ADVERTISEMENT

കണ്ണൂർ ∙ പുതുവർഷത്തിലും സങ്കടം നെയ്തു ഹാൻവീവ് ജീവനക്കാരും നെയ്ത്തു തൊഴിലാളികളും. നിലവിൽ മുടങ്ങിക്കിടക്കുന്നത് കഴിഞ്ഞ 3 മാസത്തെ ശമ്പളമാണ്. ശമ്പളം ലഭിക്കാതായതോടെ, ജീവിതത്തിന്റെ നിറം മങ്ങിയവരുണ്ട് ഇക്കൂട്ടത്തിൽ...

വീട്ടിലെ ഏക വരുമാന മാർഗം ഇല്ലാതായതോടെ അരി വാങ്ങാൻ പോലും കടം പറയേണ്ടി വന്നവർ. പ്രതിസന്ധി രൂക്ഷമായപ്പോൾ ഇടതുപക്ഷ ജനപ്രതിനിധികളുൾപ്പെടെ സമരമുഖത്തെത്തിയിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഇനി പരിഹാര നടപടികൾ‍ സാധ്യമാകില്ല എന്നു പറഞ്ഞ് സമരം പാതിവഴിയിൽ അവസാനിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നടപടികളുടെ സൂചനയുമില്ലാത്തതിനാൽ തൊഴിലാളികൾ പെരുവഴിയിലായ സ്ഥിതിയാണ്. 

നെയ്യുന്നതത്രയും പ്രതിസന്ധി

ശമ്പളം കൃത്യമായി നൽകുന്നതു കൊണ്ടു മാത്രം ഹാൻവീവിലെ പ്രതിസന്ധി തീരില്ലെന്നു പറയുന്നു ജീവനക്കാർ. വരുന്ന ബജറ്റിൽ കൈത്തറി മേഖലയെ പരിഗണിക്കണമെന്നാണ് ആവശ്യം. സ്കൂൾ യൂണിഫോം ടെൻഡർ ലഭിച്ചതാണു ഹാൻവീവിനുള്ള ആശ്വാസം. എങ്കിലും അതുകൊണ്ടു മാത്രം പ്രതിസന്ധി അകലില്ല. 

ആവശ്യം, സ്ഥിരം എംഡി

ഹാൻവീവിനു സ്ഥിരം മാനേജിങ് ഡയറക്ടറില്ലാത്തതാണു മേഖലയെ അലട്ടുന്ന വലിയ പ്രതിസന്ധി. ഒരു വർഷം മാത്രമാണു സ്ഥിരം എംഡിയുണ്ടായിരുന്നത്. പിന്നീടു വിവിധ വകുപ്പുകളുടെ ചുമതലയുള്ളവർക്കു ഹാൻവീവിന്റെ ചുമതല കൂടി നൽകുകയായിരുന്നു. ഇത് ആശയവിനിമയ പ്രതിസന്ധി ഉൾപ്പെടെ സൃഷ്ടിക്കുന്നുണ്ടെന്നാണു ജീവനക്കാർ പറയുന്നത്.

ശമ്പള പരിഷ്കരണമില്ല

14 വർഷമായി ഹാൻവീവിൽ ശമ്പള പരിഷ്കരണമില്ല. ഇക്കാര്യം സൂചിപ്പിച്ചു യൂണിയനുകൾ മാനേജ്മെന്റിനു നിർദേശം സമർപ്പിച്ചിട്ടുണ്ട്. ഹാൻവീവിലെ വിവിധ പ്രതിസന്ധികൾ സൂചിപ്പിച്ചു ജീവനക്കാർ സമരം നടത്തിയിരുന്നെങ്കിലും കാര്യമായ പരിഹാരമുണ്ടായില്ല.

ഇതു സംബന്ധിച്ചു നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ എഴുതി നൽകിയതിനു ശേഷം വീണ്ടും ചർച്ച നടത്തുമെന്നു മാനേജ്മെന്റ് അറിയിച്ചിരുന്നു. നിർദേശങ്ങൾ നൽകിയെങ്കിലും ചർച്ച ഇതുവരെ നടത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com