ADVERTISEMENT

കണ്ണൂർ∙ ദേശീയപാത വികസനത്തിൽ ഭാഗിക ഏറ്റെടുക്കലിനു മുഴുവൻ വിലയും നൽകാനുള്ള തീരുമാനം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്ന് ആവശ്യം. കുടിയൊഴിപ്പിക്കുന്നവർക്കു ഘട്ടം ഘട്ടമായാണ് തുക നൽകുന്നത്. നഷ്ടപരിഹാരം വിതരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വ്യവസ്ഥകൾ ദേശീയപാത അതോറിറ്റി കൊണ്ടുവന്നത്. തുക ലഭിച്ച് കഴിഞ്ഞവരെയും ലഭിക്കാനുള്ളവരെയും ഒരു പോലെ വലയ്ക്കുന്നതാണു തീരുമാനം. കെട്ടിടങ്ങൾ ഭാഗികമായി പൊളിക്കേണ്ടി വന്നാൽ മുഴുവൻ വിലയും നൽകുമെന്നാണ് അതോറിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കർണാടക അതിർത്തിയായ തലപ്പാടി മുതൽ കോഴിക്കോട് ജില്ലാ അതിർത്തിയായ രാമനാട്ടുകര വരെയുള്ള ഭൂമി ഏറ്റെടുക്കലിനാണ് ഈ ഇളവ്. ഇതിനോടകം ഏറ്റെടുത്തതും രേഖകൾ സമർപ്പിച്ചതുമായ കെട്ടിടങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ലെന്നും എടുത്തു പറയുന്നുണ്ട്. ജില്ലയിലടക്കം മിക്ക സ്ഥലങ്ങളിലും നഷ്ടപരിഹാരം വിതരണം ചെയ്തു കഴിഞ്ഞു.

ഇനി നൽകാനുള്ള തുക സംബന്ധിച്ച് അതത് സ്ഥലമേറ്റെടുപ്പ് ഓഫിസ് അധികൃതർ ദേശീയപാതാ അതോറിറ്റിക്ക് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.പദ്ധതിക്ക് വേണ്ടി സ്ഥലം വിട്ടു കൊടുക്കുന്നവർക്കും സമാന അവസ്ഥയുണ്ട്. ബാക്കി വന്ന കുറച്ച് സ്ഥലത്ത് ഒന്നും ചെയ്യാനാകാത്തവർ ഏറെയാണ്. നഷ്ടപരിഹാര വിതരണം തുടരുന്നതിനിടെ ദേശീയപാത അതോറിറ്റി രണ്ട് വ്യവസ്ഥകൾ കൂടി നടപ്പിലാക്കിയിരുന്നു.പൊളിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് മരം, ഇരുമ്പ് പോലുള്ള വസ്തുക്കൾ വേണമെന്ന് ഉടമ അപേക്ഷിക്കാതെ തന്നെ ഈയിനത്തിൽ (സാൽവെജ് ചാർജ്) ആറ് ശതമാനം കുറച്ച് നഷ്ടപരിഹാരം നൽകണം. പൊളിക്കുന്ന കെട്ടിടങ്ങളുടെ പഴക്കം വർഷത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കി തുക കുറച്ച് നൽകണം എന്നിവയായിരുന്നു അവ. ഇതിനെതിരെ ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.


പുരോഗതി ഇങ്ങനെ
∙ദേശീയ പാത അതോറിറ്റിക്ക് കൈമാറേണ്ടത് 199.3663 ഹെക്ടർ .
∙സ്വകാര്യ ഭൂമി–169.7108 ഹെക്ടർ
∙സർക്കാർ ഭൂമി–29.6555 ഹെക്ടർ

കൈമാറിയത്
∙സ്വകാര്യ ഭൂമി– 38.5853 ഹെക്ടർ
∙സർക്കാർ ഭൂമി–16.1 ഹെക്ടർ
∙കൈമാറാൻ നടപടി പൂർത്തിയായത്– 6.217 ഹെക്ടർ
∙ഏറ്റെടുത്തവയിൽ നടപടി പൂർത്തിയാകാത്തതിനാൽ കൈമാറാൻ ബാക്കി 21 ഹെക്ടർ
∙നഷ്ടപരിഹാരത്തിന് കണക്കാക്കിയ ആകെ തുക– 1200 കോടി രൂപ
∙നഷ്ടപരിഹാരം നൽകുന്നതിന് ഇതുവരെ ലഭിച്ചത്–885 കോടി രൂപ

വീടിന്റെ മുൻഭാഗത്തുള്ള മുറിയുടെ ചെറിയൊരു ഭാഗം മാത്രമാണ് പൊളിച്ച് മാറ്റേണ്ടിയിരുന്നത്. ചുമർ പൊളിച്ച് മാറ്റിയാൽ മുറിയായി ഉപയോഗിക്കാൻ കഴിയില്ല. മുറി മുഴുവൻ പൊളിച്ച് മാറ്റി. വീടിന്റെ ഘടന മാറ്റിയതിനും പുതിയ മുറി നിർമിച്ചതിനും അനുവദിച്ച തുകയേക്കാൾ കൂടുതലായി.
ബി.സത്യൻ, എസ്.എം.നിവാസ്, മുഴപ്പിലങ്ങാട്

അംഗപരിമിതരും അസുഖങ്ങൾ ഉള്ളവരും അടക്കം 9 പേർ താമസിക്കുന്ന വീടിന്റെ മുൻ ഭാഗത്തെ ചുമരാണു പൊളിച്ച് കൊടുക്കേണ്ടത്. താഴെചൊവ്വ–നടാൽ ബൈപാസ് നിർമിക്കുമ്പോഴാണ് ആദ്യത്തെ വീട് പൊളിച്ചത്. അതിന് ശേഷമാണ് ഇപ്പോഴത്തെ വീട് എടുത്തത്. ഇനിയൊരു മുറി കൂട്ടിയെടുക്കാൻ പോലും സ്ഥലമില്ല. മുൻ ഭാഗത്തെ ചുമരു പൊളിച്ചാൽ കിട്ടുന്ന തുച്ഛമായ തുക കൊണ്ട് ഒന്നും ആവില്ല. ചുമർ പൊളിക്കുന്നത് ഒഴിവാക്കാൻ കലക്ടർ, ദേശീയ പാത സ്ഥലമേറ്റെടുപ്പ് അധികൃതർ എന്നിവരെ സമീപിച്ചെങ്കിലും ഫലമില്ല.
വി.സി.രമാവതി, ദേവീ നിവാസ് കിഴുത്തള്ളി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com