ADVERTISEMENT

അഴീക്കൽ ∙ അഴീക്കലിൽ വീണ്ടും ചരക്കു കപ്പൽ എത്തുന്നു. ഹോപ് സെവൻ എന്ന ചരക്കു കപ്പലാണ് കൊച്ചി–ബേപ്പൂർ–അഴീക്കൽ തീരങ്ങളെ ബന്ധിപ്പിച്ചു ചരക്കു സർവീസ് തുടങ്ങുന്നത്. മാരിടൈം ബോർഡും കപ്പൽ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് കപ്പൽ സർവീസിനു വഴിതെളിഞ്ഞത്. ഈ മാസം അവസാനം സർവീസ് തുടങ്ങാനാണ് തീരുമാനം. ഒരുക്കങ്ങൾ വിലയിരുത്താൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അടുത്ത ദിവസം ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ സന്ദർശിക്കും. മുംബൈയിലെ റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ് കമ്പനിയുടെയും ഗുജറാത്ത് ആസ്ഥാനമായ ജെഎം ബക്സി ആൻഡ് കമ്പനിയുടെയും പ്രതിനിധികൾ അഴീക്കൽ സന്ദർശിച്ചു.

കൊച്ചിയിൽ നിന്നു ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്റെ മൂന്നാം ദിവസം അഴീക്കലിൽ എത്തുന്ന തരത്തിലാവും സർവീസ് നടത്തുക. പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രതീഷ് നായർ തുറമുഖത്തെ സൗകര്യങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെയും കാലിക്കറ്റ് ചേംബറിന്റെയും പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. സർവീസ് വിജയകരമായാൽ മറ്റൊരു കപ്പൽ കൂടി അഴീക്കൽ വഴി സർവീസ് നടത്താൻ സജ്ജമാക്കുമെന്ന് റൗണ്ട് ദ കോസ്റ്റ് കമ്പനി പ്രതിനിധികൾ ഉറപ്പു നൽകി. 

ചരക്ക് ലഭ്യത ഉറപ്പുനൽകി

ചരക്ക് ലഭ്യത സംബന്ധിച്ച് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളും കമ്പർ കമ്പനി പ്രതിനിധികളും ചർച്ച നടത്തി.  മുടങ്ങാതെ കപ്പൽ സർവീസ് നടക്കുന്നുവെന്ന് ഉറപ്പായാൽ പതിവായി കണ്ടെയ്നറുകൾ ലഭ്യമാക്കാമെന്ന് യോഗത്തിൽ പങ്കെടുത്ത ടൈൽസ്, പ്ലൈവുഡ്, സിമന്റ്, ടെക്സ്റ്റൈൽ എന്നീ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഉറപ്പു നൽകി. യോഗത്തിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ അധ്യക്ഷത വഹിച്ചു.

കപ്പൽ ഉടമയും ഐഎഫ്എക്സ് ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ മൊൻസാർ ആലങ്ങാട്ട്, റൗണ്ട് ദ കോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിരൺ ബി.നന്ദ്രെ, ജെഎം ബക്സി ഗ്രൂപ്പ് അസി. വൈസ് പ്രസിഡന്റ് വി.സജിത്ത് കുമാർ, ബ്രാഞ്ച് ഹെഡ് ജോർജ് വർഗീസ്, ഷിപ്പ് ഓണേഴ്സ് ഇന്ത്യ പ്രതിനിധി റോഷൻ ജോർജ്, എന്നിവരും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ഹനീഷ് കെ.വാണിയങ്കണ്ടി, വൈസ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, ജോയിന്റ് സെക്രട്ടറി പി.കെ.മെഹബൂബ്, ഡയറക്ടർ പി.ഷാഹിൻ (പോർട്ട് സബ് കമ്മിറ്റി ചെയർമാൻ), കാലിക്കറ്റ് ചേംബർ പോർട്ട് കമ്മിറ്റി കൺവീനർ മുൻഷീദ് അലി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com