ADVERTISEMENT

ഇരിട്ടി∙ കേരളത്തിലെ ആദ്യ കൂടു മത്സ്യക്കൃഷിക്ക് പഴശ്ശി സംഭരണി ജലാശയത്തിൽ 4-ാം വർഷവും മികച്ച വിളവ് ലഭിച്ചെങ്കിലും വിറ്റഴിക്കാനാവാതെ കർഷകർ വൻ പ്രതിസന്ധിയിൽ. കോവിഡും ലോക്ഡൗണും മൂലം 60000 മീനുകളെയാണ് വളർച്ച പരിധി കഴിഞ്ഞിട്ടും വിറ്റഴിക്കാനാവാത്തത്. അരക്കോടിയിലധികം രൂപയുടെ നഷ്ടം സംഭവിക്കും. ഓരോ ദിവസവും 7000 രൂപയുടെ നഷ്ടം സഹിച്ചാണു ഇപ്പോൾ ഇവയെ പരിപാലിക്കുന്നത്. പെരുവംപറമ്പ് കപ്പച്ചേരിയിൽ പഴശ്ശി രാജ മത്സ്യ കർഷക സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ കൃഷിയാണ് ഗുരുതര പ്രതിസന്ധി നേരിടുന്നത്.

തിലാപ്പിയ ചിത്രലാട ഇനം മീനുകളെയാണ് ഇക്കുറി വളർത്തിയത്. ഇവയുടെ വളർച്ച 6 മാസമാണ്. ഈ സമയ പരിധി കഴിഞ്ഞതോടെ ഏപ്രിൽ മാസം വിളവെടുപ്പ് ആരംഭിച്ചു. ശുദ്ധജല മത്സ്യ കൃഷി പദ്ധതി പ്രകാരം സർക്കാർ ഏജൻസികളുടെ മേൽനോട്ടത്തിൽ വിഷാംശവും രാസവസ്തുക്കളും ഇല്ലാതെ വളർത്തിയ മീനുകൾക്ക് ആവശ്യക്കാരും ഉണ്ടായിരുന്നു. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിലെ കപ്പച്ചേരിയിൽ തുടങ്ങിയ വിപണന കേന്ദ്രം വഴി വിൽപന തുടങ്ങിയതോടെ ലോക്ഡൗൺ ആയി. പകുതി മീൻ പോലും വിറ്റഴിക്കാനായില്ല.

ജൂൺ 1 ന് അണക്കെട്ട് തുറക്കുമെന്നതിനാൽ ചടച്ചിക്കുണ്ടത്തെ പ്രകൃതിദത്ത കുളത്തിലേക്ക് മീനുകളെ കർഷകർ മാറ്റി. ‍2017 ലാണ് സംസ്ഥാനത്ത് ആദ്യമായി സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റി മുഖേന പഴശ്ശി സംഭരണിയിൽ മത്സ്യം വളർത്തൽ ആരംഭിച്ചത്. പഴശ്ശിരാജാ മത്സ്യകർഷക സ്വയം സഹായ സംഘത്തെ നടത്തിപ്പിനായി ചുമതലപ്പെടുത്തി.

അണക്കെട്ടുകളിലെ ജലാശയം ഉപയോഗപ്പെടുത്തി മത്സ്യ സമ്പത്ത് വർധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പെരുവംപറമ്പിൽ തുടങ്ങിയ ഈ പൈലറ്റ് പദ്ധതി വിജയിച്ചതിനാൽ കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതിനിടെയാണ് ഇരിട്ടിയിലെ പ്രതിസന്ധി. പി.എം.ദിവാകരൻ പ്രസിഡന്റും എ.കെ.നാരായണൻ സെക്രട്ടറിയും പി.വി.വിനോദൻ ട്രഷററും ആയ കൂട്ടായ്മയാണ് പഴശ്ശി രാജ മത്സ്യ കർഷക സ്വയം സഹായ സംഘം. അന്വേഷണങ്ങൾക്ക് - 9645645006.

പ്രതിദിന നഷ്ടം 7000 രൂപ

മീനുകൾക്ക് പ്രതിദിനം 4000 രൂപയുടെ തീറ്റ വേണം. സംഘത്തിൽപെട്ട 10 കർഷകർ പ്രതിദിനം 300 രൂപ വേതന പ്രകാരം ജോലി ചെയ്യുന്നുണ്ട്. ഈ വിധം 3000 രൂപ വേണം. ഇങ്ങനെ പരിപാലന ചെലവ് ഇനത്തിൽ ദിവസം 7000 രൂപ വേണം. കഴിഞ്ഞ 2 മാസം കൊണ്ട് സംഭവിച്ച നഷ്ടം 4.2 ലക്ഷം രൂപയുടേതാണ്.

 ചിത്രലാടയ്ക്കു കൂടുതൽ സ്വാദ്

തിലാപ്പിയ വിഭാഗത്തിലെ ഏറ്റവും നൂതന ഇനമാണ് ചിത്രലാട. സ്വാദ് കൂടുതലാണ്. പ്രത്യേക രീതിയിൽ തയാറാക്കിയ വാക്വം ഫൈബർ പെട്ടികൾ വിന്യസിച്ച് നിർമിക്കുന്ന കള്ളികളാണ് കൂടുകൾ. ഇവയുടെ മുകൾ വശം ചങ്ങാടം പോലെ വെള്ളത്തിന്റെ മുകൾ പരപ്പിൽ കാണാം. ഈ കൂടുകളിലാണു മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തിയെടുക്കുന്നത്.

ഏഴു മീറ്റർ ആഴത്തിലുള്ള കള്ളികളിൽ താഴെയും മുകളിലും നെറ്റുകളും സ്ഥാപിച്ചിട്ടുള്ളതിനാൽ മത്സ്യം പുറത്തേക്കും പോവില്ല. അടിഭാഗം പൂർണമായും അടച്ച ടാങ്ക് സംവിധാനം അല്ലാത്തതിനാൽ വെള്ളം എപ്പോഴും ശുചിയായിരിക്കുമെന്നതിനാൽ പൊതുവേ കൂടു മത്സ്യക്കൃഷിയിൽ വളരുന്ന മീനുകൾക്ക് സ്വാദ് കൂടുതലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com