ADVERTISEMENT

കണ്ണൂർ ∙ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വൈദ്യുത ആഘാതം ഏൽക്കുമെന്ന ഭയത്തിൽ നഗരത്തിലെ വ്യാപാരികളും ഉപഭോക്താക്കളും. പഴയ ബസ് സ്റ്റാൻഡ് ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സിലാണ് ‘ഷോക്ക് ഭയം’ ഉയർന്നിരിക്കുന്നത്. കെട്ടിടത്തിലെ മെയിൻ സ്വിച്ച് – മീറ്റർ ബോക്സുകൾ അപകടാവസ്ഥയിലാണ്. മഴയിൽ ഇവിടെ നിന്നു വൈദ്യുതാഘാതം ഏൽക്കാനുള്ള സാധ്യത ഏറെയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. 30 വർഷത്തിലേറെ പഴക്കമുള്ളതാണ് കെട്ടിടം. മേൽക്കൂര തകർന്നു വർഷങ്ങളോളം കെട്ടിടത്തിന്റെ ചുമരിലേക്ക് വെള്ളമിറങ്ങുകയായിരുന്നു. 

ഇതോടെയാണ് മെയിൻ സ്വിച്ചും മറ്റ് വൈദ്യുത സംവിധാനങ്ങളും മോശം അവസ്ഥയിലായത്. മെയിൻ സ്വിച്ച് തുരുമ്പെടുത്തു ദ്രവിച്ചിട്ടുമുണ്ട്. പ്രശ്നം ശ്രദ്ധയിൽപ്പെട്ട വൈദ്യുതി വകുപ്പ് അധികൃതർ ഇക്കാര്യം രേഖാമൂലം കോർപറേഷനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ചുമരിലെ നനവിൽ തട്ടുമ്പോൾ തന്നെ ഷോക്ക് ഏൽക്കുന്നുണ്ട്. മുപ്പതോളം കടകളിലായി നൂറോളം ജീവനക്കാരും ഒട്ടേറെ ഉപഭോക്താക്കളും എത്തുന്ന വ്യാപാര കേന്ദ്രമാണിത്. എന്നിട്ടും അധികൃതർ അനാസ്ഥ തുടരുകയാണെന്നാണ് ആരോപണം. 

ഏകദേശം 3 ലക്ഷം രൂപ പ്രതിമാസ വരുമാനം ലഭിക്കുന്ന ഈ കോംപ്ലക്സിന്റെ ചോർന്നൊലിക്കുന്ന മേൽക്കൂര നന്നാക്കിയത് ഏറെ കാലത്തെ വ്യാപാരികളുടെ ആവശ്യപ്പെടലിന് ഒടുവിലാണ്. ആളപായം ഉണ്ടാകും മുൻപു പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നു വ്യാപാരികൾ പറഞ്ഞു. അനുകൂല നടപടി ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും വ്യാപാരികൾ പറഞ്ഞു. 

നിവേദനം നൽകി

കണ്ണൂർ ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സിലെ വൈദ്യുത സംവിധാനത്തിന്റെ അപകടാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടു മേയർ സി.സീനത്ത്, ഡപ്യൂട്ടി മേയർ പി.കെ.രാഗേഷ്, കോർപറേഷൻ സെക്രട്ടറി ഡി.സാജു എന്നിവർക്കു വ്യാപാരി വ്യവസായി ഏകോപന സമിതി പഴയ ബസ് സ്റ്റാൻഡ് യൂണിറ്റ് നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com