അന്തവും കുന്തവുമില്ലാത്ത പാർക്ക് ചെയ്താൽ ‘വണ്ടി പൊക്കിയിരിക്കും’

kannur news
SHARE

കണ്ണൂർ‌ ∙ തിരക്കുള്ള റോഡരികിലോ ‘നോ പാർക്കിങ്’ ബോർഡിനു മുൻപിലോ ഒരു മടിയുമില്ലാതെ വാഹനം നിർത്തിയിടുന്നവരാണോ നിങ്ങൾ? എങ്കിൽ പിഴയടയ്ക്കാനുള്ള പണം കയ്യിൽ കരുതിക്കോളൂ... അടുത്തയാഴ്ച മുതൽ ഇത് ആവശ്യം വന്നേക്കും. നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണു കോർപറേഷൻ അധികൃതർ.

ഇവിടെ പാർക്കിങ് കേന്ദ്രമുണ്ട്

ഇതിനോടകം തന്നെ നഗരത്തിൽ പലയിടത്തും കോർപറേഷൻ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതുതായി 10 സ്ഥലങ്ങളാണു പാർക്കിങ്ങിനായി കണ്ടെത്തിയിരിക്കുന്നത്. പാർക്കിങ് കേന്ദ്രങ്ങൾക്കു സമീപത്തെ റോഡിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്താലാണു നടപടി സ്വീകരിക്കുക. തെക്കീ ബസാറിൽ അശോക മൈതാനം, തളിപ്പറമ്പ് റോഡിൽ എൽഐസി ജംക്‌ഷനു സമീപം, യോഗശാല റോഡിൽ എസ്എൻഡിപിയുടെ പേ ആൻഡ് പാർക്ക് എന്നിവ വാഹനം നിർത്തിയിടാൻ സജ്ജമാണ്. കവിത തിയറ്ററിനു സമീപം,

പിള്ളയാർ കോവിലിനു സമീപം എന്നിവിടങ്ങളിലെ പാർക്കിങ് കേന്ദ്രങ്ങൾ ദിവസങ്ങൾക്കകം സജ്ജമാകും. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള അശോക മൈതാനത്തു പാർക്കിങ് കേന്ദ്രം സജ്ജമാക്കി നടത്തിപ്പിനായി ക്വട്ടേഷൻ ക്ഷണിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാകും വരെ സൗജന്യ പാർക്കിങ് ആണ്. താണ – ആനയിടുക്ക് റോഡിൽ പാർക്കിങ് കേന്ദ്രമൊരുക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആറാട്ട് റോഡിൽ പഴയ മത്സ്യ മാർക്കറ്റിനു സമീപത്തും പയ്യാമ്പലത്തും പാർക്കിങ് കേന്ദ്രം ആരംഭിക്കാൻ ശ്രമം നടക്കുകയാണ്. 

സാംപിൾ ഡോസ് 

അനധികൃത പാർക്കിങ്ങിന് അടുത്തയാഴ്ച മുതൽ നടപടി സ്വീകരിച്ചു തുടങ്ങും. ആദ്യഘട്ടത്തി‍ൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരാഴ്ച ഈ നടപടി തുടരും. അതിനുശേഷവും അനധികൃത പാർക്കിങ് ശ്രദ്ധയിൽപ്പെട്ടാൽ റിക്കവറി വാൻ ഉപയോഗിച്ചു വാഹനങ്ങൾ എടുത്തുമാറ്റാനാണു തീരുമാനമെന്നു മേയർ ടി.ഒ.മോഹനൻ പറഞ്ഞു.

ഇതിനു പുറമെ പിഴയും ഈടാക്കും. നഗരത്തിലെ പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിനായി മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ഡപ്യൂട്ടി മേയർ കെ.ഷബീന, സ്ഥിരം സമിതി അധ്യക്ഷരായ മാർട്ടിൻ ജോർജ്, പി.ഇന്ദിര, ഷമീമ, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ സജേഷ് കുമാർ, മുസ്‌ലിഹ് മഠത്തിൽ, മോട്ടർ വാഹന വകുപ്പ് പ്രതിനിധികൾ, ട്രാഫിക് പൊലീസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA