പൊലീസ് തുരത്തിയോടിച്ച യുവമോർച്ച പ്രവർത്തകരുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി

Kannur News
SHARE

പാപ്പിനിശ്ശേരി∙ ലൈഫ് മിഷൻ വിവാദത്തിൽ മന്ത്രി ഇ.പി.ജയരാജന്റെ വീട്ടിലേക്കു യുവമോർച്ച നടത്തിയ മാർച്ച് തെരുവു യുദ്ധമായി മാറി. പൊലീസ് തുരത്തിയോടിച്ച പ്രവർത്തകരുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. മന്ത്രിയുടെ വീട്ടിലേക്കുള്ള വഴിയിൽ ദേശീയപാതയ്ക്കു സമീപം വേളാപുരത്ത് യുവമോർച്ചയുടെ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്നു ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാരിയർ യോഗം ഉദ്ഘാടനം ചെയ്തു.സ്വന്തം മക്കളെ ’സേഫ് സോണിൽ’ ഇരുത്തി ആരാന്റെ മക്കളെക്കൊണ്ടു കൊലക്കത്തിയെടുപ്പിക്കുകയാണു സിപിഎം നേതാക്കളെന്നു സന്ദീപ് വാരിയർ ആരോപിച്ചു.യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രം അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ട്രഷറർ കെ.അനൂപ്, ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി എന്നിവർ പ്രസംഗിച്ചു. പിന്നാലെ പ്രവർത്തകർ വീണ്ടും ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇതോടെ വീണ്ടും ജലപീരങ്കി പ്രയോഗവും ബലപ്രയോഗവും. ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രത്തെ അറസ്റ്റ് ചെയ്തു പൊലീസ് വാഹനത്തിൽ കയറ്റി. പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് തുടങ്ങി. സന്ദീപ് വാരിയർ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു വാഹനത്തിൽ കയറ്റി. വൈകാതെ വിട്ടയച്ചു.

ഡിവൈഎസ്പിക്കെതിരെ ബിജെപി

 മന്ത്രി ഇ.പി.ജയരാജന്റെ പാപ്പിനിശ്ശേരി അരോളിയിലെ വസതിയിലേക്കു മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരിലൊരാളുടെ വയറ്റിൽ തൊഴിക്കുന്ന കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദൻ.
മന്ത്രി ഇ.പി.ജയരാജന്റെ പാപ്പിനിശ്ശേരി അരോളിയിലെ വസതിയിലേക്കു മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരിലൊരാളുടെ വയറ്റിൽ തൊഴിക്കുന്ന കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദൻ.

പ്രതിഷേധത്തിനിടെ ഡിവൈഎസ്പി പി.പി.സദാനന്ദൻ യുവമോർച്ച പ്രവർത്തകന്റെ അടിവയറ്റിൽ ബൂട്ടിട്ട് ചവിട്ടിയെന്നും ഗുണ്ടയെപ്പോലെയാണു പെരുമാറിയതെന്നും സന്ദീപ് വാരിയർ ആരോപിച്ചു.  പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു കണ്ണൂരിൽ ബിജെപി ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. 

 മന്ത്രി ഇ.പി.ജയരാജന്റെ പാപ്പിനിശ്ശേരി അരോളിയിലെ വസതിയിലേക്കു യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകർക്കൊപ്പം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി വക്താവ് സന്ദീപ് വാരിയരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ചിത്രം: മനോരമ
മന്ത്രി ഇ.പി.ജയരാജന്റെ പാപ്പിനിശ്ശേരി അരോളിയിലെ വസതിയിലേക്കു യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകർക്കൊപ്പം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി വക്താവ് സന്ദീപ് വാരിയരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ചിത്രം: മനോരമ

ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി. 

ഡിവൈഎഫ്ഐ  VS പൊലീസ്

 ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ.
ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ.

