‘നീയെന്തിനാ ഓൾടെ കൂടെ നടക്കുന്നത്’? ചോദ്യത്തിനു പിന്നാലെ അടി, അവസാനം പറഞ്ഞു ആളു മാറിയെന്ന്!

SHARE

പാനൂർ‍ ∙ സദാചാര ഗുണ്ടായിസത്തിനെതിരെ പൊരുതുന്ന ഒരു സമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് തിങ്കളാഴ്ച മുത്താരപ്പീടികയിൽ നടന്ന മർദ്ദനം. യുവജന സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നയാളാണ് ഇത്തരമൊരു കൃത്യത്തിനു മുതിർന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. യൂണിഫോമിലായിരുന്ന വിദ്യാർഥിയെ മർദിക്കാൻ പ്രതിക്കുള്ള പ്രകോപനമെന്തെന്നു വിശദീകരിക്കാനാകാതെ പൊലീസും തുടക്കത്തിൽ കുഴങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്കു നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്നലെ രാത്രി വൈകിയാണ്. 

ഒത്തുതീർക്കാൻ‍ പൊലീസുമെന്ന് ആരോപണം

ആളു മാറിപ്പോയി എന്നു പറഞ്ഞ് പ്രതി ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്ന് വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. നട്ടുച്ചയ്ക്ക്, നടുറോഡിൽ, യൂണിഫോം ധരിച്ച വിദ്യാർഥിക്കു നേരെയാണ് സദാചാര ഗുണ്ടായിസത്തിന്റെ പേരിലുള്ള ഈ ആക്രമണം നടന്നത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

ഒരു എഎസ്ഐയും ചില സിപിഎം പ്രവർത്തകരും ഇതിനു ശ്രമിച്ചെന്ന് ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നും സംഭവം നടന്ന ദിവസം തന്നെ കേസെടുത്തിട്ടുണ്ടെന്നും അക്രമത്തിനു പിന്നിലെ പ്രകോപനം വ്യക്തമല്ലെന്നും പാനൂർ പൊലീസ് പറഞ്ഞു.

Moral Policing
(1) വഴിയിൽ തടഞ്ഞു നിർത്തി മർദിച്ച ഓട്ടോഡ്രൈവർ കൂടിയായ ജിനീഷ് (2) മൊകേരി മുത്താറിപ്പീടികയിൽ സ്കൂൾ വിദ്യാർഥിയെ നടുറോഡിൽ ഓട്ടോറിക്ഷ ഡ്രൈവർ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ. വിദ്യാർഥി നടന്നുപോകുന്നതും കാണാം

നാടിനെ ഞെട്ടിച്ച ഗുണ്ടായിസം

സഹപാഠിയായ പെൺകുട്ടിക്കൊപ്പം ഒന്നിച്ചു നടന്നതിന്റെ പേരിലാണു വിദ്യാർഥിക്കു നേരെ ക്രൂര മർദനമുണ്ടായത്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു തന്നെ മർദനത്തിന്റെ ഭീകരത വ്യക്തമാണ്. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണു മർദനമേറ്റത്. മർദനമേറ്റ കാര്യം വിദ്യാർഥി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി.

വിദ്യാർഥി പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.  പല്ല് ഇളകിയതായി വിദ്യാർഥിയുടെ പിതാവ് പറഞ്ഞു.  പ്രകോപനമില്ലാതെയാണു ചെണ്ടയാട് സ്വദേശിയായ വിദ്യാർഥിയെ മുത്താരപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷ് മർദിച്ചത്. സഹപാഠിക്കൊപ്പം നടന്നതിനാണു മർദിച്ചതെന്നാണ് വിദ്യാർ‍ഥിയുടെ പിതാവും പറയുന്നത്. പരാതി നൽകിയിട്ടും പൊലീസ് ഒത്തുതീർപ്പിനു ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. 

രാത്രി വൈകി അറസ്റ്റ്

സംഭവം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞും പ്രതിയെ പിടിക്കാൻ കഴിയാതെ വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. പ്രതി ഡിവൈഎഫ്ഐ ഭാരവാഹിയാണെന്നത് സംഘടനയ്ക്കും സമ്മർദ്ദമായി. ഇന്നലെ വൈകിട്ടോടെ പ്രതിയെ പിടികൂടണം എന്ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ഈ കേസിൽ പ്രതിക്കൊപ്പം നിന്നാൽ രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. ആക്രമങ്ങളെ നീതീകരിക്കാൻ സാധിക്കില്ലെന്നും പീഡിതർക്കൊപ്പമാണ് ഡിവൈഎഫ്ഐ നിലകൊള്ളുകയെന്നും സംഘടനയുടെ ബ്ലോക്ക് സെക്രട്ടറി കെ.ആദർശ് പറഞ്ഞു. മൊകേരിയിൽ നിന്നാണ് രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

വിദ്യാർഥിയുടെ പ്രതികരണം 

‘ഞാനും എന്റെ ക്ലാസിലെ പെൺകുട്ടിയും നടന്നു വരുമ്പോൾ ഒന്നും പറയാതെ വെറുതെ പിടിച്ച് അടിച്ചു. ആളു മാറിയെന്നാണ് അവസാനം പറയുന്നത്. അടിയെല്ലാം കഴിഞ്ഞാണിതു പറയുന്നത്. 

വിദ്യാർഥിയുടെ പിതാവ് 

പരീക്ഷ കഴിഞ്ഞ് ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഒന്നിച്ചു വരികയായിരുന്നു. പെൺകുട്ടി അവളുടെ വീട്ടിലേക്കു പോയി. മകൻ ഞങ്ങളുടെ വീട്ടിലേക്കു വരികയായിരുന്നു. അപ്പോഴാണ് മർദനം. നീയെന്തിനാ ഓൾടെ കൂടെ നടക്കുന്നത് എന്നു ചോദിച്ചായിരുന്നു മർദനം. എല്ലാവരും നോക്കി നിന്നു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾ ഉൾ‍പ്പെടെ അവിടെയുണ്ടായിരുന്നു. ഒരു കുട്ടിയെ അടിക്കുന്നതു കണ്ടിട്ട് ഒന്നു പിടിച്ചുമാറ്റാൻ പോലും ഇവർ തയാറായില്ല. സ്റ്റേഷനിലെ പൊലീസിന്റെ ഇടപെടലും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതു പോലെയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA