ADVERTISEMENT

കണ്ണൂർ ∙ വാഹനമിടിച്ചു കാലുകൾ ചതഞ്ഞരഞ്ഞ് അവശനിലയിലായ തെരുവു നായയെ രക്ഷപ്പെടുത്താൻ തീവ്രശ്രമത്തിലാണ് കണ്ണൂർ സിറ്റി കെഎം ഹൗസിൽ റസിൻ അബ്ദുല്ലയും (22) മുഹമ്മദ് നിഹാലും (13). ഇന്നലെ രാവിലെ ഇവരുടെ തറവാട് വീട്ടുമതിലിനു സമീപമാണു നിരങ്ങാൻ പോലും കഴിയാത്ത വിധം രണ്ടു പിൻകാലുകളും ചതഞ്ഞ നിലയിൽ തെരുവു നായയെ കണ്ടത്. ഞെരക്കം കേട്ട് എത്തിയ ഇവർ വെള്ളവും ഭക്ഷണവും നൽകിയെങ്കിലും കഴിക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു നായ.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി രൂപീകരിക്കപ്പെട്ട എസ്പിസിഎ അധികൃതരുടെ നിർദേശപ്രകാരം നായയെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ നായയുടെ പിൻകാലുകൾക്കു പൊട്ടലുള്ളതായി കണ്ടെത്തി. മരുന്നും കുത്തിവയ്പും നൽകിയ ശേഷം നായയുടെ കാലുകളിൽ ബാൻഡേജ് ഇട്ടു. അടുത്ത ദിവസം കാലിനു ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

മൃഗാശുപത്രിയിൽ നായയ്ക്കു ചികിത്സയ്ക്കായി 550 രൂപയും കൂടിന് 1000 രൂപയും റസിൻ അബ്ദുല്ല സ്വന്തം പോക്കറ്റിൽ നിന്നു നൽകി. തുടർന്ന് എസ്പിസിഎ വൊളന്റിയർ രാജീവ് കൃഷ്ണനെത്തി നായയെ ഏറ്റെടുത്തു. നായയെ ഇന്നു വീണ്ടും ആശുപത്രിയിൽ എത്തിക്കും. കോഴിക്കോട് മർക്കസ് ലോ കോളജ് അവസാന വർഷ എൽഎൽബി വിദ്യാർഥിയാണ് റസിൻ. മുഹമ്മദ് നിഹാൽ എളയാവൂർ സിഎച്ച്എം സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥിയും. റസിന്റെ മാതാവിന്റെ സഹോദരിയുടെ മകനാണ് നിഹാൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com