ADVERTISEMENT

കണ്ണൂർ ∙റെയിൽവേ ടൈംടേബിൾ പരിഷ്കരിക്കുമ്പോൾ എക്സ്പ്രസ് ട്രെയിനുകളാകുന്ന 9ൽ 4 എണ്ണവും ജില്ലയിലൂടെ കടന്നു പോകുന്നവ. ഡിസംബറോടെ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന വാർത്തകൾക്കൊപ്പമാണ് ഈ വിവരവും പുറത്തുവരുന്നത്. 200 കിലോ മീറ്ററിലധികം ദൂരം സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ് ട്രെയിനുകളാക്കാൻ നീക്കമുണ്ടെന്നാണു സൂചന. മുൻപ് ഇത്തരത്തിൽ ചർച്ചകൾ വന്നപ്പോൾ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല ദൂരപരിധി സംബന്ധിച്ചു ധാരണ ആയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. നിലവിൽ സ്പെഷൽ സർവീസുകൾ മാത്രമാണു നടത്തുന്നത്. ഉത്സവകാല അധിക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 9 ട്രെയിനുകളാണ് ഇത്തരത്തിൽ എക്സ്പ്രസ് ട്രെയിനുകളാക്കാൻ സാധ്യതയുള്ളത്. തീരുമാനം നടപ്പാക്കിയാൽ വടക്കേ മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം ഇനിയും വർധിക്കും. പല ചെറിയ സ്റ്റേഷനുകളുടെയും പ്രവർത്തനത്തെ ബാധിക്കും.

വടക്കൻ മലബാറിന്റെ ആശങ്കകൾ

ചെറിയ സ്റ്റോപ്പുകൾ ഇല്ലാതായാൽ ഗ്രാമീണ മേഖലകളിലെ യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. ചെലവു കുറഞ്ഞ യാത്രാ, ചരക്ക് നീക്ക സാധ്യതയ്ക്കാണു തിരിച്ചടിയാകുന്നത്. തൃശൂർ ഭാഗത്തു നിന്നു മലബാർ മേഖലയിലേക്കു രാവിലെ പുറപ്പെടുന്ന ഏക ട്രെയിനാണ് കണ്ണൂരിലേക്കുള്ള പാസഞ്ചർ. കോഴിക്കോട്–മംഗളൂരു പാതയിൽ മെമു സർവീസ് വേണമെന്ന ദീർഘകാല ആവശ്യത്തെ അട്ടിമറിക്കാനാണോ എക്സ്പ്രസ് ട്രെയിനുകൾ എന്ന വാദവും യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. ചെറിയ ദൂരങ്ങളിലേക്ക് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്നതു യാത്രക്കാരെ കൂടുതൽ വലയ്ക്കാനും ഇടയാക്കും.

4 സ്റ്റേഷനുകളിൽ ഹാൾട്ട് ഏജന്റ്

പാലക്കാട് റെയിൽവേ ഡിവിഷന്റെ കീഴിലുള്ള 4 റെയിൽവേ സ്റ്റേഷനുകളിൽ കമ്മിഷൻ വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്കു ടിക്കറ്റ് കൗണ്ടർ ചുമതല നൽകാനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡി ഗ്രേഡ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളിലാണു കമ്മിഷൻ വ്യവസ്ഥയിൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്. കൂടുതൽ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും അതിനു തുടക്കമെന്ന രീതിയിലാണു നടപടികളെന്നും റെയിൽവേ അധിക‍ൃതർ പറഞ്ഞു.

കണ്ണൂർ വഴി 200 കിലോ മീറ്ററിലധികം ഓടുന്ന പാസഞ്ചർ ട്രെയിനുകൾ
 കണ്ണൂർ – കോയമ്പത്തൂർ (56650/56651) – 275 കിലോമീറ്റർ
 തൃശൂർ – കണ്ണൂർ (56603) – 209 കി.മീ.
 മംഗളൂരു–കോഴിക്കോട് (56654) – 221 കി.മീ.
 മംഗളൂരു–കോയമ്പത്തൂർ (56324/56323) – 407 കി.മീ.

പാസഞ്ചറുകളെ എക്സ്പ്രസ് ആക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. മംഗളൂരു–കോയമ്പത്തൂർ പാസഞ്ചറിനു വേഗം കുറവാണെന്ന പരാതി വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ ഉത്തരവിൽ 400 കിലോമീറ്റർ എന്നതു വ്യക്തമായി പറയുന്നുണ്ട്. കൂടുതൽ സർവീസുകൾ തുടങ്ങുമ്പോൾ റെയിൽവേ മാർഗരേഖകൾ പുറത്തുവിടും
റെയിൽവേ അധികൃതർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com