ADVERTISEMENT

ഇരിട്ടി∙ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള കരട് വിജ്ഞാപനങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിൽ മലയോര ഹൈവേയിലടക്കം രാത്രി യാത്രാ നിരോധനം വരും. പരിസ്ഥിതി ലോല മേഖലകളിൽ നിയന്ത്രിക്കേണ്ട പ്രവൃത്തികളിൽ 18 –ാം നിർദേശം അനുസരിച്ചാണ് ഇത് പ്രാവർത്തികമാകുകയെന്ന് കർഷക സമര പ്രസ്ഥാനങ്ങളും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടി. രാത്രികാലങ്ങളിലെ വാഹന ഗതാഗതം എന്ന വിഷയത്തിൽ വാണിജ്യാവശ്യത്തിനായുള്ളവ നിലവിലെ നിയമമനുസരിച്ച് നിയന്ത്രിച്ചിരിക്കുന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ തന്നെ 15 –ാം നിർദേശമായി നിലവിലുള്ള റോഡുകളുടെ വീതികൂട്ടലും ബലപ്പെടുത്തലും അറ്റകുറ്റപണികളും പുതിയ റോഡ് പണിയ‌ും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിയന്ത്രിക്കുകയും ലഘൂകരിക്കുകയും ചെയ്യേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

 

കൊട്ടിയൂർ വന്യജീവി സങ്കേതം പരിധിയിൽ പ്രഖ്യാപിച്ച പരിസ്ഥിതി ലോല മേഖലയിൽ മലയോര ഹൈവേ ഉൾപ്പെടുന്നുണ്ട്. ആറളം വന്യജീവി സങ്കേതം പരിധിയിൽ ആറളം ഫാം – വളയംചാൽ റോഡും ഉൾപ്പെടും. മലയോര ഗതാഗത വികസന രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയ പദ്ധതിയാണ് മലയോര ഹൈവേ. കാസർകോഡ്, കണ്ണൂർ ജില്ലകളുടെ മലയോരങ്ങളെ വയനാടുമായി കോർത്തിണക്കുന്ന ഈ പാതയിലൂടെ അര മണിക്കൂർ ഇടവിട്ട് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതെല്ലാം നിയന്തിക്കപ്പെടും. റോഡിന്റെ വികസനം പോലും പ്രതിസന്ധിയിലാകും.നിരോധിക്കേണ്ട 7 പ്രവൃത്തികളും നിയന്ത്രിക്കേണ്ട 21 പ്രവൃത്തികളും പറയുന്നതിനകത്ത് ഉപ പദ്ധതികൾ വേറെയും ഉണ്ട്.

 

നിയന്ത്രണത്തിൽ 17 –ാമതായി കുന്നിൻ ചെരിവുകളുടെയും നദീതീരങ്ങളുടെയും സംരംക്ഷണം വ്യാഖ്യാനിക്കുമ്പോൾ തന്നാണ്ട് വിളകൾ ചെയ്യാൻ സാധിക്കാതെ വരുമെന്ന് കർഷകർ ഭയക്കുന്നു. പരിസ്ഥിതി ലോല മേഖലയിലെ മരങ്ങളുടെ ചില്ല മുറിക്കണമെങ്കിൽ പോലും വന്യജീവി സങ്കേതം മേധാവിയുടെ അനുമതി വേണം. കരട് വിജ്ഞാപനത്തിൽ നിന്ന് നിരോധനങ്ങളും നിയന്ത്രണങ്ങളും  സംബന്ധിച്ച് കർഷകർക്കിടയിൽ വ്യക്തത വന്നതോടെയാണ് പരിസ്ഥിതി ലോല മേഖലയിൽപ്പെടുന്ന ഭൂമിയിൽ കൃഷി ചെയ്യാനും കാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ പോറ്റാനും പോലും സാധ്യമാകാതെ വരുമെന്ന ആശങ്കയിലേക്ക് എത്തിയതും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുള്ളതും. 

 

ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് പൂർണമായി ഒഴിവാക്കാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറില്ലെന്നതാണ് കർഷകരുടെയും സമരക്കാരുടെയും തീരുമാനം.വനാതിർത്തിയിലെ കർഷകരെയും ആദിവാ--സികളെയും തങ്ങളുടെ ഭൂമിയിൽ നിന്ന് ബലപ്രയോഗം കൂടാതെ കുടിയിറക്കാനും പ്രസ്തുത ഭൂമി വനമാക്കി മാറ്റാനുമുള്ള ആസൂത്രിത നീക്കമാണ് പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനത്തിന് പിന്നിലെന്നും  ഇത് ഒരിക്കലും നടപ്പാക്കാൻ സമ്മതിക്കില്ലെന്നും ഉത്തരമലബർ കർഷക പ്രക്ഷോഭ സമിതി എടൂർ ഫൊറോനാ കൺവീനർ മാത്തുക്കുട്ടി പന്തപ്ലാക്കൽ പറഞ്ഞു.  

 

തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എടൂരിൽ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗം ഉത്തരമലബാ‍ർ കർഷക സമിതിയുടെ പ്രക്ഷോഭങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ പരിസ്ഥിതി ലോലം പൂജ്യം പോയിന്റാക്കി വനത്തിനുള്ളിൽ തന്നെ ബഫർ സോൺ നിജപ്പെടുത്തണമെന്നതല്ലാതെ മറ്റൊരു വിട്ടുവിഴ്ചയ്ക്കും തയാറല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com