യുവമോർച്ച പ്രവർത്തകർക്കു സംരക്ഷണം കൊടുക്കാനും ഡിവൈഎഫ്ഐക്കാരെ ലാത്തികൊണ്ടു വിരട്ടിയോടിക്കാനും പൊലീസ് ശ്രമിച്ചെങ്കിലും പൊലീസിനെതിരെ ഭീഷണിയുമായി നേതാക്കൾ രംഗത്തെത്തി. ഏതെങ്കിലും ഡിവൈഎഫ്ഐക്കാരെ അടിച്ചാൽ ഒറ്റ പൊലീസുകാരനും ഇവിടെനിന്നു പോകില്ലെന്നായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവിന്റെ ഭീഷണി.

 1.സിപിഎം പാപ്പിനിശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസിനു സമീപത്തെ ഡിവൈഎഫ്ഐ കൊടിമരം തകർത്ത നിലയിൽ.2.മന്ത്രി ഇ.പി.ജയരാജന്റെ പാപ്പിനിശ്ശേരി അരോളിയിലെ വസതിയിലേക്കു മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങൾ ചുങ്കത്ത് തകർത്ത നിലയിൽ.
1.സിപിഎം പാപ്പിനിശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസിനു സമീപത്തെ ഡിവൈഎഫ്ഐ കൊടിമരം തകർത്ത നിലയിൽ.2.മന്ത്രി ഇ.പി.ജയരാജന്റെ പാപ്പിനിശ്ശേരി അരോളിയിലെ വസതിയിലേക്കു മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങൾ ചുങ്കത്ത് തകർത്ത നിലയിൽ.

എസ്എഫ്ഐ  VS കേന്ദ്രസർക്കാർ

കോവിഡ് കാലത്ത് ബിജെപി സർക്കാർ ജനാധിപത്യ വേദികളെ വെല്ലുവിളിച്ചുകൊണ്ടു നടപ്പിലാക്കിയ വിദ്യാഭ്യാസ നയം വർഗീയ കച്ചവടവൽക്കരണത്തിന്റെ ഭാഗമാണെന്നും അവ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ ദേശീയ തലത്തിൽ ‘ഡിമാൻഡ് ഡേ’ ആചരിച്ചു. കണ്ണൂർ ഹെഡ്പോസ്റ്റ്‌ ഓഫിസിനു മുൻപിൽ നടന്ന പ്രതിഷേധം കേന്ദ്ര കമ്മിറ്റി അംഗം എ.പി.അൻവീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.പി.ഷിജു അധ്യക്ഷനായി. കെ.ശ്രീജിത്ത്‌, പി.ജിതിൻ, എം.കെ.ഹസൻ, പി.എ.കിരൺ, ഷിബിൻ കാനായി, ടി.വി.നിതിൻ എന്നിവർ പ്രസംഗിച്ചു. തലശ്ശേരി ബിഎസ്എൻഎൽ ഓഫിസിനു മുൻപിൽ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ ഫാസിൽ ഉദ്ഘാടനം ചെയ്തു. ശരത്ത് അധ്യക്ഷനായി. പെരിങ്ങോത്ത് എ.അഖിൽ ഉദ്ഘാടനം ചെയ്തു. പഴയങ്ങാടിയിൽ കെ.വി.സന്തോഷ്‌, പയ്യന്നൂരിൽ അഞ്ജലി സന്തോഷ്‌, പാനൂരിൽ എൻ.ശ്രേഷ എന്നിവർ ഉദ്ഘാടനം ചെയ്തു. 

യുവമോർച്ച VS ഡിവൈഎഫ്ഐ

  കേന്ദ്രമന്ത്രി വി.മുരളീധരൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പാപ്പിനിശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം.
കേന്ദ്രമന്ത്രി വി.മുരളീധരൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പാപ്പിനിശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം.

മന്ത്രി ജയരാജന്റെ വീട്ടിലേക്കു മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരും നയതന്ത്ര ബാഗേജ് സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി വി.മുരളീധരൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പാപ്പിനിശ്ശേരിയിൽ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായി. ദേശീയപാത ഏറെ നേരം സംഘർഷഭൂമിയായി. ഗതാഗതം തടസ്സപ്പെട്ടു.

