ADVERTISEMENT

ഇരിട്ടി ∙ കാൽനൂറ്റാണ്ടോളം പശുക്കളെ വളർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്, രണ്ടു വർഷം മുൻപു മാടത്തിൽ ക്ഷീര കർഷക സഹകരണ സംഘം പ്രസിഡന്റ് ജോസുകുട്ടി തുണ്ടത്തിൽ സ്വന്തം ഫാം തുടങ്ങിയത്. പ്രതിദിനം 180– 200 ലീറ്റർ പാലാണ് മിൽമയിൽ അളന്നിരുന്നത്. ഇന്നലെ പാൽ എടുക്കാത്തതിനാൽ സമീപ വീടുകളിൽ കൊടുത്തു. 18 പശുക്കളാണ് ഉള്ളത്. 2 തൊഴിലാളികളും ഫാമിലുണ്ട്. ചെലവുകൾ കഴിഞ്ഞ് പരമാവധി 30– 35 ശതമാനം ആണ് കർഷകന് ലഭിക്കുക. പാൽ വിൽക്കാനാകാതെ വരുന്നതോടെ നഷ്ടത്തിലാവും.

പുല്ല് മാത്രം ആവശ്യത്തിനു നൽകി, മറ്റു തീറ്റകൾ വെട്ടിക്കുറച്ച് പാലുൽപാദനം കുറയ്ക്കാനാണു തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഇങ്ങനെ ഉൽപാദനം കുറച്ചാൽ പിന്നീട് അതു വർധിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടാണെന്നു ജോസുകുട്ടിക്കറിയാം. ഫാം തുടങ്ങിയതോടെ, കശുമാവും റബറും വെട്ടി ആ സ്ഥലങ്ങളിലും പുൽകൃഷി ആരംഭിച്ചിരുന്നു. അതുകൊണ്ട് മറ്റു വരുമാന മാർഗമില്ല.  അളക്കാതെ മിച്ചം വരുന്ന പാൽ വരുംദിവസങ്ങളിലും അയൽക്കാർക്കു സൗജന്യമായി നൽകുമെന്നു ജോസുകുട്ടി പറയുന്നു.

Kannur News
രയറോത്തെ ചാവനാലിൽ ജോർജും ഭാര്യ ട്രീസയും പശുക്കളോടൊപ്പം.

‌ദിവസം 100 ലീറ്റർ‌;   ഇനിയെന്ത് ചെയ്യും? 

പാൽസംഭരണം വെട്ടിക്കുറയ്ക്കുന്നുവെന്ന മിൽമയുടെ അറിയിപ്പ് രയറോത്തെ ചാവനാലിൽ ജോർജിന് ഇടിത്തീ പോലെയായി. ദിവസേന ശരാശരി 100 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്നുണ്ട് ജോർജിന്റെ പശുക്കൾ. ഇത്രയും അളവിലുള്ള പാൽ തൈര് ആക്കണമെങ്കിൽ അതിനുള്ള സംവിധാനം വേണം. തൈര് ആക്കിയാൽ തന്നെ അത് വിറ്റഴിക്കാനും മാർഗമില്ല. മുന്തിയ ഇനത്തിൽപെട്ട 8 പശുക്കളുണ്ട് ജോർജിന്.

അവയ്ക്ക് തീറ്റയ്ക്കും മറ്റുമായി ദിവസവും നല്ലൊരു തുക വേണം. ജോർജിന്റെ കണക്കിൽ 3000 രൂപ ചെലവു വരും. ഈ അവസ്ഥയിൽ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയുണ്ടെങ്കിലും സർക്കാർ കർഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം വച്ചുപുലർത്തുന്നു. 13 വർഷം മുൻപ് ഒരു പശുവിൽ നിന്ന് തുടങ്ങിയതാണ് ജോർജിന്റെ ക്ഷീരകർഷകവൃത്തി.

Kannur News
പാണ്ടിക്കടവിലെ തന്റെ കാന്നുകാലി ഫാമിൽ നിൽക്കുന്ന റെജീസ് ജോസ്.

12 പശുക്കളുമായി  റെജീസ് 

പാണ്ടിക്കടവിലെ ഫാമുടമയായ റെജീസ് ജോസിനു 12 പശുക്കളും ഒരു എരുമയുമാണുള്ളത്. ദിവസവും 100 ലീറ്ററിലേറെ പാൽ ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ, മിൽമ പാൽ ശേഖരിക്കാതെ വന്നതോടെ ഇത് എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ഈ ക്ഷീരകർഷകൻ. റെജീസിനെ പോലെ ഒട്ടേറെ ക്ഷീര കർഷകരാണു പാലുമായി നട്ടം തിരിയുന്നത്.

ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാത്തതാണു മലയോരത്തെ ക്ഷീരകർഷകർക്കു വിനയായി മാറിയത്. കാലിത്തീറ്റയുടെയും വൈക്കോലിന്റെയും ലഭ്യത കുറഞ്ഞതും കർഷകർക്കു തിരിച്ചടിയായിട്ടുണ്ട്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വാഹനങ്ങളുടെ വരവ് കുറഞ്ഞതാണു കാലിത്തീറ്റയുടെ ലഭ്യത കുറയാൻ കാരണമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com