ADVERTISEMENT

കണ്ണൂർ∙ കാത്തിരിപ്പിന് അറുതിയായി കണ്ണൂരിൽ മെമുവിന്റെ രംഗപ്രവേശം. സ്വപ്ന സാഫല്യമായി മെമു വന്നതോടെ ആഹ്ലാദത്തിലാണ് യാത്രക്കാർ. രാവിലെ 8.45ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മെമു എത്തി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പാലിക്കേണ്ടതിനാൽ മെമുവിന്റെ ആദ്യ സർവീസിന് ഉദ്ഘാടന പരിപാടികളുണ്ടായില്ല. കോവിഡിനു ശേഷമുള്ള ആദ്യ അൺ റിസർവ്ഡ് ട്രെയിൻ കൂടിയാണ് മെമു. 

സ്വീകരണം...പ്രതിഷേധം

ആദ്യമായി കണ്ണൂരിലെത്തിയ ഷൊർണൂർ -കണ്ണൂർ മെമു ട്രെയിനിനു നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി സ്വീകരണം നൽകി. ലോക്കോ പൈലറ്റ് എം.എസ്.അശോകൻ, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എം.വിഷ്ണു എന്നിവർക്ക് ഹാരാർപ്പണം നടത്തി. മധുര വിതരണവുമുണ്ടായി. ചെയർമാൻ റഷീദ് കവായി, ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, ചന്ദ്രൻ മന്ന,

ജി.ബാബു, വിജയൻ കൂട്ടിനേഴത്ത്, ജലീൽ അഡൂർ, സി, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. അതേസമയം, മെമു സർവീസ് മംഗലാപുരത്തേക്കു നീട്ടാത്ത റെയിൽവേ നിലപാടിനെതിരെ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധവും നടന്നു. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ റഷീദ് കവായി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. 

മധുരം..പാട്ട്...ആഹ്ലാദം 

വൈകിട്ട് 5.20 ആണ് സമയമെങ്കിലും ആദ്യദിനം കണ്ണൂരിൽ നിന്ന് പുറപ്പെട്ടത് 5.40ന്. മെമു നീങ്ങിയതും യാത്രക്കാരുടെ ആഹ്ലാദാരവം. മെമുവിലെ ആദ്യയാത്ര അവിസ്മരണീയമാക്കുകയായിരുന്നു പലരും. കോച്ചിൽ സഹയാത്രികർക്ക് മധുരം നൽകിയും പാട്ട് പാടിയും ആരവം കൊഴുപ്പിച്ചു. കേട്ടറിവ് മാത്രമുണ്ടായ മെമുവിൽ കയറിയുള്ള ആദ്യ യാത്രയുടെ ത്രില്ലിലായിരുന്നു യാത്രക്കാർ. മെമുവിനെ കുറിച്ച് ചർച്ച ചെയ്യുന്ന തിരക്കായിരുന്നു കോച്ചുകളിൽ. പാസഞ്ചർ ട്രെയിനുകളിലെ പതിവ് യാത്രികർ, യാത്ര മെമുവിലാക്കിയതിന്റെ സന്തോഷം പങ്കുവച്ചു. 

സൗകര്യം ഈ വിധം 

മെമുവിന് ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ലഭിക്കും. ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമുവിന് 21 സ്റ്റേഷനുകളിലാണു സ്റ്റോപ്പ്. ഞായർ ഒഴികെ മറ്റെല്ലാ ദിവസവും സർവീസുണ്ട്. ഒരു സ്റ്റേഷനിൽ ഒരു മിനിറ്റാണു സമയം. കോഴിക്കോട് 3 മിനിറ്റും തിരൂർ 2 മിനിറ്റും നിർത്തും. പാസഞ്ചർ നിർത്തിയിരുന്ന വള്ളിക്കുന്ന്, വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി, ധർമടം എന്നീ ഹാൾട്ട് സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പില്ല. ഷൊർണൂർ-കണ്ണൂർ യാത്രയ്ക്ക് 4.40 മണിക്കൂറാണ് സമയം. 915 സീറ്റുകളിലായി 2634 പേർക്ക് യാത്ര ചെയ്യാം. ‌എക്സ്പ്രസ് ട്രെയിൻ നിരക്കാണ് മെമുവിന്. 

