ADVERTISEMENT

കണ്ണൂർ ∙ ജില്ലയിൽ ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയംപൊയിൽ ആറാം മൈൽ സ്വദേശിയായ 23കാരനാണു കോവിഡ് സ്ഥിരീകരിച്ചത്. 22നു ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയ ആളാണ്. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 47 ആയി. ഇവരിൽ മൂന്നു പേർ തുടർ പരിശോധനകളിൽ നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു.

കൊറോണ വൈറസ് ബാധ സംശയിച്ചു ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11049 ആയി. 108 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 44 പേർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും 14 പേർ ജില്ലാ ആശുപത്രിയിലും 33 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 17 പേർ അഞ്ചരക്കണ്ടിയിലെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലുമാണു നിരീക്ഷണത്തിലുള്ളത്. 

ഇതുവരെ ജില്ലയിൽ നിന്നും 394 സാംപിളുകളാണു പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 352 എണ്ണത്തിന്റെ ഫലം ലഭ്യമായി. 314 എണ്ണവും നെഗറ്റീവാണ്. തുടർ പരിശോധനയിൽ രണ്ട് എണ്ണത്തിന്റെ ഫലം പോസിറ്റീവാണ്. 42 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

മലബാർ കാൻസർ സെന്ററിലും കോവിഡ് 19 പരിശോധന; പരിയാരം മെഡിക്കൽ കോളജിൽ ഉടൻ ആരംഭിക്കും

കണ്ണൂർ, കാസർകോട് ജില്ലകളിലെ രോഗനിർണയം വേഗത്തിലാക്കാൻ കോടിയേരിയിലെ മലബാർ കാൻസർ സെന്ററിൽ വൈറോളജി ലാബ് തുടങ്ങി. ദിവസം 30 സാംപിളുകൾ പരിശോധിക്കാനുള്ള സംവിധാനമാണ് മൈക്രോ ബയോളജി വൈറോളജി ലാബിൽ ഒരുക്കിയിരിക്കുന്നത്.

26ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അനുമതി ലഭിച്ചതോടെ പ്രവർത്തനം തുടങ്ങി. 24 മണിക്കൂറിനുള്ളിൽ ഓരോ സാംപിളിന്റെയും പരിശോധന പൂർത്തിയാക്കി ഫലം നൽകാൻ കഴിയുമെന്ന് എംസിസി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം പറഞ്ഞു.

ഗവ.പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് 19 പരിശോധനയ്ക്കുള്ള ലാബ് സംവിധാനം നടപ്പാക്കാൻ സർക്കാർ അനുമതി നൽകി.  3 ദിവസത്തിനുള്ളിൽ പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് പരിശോധന ഫലം നിർണയിക്കാനുള്ള ലാബ് തുടങ്ങും.നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ലാബിൽ നിന്നാണ് പരിശോധിക്കുന്നത്. അതിനാൽ ഫലത്തിനായി ദിവസങ്ങളോളം കാത്തിരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com