ADVERTISEMENT

മണത്തണ ∙ കുട്ടി മോഷ്ടാക്കൾ വിലസുന്നു. ഇവരെ പിടിക്കാനാകാതെ നാട്ടുകാരും പൊലീസും വലയുന്നു. വ്യാഴാഴ്ച രാത്രി മണത്തണയിലെ പടക്ക വിൽപന ശാലയിൽ മോഷണം നടത്തുന്നതിനിടെ കടയുടമയും നാട്ടുകാരും ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 4 കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സ്കൂട്ടറിലാണ് സംഘം എത്തിയത്. നാട്ടുകാർ പിന്തുടർന്നപ്പോൾ സ്കൂട്ടറിൽ കയറി കടന്നുകളഞ്ഞ സംഘം തൊണ്ടിയിൽ വച്ച് പൊലീസിനു മുൻപിൽ പെട്ടു. തുടർന്നിവർ സ്കൂട്ടർ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

സ്കൂട്ടറും മോഷ്ടിച്ചതായിരിക്കാം എന്നാണു നിഗമനം. 5 വയസ്സു മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളാണു സംഘത്തിൽ ഉള്ളത്. കടകളുടെ ഷട്ടറിന്റെ മധ്യഭാഗം കമ്പി ഉപയോഗിച്ചു വളച്ച ശേഷം ഏറ്റവും ചെറിയ കുട്ടിയെ ഉള്ളിൽ കയറ്റി വിടും. ആ കുട്ടി വാതിലുകൾ തുറന്നു കൊടുക്കുകയും ബാക്കിയുള്ളവർ അകത്തു കടന്നു മോഷണം നടത്തുകയും ചെയ്യും. ഷട്ടർ ഇല്ലാത്ത കടകളുടെ വാതിലുകളും ജനാലകളും തകർത്തും സംഘം അകത്തു കയറും. ഇങ്ങനെ ഒന്നിലേറെ സംഘങ്ങൾ ഉണ്ടെന്നും പൊലീസ് കരുതുന്നു.

പ്രായപൂർത്തി ആകാത്ത കുട്ടികൾ ആയതു കൊണ്ട് പലരും പരാതികൾ നൽകാറില്ല. അതിനാൽ തന്നെ പൊലീസിനു നടപടി സ്വീകരിക്കാനും സാധിക്കാറില്ല. ഒരു തവണ കുട്ടികളെ പിടികൂടി ബാലഭവനിലേക്ക് അയച്ചെങ്കിലും അവിടെ നിന്ന് ഇവർ കടന്നുകളഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി കുട്ടി മോഷ്ടാക്കളുടെ സംഘം പേരാവൂർ, കോളയാട്, കണിച്ചാർ മേഖലകളിൽ കറങ്ങുന്നുണ്ട്. വീടുകളിൽ നിന്നു സൈക്കിൾ മോഷ്ടിച്ചെടുത്ത് അതിൽ സഞ്ചരിച്ചാണു മോഷണം നടത്തിയിരുന്നത്. മോഷണം കഴിഞ്ഞു സൈക്കിൾ ഉപേക്ഷിക്കുകയും ചെയ്യും. അതുകൊണ്ട് ആണ് സ്കൂട്ടറുകൾ മോഷ്ടിച്ചതാണെന്നു കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com