ADVERTISEMENT

കണ്ണൂർ ∙ കോവി‍ഡ് കേസുകളുടെ എണ്ണം കൂടുമ്പോൾ ആശുപത്രികളിൽ കോവിഡ് കിടക്കകളും നിറയുകയാണ്. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർധനയുണ്ട്. 6നു മുകളിലാണു ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് ഒരു സിഎഫ്എൽടിസി മാത്രമാണ്. പോസിറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഗുരുതര ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കും.

കോവി‍ഡ് ചികിത്സയ്ക്കായി 10 ശതമാനം കിടക്കകളായിരുന്നു ആശുപത്രികൾ ആദ്യഘട്ടത്തിൽ മാറ്റിവച്ചിരുന്നത്. എന്നാൽ കോവിഡ് കേസുകൾ കുറഞ്ഞതോടെ ഇതിൽ കുറവു വരുത്തി. ആശുപത്രികളിലെ കിടക്കകൾ വർധിപ്പിക്കുന്നതിനൊപ്പം നിയന്ത്രണങ്ങളും കർശനമാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ബ്രേക്ക് ദ് ചെയിൻ ക്യാംപെയ്ൻ ജില്ലയിൽ വീണ്ടും ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ലോക്ഡൗൺ കാലത്തു നിലനിന്നിരുന്നതു പോലുള്ള ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും.

കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ, കിടക്കകൾ എന്നിവ വരും ദിവസങ്ങളിൽ വർധിപ്പിക്കും. ആവശ്യമായി വന്നാൽ സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളും ജില്ലയിൽ ആരംഭിക്കും. നിലവിൽ ജില്ലയിൽ ഒരു സിഎഫ്എൽടിസി മാത്രമാണു പ്രവർത്തിക്കുന്നത്. ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ കോവിഡിനായി മാറ്റിയിരിക്കുന്ന കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും നിർദേശമുണ്ട്. 

നടപടികൾ ഇങ്ങനെ

ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലം കണ്ടെത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി അവിടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇവിടെ സമ്പർക്കത്തിലുള്ളവരെയെല്ലാം നിർബന്ധമായി കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നായിരിക്കും ഈ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്താനും നിർദേശമുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നതും ആളുകൾ കൂട്ടം കൂടുന്നതും ഒഴിവാക്കാൻ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. 

ആളൊഴിഞ്ഞ് വാക്സിനേഷൻ‌ കേന്ദ്രങ്ങൾ

ജില്ലയിൽ ദിവസവും നൂറിലേറെ കേന്ദ്രങ്ങളിൽ കോവിഡ് വാക്സീൻ നൽകുമ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടെന്ന് അധികൃതർ‌ പറയുന്നു. കോവിഡ് വാക്സീൻ വിതരണം വേഗത്തിൽ പൂർത്തിയാക്കുക ലക്ഷ്യമിട്ടാണു ജില്ലയിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചത്. ദിവസം ഒരു കേന്ദ്രത്തിൽ നിന്ന് 1000 പേർക്കു വീതം വാക്സീൻ നൽകുന്നതിനു വേണ്ടി മെഗാ ക്യാംപുകളും ആരംഭിച്ചിരുന്നു.

എന്നാൽ കോവിഡ് വാക്സീൻ മെഗാ ക്യാംപുകളിലേക്ക് എത്തുന്നവരുടെ എണ്ണം കുറവാണ്. ദിവസം ശരാശരി 200 പേരാണു വാക്സിനേഷൻ ക്യാംപുകളിലേക്ക് എത്തുന്നതെന്ന് അധികൃതർ പറയുന്നു. 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സീൻ എടുക്കുന്നതിനുള്ള സൗകര്യം ജില്ലയിലുണ്ട്. ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും വാക്സിനേഷൻ നൽകിയപ്പോഴുണ്ടായ പങ്കാളിത്തം ജില്ലയിൽ ഇപ്പോഴില്ല. പലരും വാക്സീൻ എടുക്കുന്നതിൽ വിമുഖത കാട്ടുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 

വാക്സീൻ സ്വീകരിച്ചാൽ

കോവി‍ഡ് വീണ്ടും ശക്തമാകുമ്പോൾ എല്ലാവരും വാക്സീൻ സ്വീകരിക്കേണ്ടതുണ്ട്. 2 ഡോസ് വാക്സീനും സ്വീകരിച്ചു രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ രോഗപ്രതിരോധ ശേഷി ലഭിക്കൂ. വാക്സീൻ എടുത്തവർക്കു കോവി‍ഡ് പോസിറ്റീവായാലും ഗുരുതര പ്രശ്നങ്ങളുണ്ടാകുന്നത് 95 ശതമാനം വരെ തടഞ്ഞു നിർത്താനാകും.

ആദ്യ ‍ഡോസ് സ്വീകരിച്ചു നാലാഴ്ചയ്ക്കുള്ളിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത 30 മുതൽ 40 ശതമാനം വരെ കുറയും. രണ്ടാം ഡോസ് എടുത്ത് നാലാഴ്ചയ്ക്കുള്ളിൽ ഇത് 70 ശതമാനമാകും. കോവിഡ് ബാധിച്ചാലും രോഗം ഗുരുതരമാകാനുള്ള സാധ്യത 95 ശതമാനവും മരണസാധ്യത 100 ശതമാനവും കുറയുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 

ഇന്ന് 122 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ  

ജില്ലയിൽ ഇന്നു സർക്കാർ മേഖലയിൽ 87 ആരോഗ്യ കേന്ദ്രങ്ങളിലും കൂടാതെ പരിയാരം മെഡിക്കൽ കോളജിലും കോവിഡ് വാക്‌സീൻ നൽകും. കണ്ണൂർ ജൂബിലി ഹാൾ, കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം പവലിയൻ, പെരുവ പ്രാഥമികാരോഗ്യകേന്ദ്രം, പീപ്പിൾസ് ക്ലബ് പാലക്കുളങ്ങര, ശിവപുരം ഹൈസ്‌കൂൾ, കുറുവ ബാങ്ക് ഹാൾ, ആലക്കോട് തേർത്തല്ലി കുടുംബാരോഗ്യകേന്ദ്രം,

പയ്യന്നൂർ ബോയ്‌സ് സ്‌കൂൾ എന്നിവ കോവിഡ്  മെഗാ വാക്‌സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടാതെ 26 സ്വകാര്യ ആശുപത്രികളും വാക്‌സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ ആധാർ കാർഡോ അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡോ കരുതണം. 

സൗജന്യ ആർടിപിസിആർ പരിശോധന

വിവിധ കേന്ദ്രങ്ങളിൽ ഇന്നു മൊബൈൽ ലാബ് സൗകര്യമുപയോഗിച്ചു സൗജന്യ ആർടിപിസിആർ പരിശോധന നടത്തും. കായലോട് വൃദ്ധസദനം, ഇരിട്ടി ചെക്ക് പോസ്റ്റ്, പയ്യന്നൂർ ബിഇഎംഎൽപി സ്‌കൂൾ, പാപ്പിനിശ്ശേരി സാമൂഹിക ‌ആരോഗ്യ കേന്ദ്രം, ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണു സൗജന്യ കോവിഡ് പരിശോധനയ്ക്കു സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയാണു പരിശോധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com