മന്ത്രിയുടെ വീട്ടിലേക്കു നടത്തിയ മാർച്ച് അവസാനിച്ച ശേഷം ഇവിടെനിന്നു മടങ്ങിയ പ്രവർത്തകർ നൂറുമീറ്റർ അകലെ പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിനു മുൻപിൽ കൂട്ടംകൂടി നിന്ന ഡിവൈഎഫ്ഐ പ്രവർത്തകരുമായി സംഘർഷത്തിലായി. ദേശീയപാതയോരത്തെ പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെ യുവമോർച്ച പ്രവർത്തകർ കല്ലെറിഞ്ഞെന്നാരോപിച്ച്, കയ്യിൽ കിട്ടിയ യുവമോർച്ചക്കാരെയെല്ലാം ഡിവൈഎഫ്ഐക്കാർ വടിയുമായി നേരിട്ടു. ഡിവൈഎഫ്ഐയുടെ കൊടിമരം യുവമോർച്ച പ്രവർത്തകരും യുവമോർച്ച പ്രവർത്തകരുടെ ആറു ബൈക്കുകൾ ഡിവൈഎഫ്ഐ പ്രവർത്തകരും തകർത്തു. അരമണിക്കൂർ നീണ്ട സംഘർഷത്തിനുശേഷമാണ് ഇരുകൂട്ടരും പിൻവാങ്ങിയത്. 

കെആർടിഎ VS സർക്കാർ 

 റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) സമഗ്ര ശിക്ഷ കണ്ണൂർ ജില്ല പ്രോജക്ട് ഓഫിസിനു മുന്നിൽ നടത്തിയ ധർണ.
റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) സമഗ്ര ശിക്ഷ കണ്ണൂർ ജില്ല പ്രോജക്ട് ഓഫിസിനു മുന്നിൽ നടത്തിയ ധർണ.

റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) സമഗ്ര ശിക്ഷ കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫിസിനു മുൻപിൽ ധർണ നടത്തി. സ്കൂളുകളിൽ സ്പെഷൽ എജ്യൂക്കേറ്റർ തസ്തിക സൃഷ്ടിക്കുക, കൂടുതൽ കേന്ദ്ര വിഹിതം അനുവദിക്കുക, പ്ലാൻ ഫണ്ട് പ്രകാരം അനുവദിച്ച ശമ്പള തുക പൂർണമായും നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഉപജില്ലാ കേന്ദ്രങ്ങളിലും ധർണ നടന്നു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ.സി.മഹേഷ്‌ ഉദ്ഘാടനം ചെയ്തു. കെആർടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ആനന്ദ് സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റി അംഗം നീതു, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.വിനോദൻ എന്നിവർ പ്രസംഗിച്ചു. 

എംഎസ്എഫ്  VS പൊലീസ്

  മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിലേക്ക് എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ബാരിക്കേഡിനു മുകളിൽ ഇരുന്നു പ്രതിഷേധിക്കുന്ന പ്രവർത്തകൻ. സമരാവേശം കഴിഞ്ഞപ്പോൾ ബാരിക്കേഡിനു മുകളിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്ന കാഴ്ചകൾ. 						    ചിത്രം:മനോരമ
മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിലേക്ക് എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ബാരിക്കേഡിനു മുകളിൽ ഇരുന്നു പ്രതിഷേധിക്കുന്ന പ്രവർത്തകൻ. സമരാവേശം കഴിഞ്ഞപ്പോൾ ബാരിക്കേഡിനു മുകളിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്ന കാഴ്ചകൾ. ചിത്രം:മനോരമ

മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ എംഎസ്എഫ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇഖ്‌ബാൽ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഒ.കെ.ജാസിർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.സഹദുല്ല, ഷുഹൈബ് കോതേരി, ഷംസീർ പുഴാതി, സൈഫുദ്ദീൻ നാറാത്ത് എന്നിവർ പ്രസംഗിച്ചു. ഷകീബ് നീർച്ചാൽ,ആസിഫ് ചപ്പാരപ്പടവ്, ഷഫീർ ചങ്ങളായി, യൂനുസ് പടന്നോട്ട്, ഷാനിബ് മുണ്ടേരി, അജ്മൽ ബാവോട്, റൗഫ് കൊയ്യം, സൽമാൻ ഫാരിസ് തലശ്ശേരി, ആദിൽ എടയന്നൂർ, ഷഹബാസ് നിടുവാട്ട്, ഉമർ വളപട്ടണം, ബാസിത് മാണിയൂർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. 