സ്റ്റോപ്പുകൾ; സമയം

ഷൊർണൂർ– കണ്ണൂർ (06023)

ഷൊർണൂർ പുലർച്ചെ 4.30, പട്ടാമ്പി– 4.49, പള്ളിപ്പുറം– 4.59, കുറ്റിപ്പുറം– 5.09, തിരൂർ –5.28, താനൂർ– 5.37, പരപ്പനങ്ങാടി– 5.44, കടലുണ്ടി– 5.54, ഫറോഖ്– 6.04, കല്ലായി– 6.14, കോഴിക്കോട്-6.32, വെസ്റ്റ് ഹിൽ– 6.44, എലത്തൂർ– 6.52, കൊയിലാണ്ടി– 7.07, തിക്കോടി– 7.19, പയ്യോളി– 7.24, വടകര-7.34, മാഹി-7.54, ജഗന്നാഥ ടെമ്പിൾ-7.59, തലശ്ശേരി-8.09, എടക്കാട്-8.24, കണ്ണൂർ സൗത്ത്-8.32, കണ്ണൂർ-9.10.

കണ്ണൂർ– ഷൊർണൂർ (06024)

കണ്ണൂർ വൈകിട്ട് 5.20, കണ്ണൂർ സൗത്ത്-5.27, എടക്കാട്-5.36, തലശ്ശേരി-5.49, ജഗന്നാഥ ടെമ്പിൾ-5.54, മാഹി-5.59, വടകര-6.15, പയ്യോളി– 6.27, തിക്കോടി– 6.34, കൊയിലാണ്ടി– 7.09, എലത്തൂർ– 7.23, വെസ്റ്റ് ഹിൽ– 7.29, കോഴിക്കോട്-7.52, കല്ലായി– 8.02, ഫറോഖ്– 8.11, കടലുണ്ടി– 8.19, പരപ്പനങ്ങാടി– 8.34, താനൂർ– 8.42, തിരൂർ– 8.59, കുറ്റിപ്പുറം– 9.16, പള്ളിപ്പുറം– 9.29, പട്ടാമ്പി– 9.39, ഷൊർണൂർ ജംക്‌ഷൻ-10.55.

ടിക്കറ്റ് നിരക്ക് (കണ്ണൂരിൽ നിന്ന്)

തലശ്ശേരി-30 രൂപ, വടകര-30, കോഴിക്കോട്-50, തിരൂർ-60, ഷൊർണൂർ-75 

‌എന്താണ് മെമു ? 

ഹ്രസ്വദൂര യാത്രയ്ക്ക് റെയിൽവേ ആരംഭിച്ച പാസഞ്ചർ ട്രെയിനാണ് മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് അഥവാ മെമു. അൺ റിസർവ്ഡ് സ്പെഷൽ ട്രെയിൻ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിനു പരിഹാരമായാണ് മെമുവിന്റെ വരവ്. ഇരുവശത്തും എൻജിൻ ഉള്ളതിനാൽ എൻജിൻ ഷണ്ടിങ്ങിന്റെ ആവശ്യമില്ല. റെയിൽവേ സ്റ്റേഷനുകളിൽ നിർത്തുന്ന വണ്ടികൾ പെട്ടെന്ന് പുറപ്പെട്ട് വേഗത്തിൽ നീങ്ങിയെങ്കിൽ മാത്രമേ പിറകെ വരുന്ന തീവണ്ടികൾക്കും വേഗത്തിൽ സഞ്ചരിക്കാൻ പറ്റൂ. ഇതിനു മെമുവാണ് അനുയോജ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com