ADVERTISEMENT

കണ്ണൂർ∙ കൊറോണ ജീവനു ഭീഷണിയായതോടെ ജനം മറ്റെല്ലാ പ്രശ്നങ്ങളും തൽക്കാലം മറന്നു. കേസെടുക്കാതെ ഒത്തു തീർപ്പാക്കുന്ന അയൽവാസികൾ തമ്മിലുള്ള വഴക്ക് പോലും ഇപ്പോൾ പൊലീസ് സ്റ്റേഷന്റെ പടി ചവിട്ടുന്നില്ല. കൊറോണ രംഗം കീഴടക്കിയതോടെ ആകെ റജിസ്റ്റർ ചെയ്യുന്നത് ലോക് ഡൗൺ നിയമലംഘനങ്ങൾ മാത്രം. ജില്ലാ ആസ്ഥാനത്ത് ശരാശരി നൂറു പരാതികളെങ്കിലും വന്നിരുന്ന കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഈ ദിവസങ്ങളിൽ വന്നത് ആകെ ഒരു അസ്വാഭാവിക മരണം മാത്രം. ജനങ്ങൾ വീടിനു പുറത്തിറങ്ങാത്തതിനാൽ വീടുകളിൽ കവർച്ചകൾ റിപ്പോർട്ട് ചെയ്യുന്നില്ല. എന്നാൽ പൂട്ടിയിട്ട വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടന്നിട്ടുണ്ടോ എന്നു കടകൾ തുറന്നാലേ വ്യക്തമാകൂ. എങ്കിലും കവർച്ച സാധനങ്ങൾ കടത്താനുള്ള പ്രയാസം മൂലം കള്ളൻമാർ ഇതിനു തുനിയാൻ സാധ്യത കുറവാണെന്നു പൊലീസ് കരുതുന്നു.

അസ്വാഭാവിക മരണമെന്ന നിലയിൽ റജിസ്റ്റർ ചെയ്യാറുള്ള ആത്മഹത്യകളും കുറഞ്ഞു. വീട്ടിനകത്ത് എല്ലാവരും ഒന്നിച്ചു കൂടാൻ തുടങ്ങിയപ്പോൾ ആത്മഹത്യയുടെ സാഹചര്യം ഇല്ലാതായി എന്നാണു പൊലീസിന്റെ നിഗമനം. അതേസമയം ജില്ലയിൽ അടുത്തിടെയുണ്ടായ ആത്മഹത്യകൾ രണ്ടും കൊറോണ ഭീതിയിലായിരുന്നു.

എവിടെപ്പോയി കളവും കഞ്ചാവും?

പൊലീസ് സ്റ്റേഷനിൽ എത്തുന്ന കേസുകളിൽ കളവ്, കഞ്ചാവ്, രാഷ്ട്രീയ സംഘർഷം, അടിപിടി കേസുകളായിരുന്നു കൂടുതലും. എന്നാൽ ഇത്തരം കേസുകൾ തീരെ കുറഞ്ഞു എന്നു മാത്രമല്ല, ഈ ദിവസങ്ങളിൽ ഇത്തരം ഒറ്റക്കേസു പോലും റജിസ്റ്റർ ചെയ്യാത്ത സ്റ്റേഷനുകളുണ്ട്. ആറളം, ചക്കരക്കൽ, ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റ കേസു പോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. കേളകം, പേരാവൂർ,ഉളിക്കൽ പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസങ്ങളിലായി എത്തിയത് ഒറ്റ പരാതി മാത്രം. ആകെ 60 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇരിട്ടി സ്റ്റേഷനിൽ ഇത്തരം കേസുകൾ ആകെ ഓരോന്നു മാത്രം. വാഹന അപകടങ്ങളുമായി ദിവസവും പത്തോളം കേസുകൾ റജിസ്റ്റർ ചെയ്യേണ്ടി വരാറുള്ള കണ്ണപുരം സ്റ്റേഷനിൽ കഴിഞ്ഞ മാസം ആകെ റജിസ്റ്റർ ചെയ്തത്ത 2 കേസുകൾ മാത്രം.

മദ്യം കുറഞ്ഞതോടെ കേസും കുറഞ്ഞു

ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ എത്തിയിരുന്ന കേസുകളിൽ 10 ശതമാനവും മദ്യം, ലഹരിമരുന്ന് ഉപയോഗത്തെ തുടർന്നുള്ളതായിരുന്നു. മദ്യപിച്ചുള്ള ക്രമസമാധാന പ്രശ്നങ്ങൾ, വാക്തർക്കങ്ങൾ, കുടുംബ കലഹം തുടങ്ങിയവയായിരുന്നു മിക്ക സ്റ്റേഷനുകളിലും എത്തിയിരുന്നത്. എന്നാൽ മദ്യം കിട്ടാതായതോടെ അതെല്ലാം കുറഞ്ഞു. കഞ്ചാവ് കടത്തിനു ദിവസവും പിടിയിലായിരുന്ന ഫ്രീക്കൻമാരും ഇപ്പോൾ പുറത്തിറങ്ങുന്നില്ല. ചില മേഖലകളിൽ വ്യാജവാറ്റുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇല്ല, ഗാർഹിക പീഡനം കൂടിയില്ല

21 ദിവസം മുഴുവൻ സമയവും വീട്ടിലിരുന്നാൽ ദമ്പതികൾ തമ്മിലുള്ള തർക്കത്തെ തുടർന്നു ഗാർഹിക പീഡനക്കേസുകൾ കൂടുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ആ ആശങ്കയും വെറുതെയായി. കഴിഞ്ഞ ദിവസങ്ങളിൽ ഗാർഹിക പീഡനക്കേസ് റിപ്പോർട്ട് ചെയ്തത് പാനൂർ പൊലീസ് സ്റ്റേഷനിൽ മാത്രം.

ലോക്ഡൗൺ ലംഘനം

ലോക് ഡൗൺ കേസുകളാണു സ്റ്റേഷനുകളിലെ ഇപ്പോഴത്തെ സൂപ്പർതാരം. ഒറ്റ ആഴ്ച കൊണ്ട് 401 കേസുകളിലായി 430 പേരാണ് അറസ്റ്റിലായത്. 278 വാഹനങ്ങളും പിടിച്ചെടുത്തു.

ഇന്നലെ മാത്രം 120 അറസ്റ്റ്

ലോക് ഡൗൺ ലംഘിച്ചു പുറത്തിറങ്ങുന്നവർക്കു നേരെ നടപടി കടുപ്പിച്ച് പൊലീസ് വീണ്ടും. ഇന്നലെ ജില്ലയിലെ മുഴുവൻ ഭാഗങ്ങളിലും ശക്തമായ പൊലീസ് പരിശോധന നടത്തി. അനാവശ്യമായി റോഡിലിറങ്ങിയ ഒരാളെ പോലും കടത്തി വിട്ടില്ല എന്നു മാത്രമല്ല അത്തരക്കാർക്കെതിരെ പുതിയ ഓർഡിനൻസ് പ്രകാരം കേസെടുക്കുകയും ചെയ്തു.

ഇന്നലെ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇങ്ങനെ
∙ആകെ കേസ്– 102
∙ആകെ അറസ്റ്റ്– 120
∙പിടിച്ചെടുത്ത വാഹനങ്ങൾ– 72

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com