ADVERTISEMENT

ഇരിട്ടി ∙ അതിർത്തി ഗ്രാമങ്ങളിൽ കൃഷിക്ക് ഭീഷണിയായ കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വെടിവയ്നുള്ള അനുമതി ഡിഎഫ്ഒ കർഷകർക്ക് നൽകിയിട്ടുണ്ടെങ്കിലും കാലാവധിക്കകം  ഉപകാരപ്പെട്ടേക്കില്ലെന്നു പരാതി. തുടർച്ചയായ തിരഞ്ഞെടുപ്പുകളും ഡിജിപിയുടെ ഉത്തരവും മൂലം തോക്കുകൾ പൊലീസ് കസ്റ്റഡിയിലാവുന്നതാണു കാരണം. അയ്യൻകുന്ന് പഞ്ചായത്തിലെ 5 കർഷകർക്ക് പന്നിയെ വെടിവയ്ക്കാനുള്ള അനുമതി പുതുക്കി നൽകിയത് നവംബർ 18 നാണ്.

6 മാസമാണ് കാലാവധി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നവംബർ 20 ന് അതതു സ്റ്റേഷനുകളിൽ തോക്കുകൾ ഏൽപിക്കേണ്ടി വന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഡിസംബർ 27 നാണ് ഇവ തിരികെ നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തോക്കുകൾ 18 നുള്ളിൽ സ്റ്റേഷനിൽ എൽപിക്കാൻ ഡിജിപി ഉത്തരിവിറക്കിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സ്റ്റേഷനിൽ എൽപിച്ചതിൽ തിരികെ നൽകാത്ത തോക്കുകൾ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയാതെ തിരികെ കൊടുക്കേണ്ടെന്നും ഉത്തരവിലുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമാണു തോക്കുകൾ സ്റ്റേഷനിൽ എൽപിക്കാൻ സാധാരണ നിർദേശം വരാറുള്ളതെന്നു കർഷകർ പറയുന്നു.

ഇതിന് വിപരീതമായാണ് ഡിജിപിയുടെ നടപടി. കർഷകർക്ക് വനം വകുപ്പിൽ നിന്ന് ലഭിച്ച അനുമതി സമയം മേയ് 18 നു കഴിയും. തോക്കുകൾ സ്റ്റേഷനിൽ ഏൽപിച്ചാൽ ഇതിനു മുൻപ് കിട്ടാൻ സാധ്യത കുറവാണ്. കാട്ടുപന്നി ശല്യം രൂക്ഷമായ ഈ സമയത്ത് നിബന്ധനകൾക്ക് വിധേയമായി ഇവയെ നശിപ്പിക്കാൻ കർഷകർക്കുള്ള സാഹചര്യമാണ് നഷ്ടപ്പെടുന്നതെന്നും പരാതിയുണ്ട്. തോക്കുകൾ എൽപ്പിക്കാനുള്ള ഡിജിപിയുടെ ഉത്തരവിൽ പരാതിയുള്ളവർക്ക് കലക്ടറെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുള്ളതായി പൊലീസ് അധികൃതർ അറിയിച്ചു.

‘തിരഞ്ഞെടുപ്പിന് തോക്കുകളെല്ലാം സറണ്ടർ ചെയ്യണമെന്ന വാദം നിയമവിരുദ്ധം’

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ 2009 സെപ്റ്റംബർ ഒന്നിലെ 464/ഐഎൻഎസ്ടി/2009/ഇപിഎസ് പ്രകാരം സംസ്ഥാന കമ്മിഷനുകൾക്കുള്ള ഇൻസ്ട്രക്‌ഷൻ നമ്പർ 112 ൽ പറയുന്നത് ലൈസൻസ് ഉള്ള തോക്കുകളെല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടനെ വാങ്ങി വയ്ക്കാനല്ലെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. കലക്ടർ, ജില്ലാ പൊലീസ് ചീഫ് എന്നിവരുൾപ്പെടുന്ന സ്ക്രീനിങ് കമ്മിറ്റി കൂടി ലൈസൻസ് ഉള്ളവരുടെ പട്ടിക പ്രകാരം ഓരോ വ്യക്തികളെയും പ്രത്യേകം പരിശോധിച്ചു അവരിൽ ആരെങ്കിലും ക്രിമിനൽ കേസിൽ ജാമ്യത്തിൽ നിൽക്കുന്നവരോ, ക്രിമിനൽ പശ്ചാത്തലം ഉള്ളവരോ, മുൻപ് തിരഞ്ഞെടുപ്പ് സമയത്തോ മറ്റോ കലാപം ഉണ്ടാക്കിയിട്ടുള്ളവരോ ആയവരുടെ തോക്കുകൾ മാത്രം സറണ്ടർ ചെയ്യിപ്പിക്കാനാണ്.

പരിശോധന ഇല്ലാതെ എല്ലാ തോക്കുകളും സറണ്ടർ ചെയ്യണം എന്ന് പറയുന്നത് നിയമവിരുദ്ധമാണെന്നും ജീവൻ സുരക്ഷയും കാർഷിക വിളകളുടെ സുരക്ഷയും തിരഞ്ഞെടുപ്പ് സമയത്ത് വേണ്ടെന്ന രീതിയിലുള്ള നിർദേശങ്ങൾ നിയമപരമല്ലെന്നും കർഷകർ വാദിക്കുന്നു.നിയമപരമായി ലൈസൻസ് കരസ്ഥമാക്കി സൂക്ഷിക്കുന്നതും കാട്ടുപന്നിയെ വെടി വക്കാൻ വനം വകുപ്പ് അനുമതി നൽകിയിട്ടുള്ളതുമായ തോക്കുകൾ തിരഞ്ഞെടുപ്പിന്റെ പേരു പറഞ്ഞ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിക്കുന്ന നടപടി ശരിയല്ല. നിയമപരമല്ലാത്ത നീക്കത്തിനെതിരെ കോടതിയെ സമീപിക്കും. കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തെന്ന പരിഗണന കൂടി വച്ചാണ് ഡിഎഫ്ഒ ലൈസൻസ് നൽകിയത്. അപ്പച്ചൻ പാമ്പയ്ക്കൽ, അങ്ങാടിക്കടവ്, കാട്ടുപന്നിയെ വെടി വക്കാൻ വനം വകുപ്പിന്റെ അനുമതിയുള്ള കർഷകൻ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com