കണ്ണൂർ ∙ എത്ര കാത്തിരുന്നിട്ടും വികസനം ട്രാക്കിലെത്താത്ത അവസ്ഥയിലാണ് വടക്കൻ മലബാറിലെ ചെറിയ റെയിൽവേ സ്റ്റേഷനുകൾ. പാലക്കാട് ഡിവിഷനു കീഴിൽ 7 റെയിൽവേ സ്റ്റേഷനുകൾ കൂടി ഹാൾട്ട് സ്റ്റേഷനുകളാകുമ്പോൾ അതിൽ 4 എണ്ണവും കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. 3 സ്റ്റേഷനുകൾ കണ്ണൂരിലും ഒരെണ്ണം കാസർകോടും. നിലവിലെ ഫ്ലാഗ് സ്റ്റേഷൻ പദവിയിൽ നിന്നാണ് ഇവയെ ഹാൾട്ട് സ്റ്റേഷനുകളാക്കി മാറ്റുന്നത്.
ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും ഈ സ്റ്റേഷനുകളിൽ കമ്മിഷൻ വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്കു ടിക്കറ്റ് കൗണ്ടർ ചുമതല നൽകാൻ നടപടി തുടങ്ങിയിട്ടുണ്ട്. നിലവിൽ ഡി ഗ്രേഡ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളായ ചിറക്കൽ, ചന്തേര, കളനാട് സ്റ്റേഷനുകളുടേതിനു സമാനമായ സാഹചര്യമാകും ഇനി ഇവിടെയും. യാത്രക്കാരുടെ എണ്ണം വർധിച്ചാൽ കൂടുതൽ സൗകര്യങ്ങളും പദ്ധതികളും നടപ്പാക്കുമെന്നാണു റെയിൽവേ അധികൃതർ പറയുന്നത്. നിലവിലുള്ള പദ്ധതികൾ തുടരുമെന്നും അധികൃതർ പറഞ്ഞു.

ഏഴിമല റെയിൽവേ സ്റ്റേഷൻ
പയ്യന്നൂർ ∙ ഏഴിമല നാവിക അക്കാദമിയുടെ മാതൃ സ്റ്റേഷനായി മാറ്റിയെടുക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. എകെജി പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ലോക്സഭയിൽ റെയിൽവേ ബജറ്റ് ചർച്ചയിൽ ഏഴിമല റെയിൽവേ സ്‌റ്റേഷൻ വികസനത്തിന്റെ അനിവാര്യത വിശദീകരിച്ച് പ്രസംഗം നടത്തിയിരുന്നു.
സംസ്ഥാന സർക്കാർ പൈതൃക ഗ്രാമമാക്കി ഉയർത്തിയ കുഞ്ഞിമംഗലം വെങ്കല ശിൽപ പൈതൃക ഗ്രാമം ഈ സ്റ്റേഷന് തൊട്ടടുത്താണ്. ദേശീയപാതയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും. പരിയാരം മെഡിക്കൽ കോളജിനും വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും സമീപമാണു സ്റ്റേഷൻ. കണ്ണൂർ - മംഗളൂരു പാസഞ്ചർ, കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ, മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്.

പാപ്പിനിശേരി സ്റ്റേഷൻ
പാപ്പിനിശ്ശേരി ∙ മൂന്ന് പാസഞ്ചർ ട്രെയിനുകൾക്കു മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. ഇതിനിടെ ടിക്കറ്റ് കൗണ്ടറിലുള്ള റെയിൽവേ ജീവനക്കാരനെ കൂടി പിൻവലിക്കാൻ തീരുമാനിച്ചു. ഫ്ലാഗ് ബ്ലോക് സ്റ്റേഷനായ പാപ്പിനിശ്ശേരിയെ 2001ൽ ഹാൾട്ട് സ്റ്റേഷനായി തരംതാഴ്ത്താൻ നടപടി തുടങ്ങിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
യാത്രക്കാരെ ആകർഷിക്കാൻ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് തരംതാഴ്ത്തലിനു തുല്യമായ നടപടി. തളിപ്പറമ്പ് മേഖലയിൽ നിന്ന് വേഗത്തിൽ എത്തിച്ചേരാനാകുന്ന സ്റ്റേഷനെന്ന കാര്യം കണക്കിലെടുക്കണമെന്നാണ് ആവശ്യം.

തലശ്ശേരി ടെംപിൾ ഗേറ്റ് റെയിൽവേ സ്‌റ്റേഷൻ
നിലവിൽ മംഗളൂരു കോയമ്പത്തൂർ, കണ്ണൂർ - കോയമ്പത്തൂർ, കണ്ണൂർ - തൃശൂർ, കണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനുകളാണ് ഇവിടെ നിർത്തുന്നത്. ചൊക്ലി, പെരിങ്ങത്തൂർ, കരിയാട്, കടവത്തൂർ, കോഴിക്കോട് ജില്ലയിലെ തൂണേരി, നാദാപുരം ഭാഗങ്ങളിൽ നിന്നു കോയമ്പത്തൂരിലെ ആശുപത്രികളിലേക്കും വ്യാപാര ആവശ്യങ്ങൾക്കും പോകുന്നതിന് കോയമ്പത്തൂർ പാസഞ്ചർ സഹായകമായിരുന്നു.
കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും പോകുന്ന വിദ്യാർഥികൾക്കും പ്രയോജനമായിരുന്നു. തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു സ്റ്റേഷനിൽ പ്രത്യേക സ്റ്റോപ്പും മുൻകാലങ്ങളിൽ അനുവദിച്ചിരുന്നു.

ഉപ്പള സ്റ്റേഷൻ
കാസർകോട് ജില്ലയിലെ ഉപ്പള റെയിൽവേ സ്റ്റേഷനിൽ ഒരു എക്സ്പ്രസ് ട്രെയിൻ ഉൾപ്പെടെ 4 ട്രെയിനുകൾക്കാണ് സ്റ്റോപ്പുള്ളത്. മംഗളൂരു–തിരുവനന്തപുരം, മംഗളൂരു–കോഴിക്കോട്, മംഗളൂരു–കോയമ്പത്തൂർ, മംഗളൂരു–കണ്ണൂർ എന്നീ ട്രെയിനുകളാണ് ഇവിടെ നിർത്തുന്നത്.
എന്നാൽ പുതിയ പരിഷ്കരണത്തിൽ സ്റ്റോപ്പുകൾ റദ്ദായാൽ ഒട്ടേറെ യാത്രക്കാരാണു പ്രയാസത്തിലാകുക. മലബാർ എക്സ്പ്രസിൽ ഓഫിസുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ജീവനക്കാർ പോകുന്നുണ്ട്. മംഗളൂരുവിലേക്കുള്ള പാസഞ്ചർ ട്രെയിനിനെ ആശ്രയിക്കുന്നവരും ഒട്ടേറെ. ഇത് ഇല്ലാതായാൽ ഇവിടെയുള്ള യാത്രക്കാർ മഞ്ചേശ്വരം, കുമ്പള എന്നീ സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും.