ADVERTISEMENT

പയ്യന്നൂർ ∙ ചുമരു തുരന്ന് പെരുമ്പ ഫൈസൽ ട്രേഡേഴ്സിൽ നിന്ന് കവർന്ന 1 ലക്ഷം രൂപയുടെ സിഗരറ്റ് തൊരപ്പൻ സന്തോഷ് വിറ്റത് 2500 രൂപയ്ക്ക്. ഈ കേസിലെ പ്രതിയായ തൊരപ്പൻ സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി ഇൻസ്പെക്ടർ എം.സി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനുവരി 26ന് രാത്രിയിലാണ് കവർച്ച നടത്തിയത്.

അന്ന് സന്ധ്യയോടെ കണ്ണൂരിൽ നിന്ന് പയ്യന്നൂരിൽ ബസിനു വന്ന സന്തോഷ് കെഎസ്ആർടിസി ഡിപ്പോയുടെ പരിസരത്താണ് ഒളിച്ചിരുന്നത്. കൂട്ടാളികളായ വിജേഷിനെയും ജസ്റ്റിനെയും ഒപ്പം കൂട്ടി രാത്രി 1 ന് ശേഷമാണ് ചുമരു തുരന്നു സിഗരറ്റ് മോഷ്ടിച്ചത്. 2 ചാക്കുകളിലാക്കി നിറച്ചു പുലർച്ചെയുള്ള കെഎസ്ആർടിസി ബസിൽ കയറ്റി കണ്ണൂരിലേക്കു കൊണ്ടു പോയി ട്രെയിൻ വഴി മംഗളൂരുവിലേക്ക് പോവുകയായിരുന്നു.

ചാക്കുകളിൽ നിറച്ച സിഗരറ്റുമായി കൂടുതൽ സഞ്ചരിക്കാൻ കഴിയാത്തതിനാലാണ് 2500 രൂപയ്ക്ക് വിറ്റതെന്ന് സന്തോഷ് പൊലീസിന് മൊഴി നൽകി. പിന്നീട് കൂടുതൽ പണം തരാമെന്ന് വാങ്ങിയ ആൾ പറഞ്ഞുവെങ്കിലും പിന്നീട് അയാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സന്തോഷ് പറഞ്ഞത്. ചുമരു തുരന്ന രീതിയും മറ്റും കൃത്യമായി പൊലീസിന് വിവരിച്ചു നൽകിയിരുന്നു. മാർച്ച് 25ന് മട്ടന്നൂർ ചാലോട് വച്ച് അറസ്റ്റിലായ പ്രതി റിമാൻഡിൽ കഴിയവേയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

എസ്ഐ മനോഹരൻ, എഎസ്ഐ എ.ജി.അബ്ദുൽ റൗഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിൽ പെരിങ്ങോം, മേൽപ്പറമ്പ്, തളിപ്പറമ്പ്, ആലക്കോട് തുടങ്ങിയ സ്റ്റേഷനുകളിലെ പൊലീസ് ഇൻസ്പെക്ടർമാർ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അതത് സ്റ്റേഷനുകളിൽ പ്രതിക്കെതിരെയുള്ള കവർച്ച കേസുകളുടെ തെളിവെടുപ്പ് നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com