ADVERTISEMENT

1964ൽ നടന്ന മണ്ഡല പുനർ നിർണയത്തോടെ നിലവിൽ വന്ന തളിപ്പറമ്പിൽ ആദ്യ തിരഞ്ഞെടുപ്പു നടക്കുന്നത് 1965ൽ. ആർക്കും ഭൂരിപക്ഷം കിട്ടാതെ വരികയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ദീർഘിപ്പിക്കുകയും ചെയ്ത സമയമായിരുന്നു അത്. മണ്ഡലത്തിന്റെ പ്രതിനിധിയായി ഇതുവരെ ഒരു മന്ത്രിയുണ്ടായിട്ടില്ല. ഒരു തവണ ഉപതിരഞ്ഞെടുപ്പിനും മണ്ഡലം വേദിയായി. ഇവിടെ കോൺഗ്രസിനു ജയിക്കാനായത് ഒരിക്കൽ മാത്രം. 

പൊതുവാളുടെ ജയവും തോൽവിയും 

മണ്ഡലത്തിലെ ആദ്യ മൂന്നു തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിലെ കെ.പി.രാഘവപൊതുവാളായിരുന്നു സ്ഥാനാർഥി. അഭിഭാഷകനായിരുന്ന അദ്ദേഹം കർഷകസംഘം നേതാവായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ കോൺഗ്രസിലെ എൻ.സി.വർഗീസായിരുന്നു എതിരാളി. രണ്ടു തവണയും പൊതുവാൾ ജയിച്ചു. 

മൂന്നാമത്തെ മത്സരത്തിൽ അദ്ദേഹം തോറ്റു. സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുണ്ടായിരുന്ന പാട്ടത്തിൽ രാഘവൻ പ്രതീക്ഷിച്ചതിൽ കൂടുതൽ വോട്ടു പിടിച്ചതു കൊണ്ടാണു തോൽവിയെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. 1970ൽ ആയിരുന്നു രാഘവപൊതുവാളിന്റെ തോൽവി. അതും ആയിരത്തിൽ താഴെ വോട്ടുകൾക്ക്. കോൺഗ്രസിലെ സി.പി.ഗോവിന്ദൻ നമ്പ്യാർക്കായിരുന്നു ജയം. 

കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ (1965) രാഘവപൊതുവാളിനെതിരെ സിപിഐയുടെ സ്ഥാനാർഥിയും രംഗത്തുണ്ടായിരുന്നു– എ.കെ.പൊതുവാൾ. അദ്ദേഹത്തിന് വളരെ കുറച്ചു വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. പാർട്ടി പിളർന്നതോടെ അണികളിൽ ഏറെയും സിപിഎമ്മിനൊപ്പം നിന്നതു കൊണ്ടായിരുന്നു അത്. 

കോൺഗ്രസ് ഒരിക്കൽ മാത്രം 

മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചത് 1970ലെ തിരഞ്ഞെടുപ്പിൽ മാത്രം. ആദർശ രാഷ്ട്രീയത്തിന്റെ ആൾ രൂപമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സി.പി.ഗോവിന്ദൻ നമ്പ്യാരാണു മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചു കോൺഗ്രസിന്റെ അഭിമാനമായി മാറിയത്. 

സിറ്റിങ് എംഎൽഎയായിരുന്ന സിപിഎമ്മിലെ രാഘവപൊതുവാളിനെയാണ് അദ്ദേഹം 909 വോട്ടുകൾക്കു തോൽപിച്ചത്. റിട്ട. അധ്യാപകനായിരുന്ന ഗോവിന്ദൻ നമ്പ്യാരെ പിന്നീടു മത്സര രംഗത്തു കണ്ടിട്ടില്ല 

രണ്ട് സിറ്റിങ് എംഎൽഎമാർക്ക് തോൽവി 

കെ.പി.രാഘവപൊതുവാളിനെ കൂടാതെ ഒരു സിറ്റിങ് എംഎൽഎ കൂടി തളിപ്പറമ്പിൽ തോറ്റിട്ടുണ്ട്– സി.പി.മൂസാൻകുട്ടി. 1980,82 തിരഞ്ഞെടുപ്പുകളിൽ തളിപ്പറമ്പിൽ സിപിഎം സ്ഥാനാർഥിയായി ജയിച്ച വ്യക്തിയാണു സി.പി.മൂസാൻകുട്ടി. എം.വി.രാഘവനെ സിപിഎം പുറത്താക്കിയപ്പോൾ മൂസാൻകുട്ടി സിഎംപിയിലേക്കു പോയി.

1987ലെ തിരഞ്ഞെടുപ്പിൽ സിഎംപി സ്ഥാനാർഥിയായി സിപിഎമ്മിലെ പാച്ചേനി കുഞ്ഞിരാമനോടു മത്സരിച്ചെങ്കിലും തോറ്റു. മണ്ഡലത്തിൽ എം.വി.രാഘവന്റെ പിൻഗാമിയായാണ് സി.പി.മൂസാൻ കുട്ടി 1980ൽ മത്സരത്തിന് ഇറങ്ങിയിരുന്നത്. 

1989ലെ ഉപതിരഞ്ഞെടുപ്പ് 

സിറ്റിങ് എംഎൽഎയായിരുന്ന കെ.കെ.എൻ.പരിയാരം അന്തരിച്ചപ്പോഴാണ് 1989ൽ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടന്നത്. അത്തവണയും സിഎംപിയായിരുന്നു എതിർപക്ഷത്ത്. സിഎംപിയിലെ പി.ബാലൻ സിപിഎമ്മിലെ പാച്ചേനി കുഞ്ഞിരാമനോട് 6311 വോട്ടിനു തോറ്റതാണ് ഉപതിരഞ്ഞെടുപ്പു ചരിത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com