ADVERTISEMENT

കണ്ണൂർ∙ ചാലയിലെ ആസ്റ്റർ മിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രം തന്നെയെന്നു വ്യക്തമാക്കി കലക്ടർ ടി.വി.സുഭാഷ്. ആസ്റ്റർ മിംസിൽ ചികിത്സയ്ക്കെത്തി കോവിഡ് സ്ഥിരീകരിക്കുന്നവരെ അവിടെത്തന്നെ ചികിത്സിക്കണം. നിലവിൽ കോവിഡ് സ്ഥിരീകരിച്ചയാളുടെ ചികിത്സ ഇവിടെത്തന്നെ നടത്തും. അതേസമയം, മറ്റു രോഗികൾക്കും ചികിത്സ നൽകണം. കണ്ണൂർ ഗവ.മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും ഇതേ രീതിയിൽ ചികിത്സ നൽകുന്നുണ്ട്.

ഹോട്ടലുകൾ ഏറ്റെടുത്തു കോവിഡ് ചികിത്സാ കേന്ദ്രമാക്കുമെന്ന ആശുപത്രി അധികൃതരുടെ പ്രസ്താവനയോടാണു കലക്ടറുടെ പ്രതികരണം. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ജില്ലയിൽ നിലവിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ആളുകളുടെ എണ്ണം കൂടുകയും ചെയ്തതിനാലാണ് ആസ്റ്റർ മിംസിനും കോവിഡ് ചികിത്സാ കേന്ദ്രമെന്ന പദവി നൽകിയതെന്നു കലക്ടർ കഴിഞ്ഞ ദിവസം ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 

കോവിഡ് ചികിത്സാ കേന്ദ്രമാകുമ്പോൾ

കോവിഡ് പോസിറ്റീവ് രോഗികളെ ചികിത്സിക്കാൻ പ്രത്യേക ബ്ലോക്ക് വേണം കോവിഡ് സ്ഥിരീകരിച്ചവരെ പ്രവേശിപ്പിക്കാൻ പ്രത്യേക പ്രവേശനകവാടം കോവിഡ് രോഗികളും മറ്റു രോഗികളും തമ്മിൽ ഒരിടത്തും സമ്പർക്കത്തിനു സാഹചര്യമുണ്ടാകരുത് ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും പിപിഇ കിറ്റ്, മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം  കോവിഡ് ചികിത്സയ്ക്കു സർക്കാർ നിർദേശപ്രകാരമുള്ള ഫീസ് മാത്രം

2 ഹോട്ടലുകൾ കോവിഡ് പ്രതിരോധത്തിന്: ആസ്റ്റർ മിംസ്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഏറ്റെടുക്കുന്നത് 2 ഹോട്ടൽ കെട്ടിടങ്ങൾ. 2 കെട്ടിടങ്ങളിലുമായി 88 മുറികൾ ഏറ്റെടുത്തു കോവിഡ് ചികിത്സയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ന് മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫിസറുമായി ചർച്ച നടത്തും. കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററായാണ് ഈ കെട്ടിടങ്ങൾ പ്രവർ‌ത്തിക്കുക.

ആസ്റ്റർ മിംസിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനമായിരിക്കും ഇവിടെ ലഭ്യമാക്കും. 90 ശതമാനം രോഗികളെയും ഈ കോവിഡ് ഫസ്റ്റ്‌ലൈൻ ആശുപത്രികളിൽ നിന്നു ചികിത്സിച്ചു ഭേദമാക്കാനാകുമെന്നാണു കരുതുന്നത്. രോഗികളുടെ നില വഷളായാൽ അവരെ കോവിഡ് ആശുപത്രികളിലേക്കു മാറ്റി വിദഗ്ധ ചികിത്സ നൽകുമെന്ന് ആസ്റ്റർ മിംസ് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com