ADVERTISEMENT

പരിയാരം∙ നിരോധിത നോട്ടുകൾക്കു പകരം പുതിയ നോട്ട് നൽകുമെന്ന് വാഗ്ദാനം ചെയ്ത സംഘത്തെ തട്ടിക്കൊണ്ടുപോയി പണവും സ്വർണാഭരണങ്ങളും കൈക്കലാക്കിയതായി പരാതി. ഇരിങ്ങലിലെ വാടക വീട്ടിൽ മർദനത്തിനിരയായ സംഘത്തിലെ മൂന്നുപേരെ പരിയാരം സിഐ കെ.വി.ബാബു, എസ്ഐ എം.പി.ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് മോചിപ്പിച്ചു. മർദനത്തിനിരയായ രണ്ടുപേരെ കാണാതായെന്നും അക്രമം നടത്തിയവർ മുങ്ങിയെന്നും പൊലീസ് പറയുന്നു. 

രാജസ്ഥാനിലെ അജ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് പുതിയ നോട്ടുകൾ വാഗ്ദാനം ചെയ്തത്. ഗുരുജി എന്നു വിളിപ്പേരുള്ള ആളാണു സംഘത്തലവൻ. പഴയ നോട്ടുകൾ കൈവശമുള്ളവരെ സംഘം കണ്ടെത്തി ഗുരുജിക്ക് വിവരം നൽകും. തുടർന്ന് മറ്റൊരു സംഘമെത്തി പരിശോധിച്ച ശേഷം നിരോധിത നോട്ടുകൾ അയച്ചു കൊടുക്കാൻ നിർദേശിക്കും. നിരോധിത നോട്ടുകൾക്ക് വില നിശ്ചയിച്ച് ഇടപാടുകാരെ വിശ്വസിപ്പിക്കും. നോട്ട് അയച്ചു കഴിഞ്ഞാൽ തന്ത്രപൂർവം ഗുരുജി ഒഴിഞ്ഞുമാറും. ഇത്തരത്തിലൊരു ഇടപാട് നടത്താനുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നേരത്തെ തട്ടിപ്പിന് ഇരയായവർ ഗുരുജിയുടെ സംഘത്തെ വിളിച്ചു വരുത്തിയതെന്നു പൊലീസ് പറയുന്നു. 

ഗോവ വഴി കണ്ണവത്തെത്തിയ ഗുരുജിയുടെ അഞ്ചംഗ സംഘത്തെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും അവരുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നാണു പരാതി. 60,000 രൂപയും 2 സ്വർണ മാലകളും ഒരു എടിഎം കാർഡും  സംഘം കൈക്കലാക്കി. മർദിച്ച് കണ്ണൂരിൽ കൊണ്ടുപോയി എടിഎമ്മിൽ നിന്ന് 9,000 രൂപയെടുപ്പിച്ച് അതും തട്ടിയെടുത്തു.

തുടർന്ന് ഇരിങ്ങലിലെ വീട്ടിൽ ഇവരെ തടങ്കലിലാക്കാൻ കൊണ്ടുവന്നു. അതിനിടയിൽ കാറിൽ നിന്ന് ഒരാൾ പുറത്തുചാടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ മുംബൈ കുലാവയിലെ ഓംരാജ്, കല്യാണിലെ സമാധാൻ, ഗുജറാത്ത് അഹമ്മദാബാദിലെ അഷ്മിൻ എന്നിവരെ മോചിപ്പിച്ചു.

അതിനിടയിൽ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. കർണ്ണാടക ബെൽഗാമിലെ സഞ്ജയ്, മുംബൈയിലെ സതീഷ് എന്നിവരാണ് കടന്നതെന്നു കൂടെയുള്ളവർ പറഞ്ഞു. ഈ വീട്ടിൽ നിന്ന് 1.6 കിലോ കഞ്ചാവും കണ്ടെടുത്തു. സംഘത്തിലുണ്ടായിരുന്ന കാഞ്ഞങ്ങാട് ആവിക്കര സ്വദേശി അമീറിനെ പൊലീസ് പിടികൂടി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിൽ ഒൻപതു പേരുണ്ടായിരുന്നുവെന്നാണ് സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com