കെഎസ്‌യു  VS പൊലീസ്

  മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. 			    ചിത്രം:മനോരമ
മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ചിത്രം:മനോരമ

അഴിമതിയിൽ പങ്കുപറ്റുന്നതു കൊണ്ടാണു മുഖ്യമന്ത്രിക്ക് മറ്റു മന്ത്രിമാരെ സംരക്ഷിക്കേണ്ടി വരുന്നതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്. മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രവർത്തകരെ കലക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞ് പോയ പ്രവർത്തകരെ പൊലീസ് പിന്തുടർന്നു മർദിച്ചെന്ന് പ്രവർത്തകർ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് സെക്രട്ടറിമാരായ അൻസിൽ വാഴപ്പള്ളിൽ, ഹരികൃഷ്ണൻ പാലാട് തുടങ്ങിയവർക്ക് പരുക്കേറ്റു. 

സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.അതുൽ, സി.ടി.അഭിജിത്ത്, ഫർഹാൻ മുണ്ടേരി, നവനീത് നാരായണൻ, ആദർശ് മാങ്ങാട്ടിടം, മുഹമ്മദ്‌ റിബിൻ.സി.എച്ച്, കെ.റാഹിബ്, ആകാശ് ഭാസ്കർ, ഉജ്വൽ പവിത്രൻ, ജോസഫ് തലക്കൽ, ടി.സായന്ത്, എം.സി.അതുൽ, വി.കെ.റനീസ്, അക്ഷയ് ആയിക്കര, അലേഖ് കാടാച്ചിറ, ആൽബിൻ അറക്കൻ, അഷിത്ത് അശോകൻ, സുഫൈൽ സുബൈർ, എം.പി. വിസ്മയ,ഇ.സ്നേഹ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.കമൽജിത്ത്, വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, എം.കെ.വരുൺ, നികേത് നാറാത്ത് തുടങ്ങിയവർ പ്രസംഗിച്ചു. 

പാരലൽ കോളജ് കോഓർഡിനേഷൻ  കമ്മിറ്റി ധർണ

സർവകലാശാലകളിൽ പ്രൈവറ്റ് റജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കുന്നതിനെതിരെ പാരലൽ കോളജ് കോ ഓർഡിനേഷൻ കമ്മിറ്റി വിവിധ പാരലൽ കോളജുകൾക്കു മുൻപിൽ ധർണ നടത്തി. സംസ്ഥാനത്ത് 4 യൂണിവേഴ്സിറ്റികൾക്കു കീഴിലായി ഡിഗ്രി, പിജി കോഴ്സുകളിൽ ഈ വർഷം ഒന്നര ലക്ഷം വിദ്യാർഥികൾ റജിസ്റ്റർ ചെയ്യുമെന്നാണു കണക്കുകൂട്ടൽ. ഇവർക്ക്, തുടങ്ങാനിരിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലാണു പ്രവേശനം നൽകുകയെന്നാണു മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. പാരലൽ കോളജുകൾ നിർത്തലാക്കേണ്ടി വന്നാൽ ഭൂരിപക്ഷം വിദ്യാർഥികളുടെയും പഠനം നിലയ്ക്കും. ആയിരക്കണക്കിന് അധ്യാപകർക്കു തൊഴിൽ നഷ്ടമാകും. പാരലൽ കോളജ് വിദ്യാർഥികൾക്ക് ഇതുവരെ റഗുലർ വിദ്യാർഥികളുടേതിനു സമാനമായ സർട്ടിഫിക്കറ്റാണു ലഭിച്ചിരുന്നത്. ഇനി ഓപ്പൺ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റാകും ലഭിക്കുക. സർക്കാർ തീരുമാനം മാറ്റണമെന്നും കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് റജിസ്ട്രേഷന് അവസരം ഒരുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.  കമ്പിൽ നടന്ന ധർണ സമിതി കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ കെ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പള്ളിക്കുളത്ത് കെ.പി.ജയബാലനും കണ്ണൂരിൽ സി.അനിൽകുമാറും ഉദ്ഘാടനം ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA