ, സിഗ്നൽ തെറ്റിച്ച് എൻജിൻ പാഞ്ഞുപോവുകയായിരുന്നു. നിറയെ യാത്രക്കാരുമായി വന്ന ബസിന്റെ ഡ്രൈവർ മനഃസാന്നിധ്യം കാണിച്ചതിനാൽ ട്രാക്കിലേക്കു കയറിയില്ല. ഈ സംഭവത്തിൽ റയിൽവേ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ പൂർത്തിയായില്ല. 

രണ്ടുമാസം മുൻപ് നടാൽ ഗേറ്റ് തുറന്നുകിടക്കുമ്പോൾ തലശ്ശേരി ഭാഗത്തുനിന്നുള്ള ട്രെയിൻ ഗേറ്റിന് 50 മീറ്റർ അകലെ ബ്രേക്ക് ഇട്ട സംഭവമുണ്ടായി.സിഗ്നൽ പാളിച്ചയായിരുന്നു കാരണം. ഒരു വർഷം മുൻപ് പാസഞ്ചർ ട്രെയിനിന്റെ എൻജിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ട്രാക്ക് ഡെഡ് ലൈൻ പിന്നിട്ട് മറിഞ്ഞുവീണ സംഭവമുണ്ടായിരുന്നു. ഈ എൻജിൻ പിന്നീട് റെയിൽവേ ഉപേക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com