ADVERTISEMENT

ഇരിട്ടി∙ കർഷകർക്കു താങ്ങാകാൻ ചാലഞ്ചുകൾ സംഘടിപ്പിക്കുകയാണു തദ്ദേശ ഭരണ സ്ഥാപനങ്ങളും കൃഷിഭവനുകളും സംഘടനകളും. ഇരിട്ടിയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ 9 ദിവസം മുൻപ് ആരംഭിച്ച മീൻ ചാലഞ്ച് ശുദ്ധജല മത്സ്യ കർഷകർക്ക് നേട്ടങ്ങൾ സമ്മാനിച്ചു സമാപിച്ചു. ആറളത്തു മരച്ചീനി കർഷകർക്കു പ്രതീക്ഷ നൽകുകയാണ് ഇന്നലെ ആരംഭിച്ച കപ്പ ചാലഞ്ച്.

ലക്ഷ്യം 50 ടൺ പച്ച കപ്പ വിൽപന

2020 ലോക്ഡൗൺ കാലത്തു സർക്കാരിന്റെ നിർദേശപ്രകാരം സുഭിക്ഷ കേരളം പദ്ധതിയിൽ ആറളം പഞ്ചായത്തിൽ 50 ഹെക്ടറിലധികം സ്ഥലത്തു കപ്പ കൃഷി നടത്തി. ആദ്യഘട്ടത്തിൽ കുറച്ചു കർഷകർ സ്വന്തം നിലയിൽ കപ്പ വിറ്റഴിച്ചു. ഒരു ടണ്ണോളം കപ്പ കാർഷിക കർമസേന സംഭരിച്ചു വാട്ട് കപ്പയാക്കി വിപണനം നടത്തി. 5 ടണ്ണിലധികം ഹോർട്ടികോർപ് വഴി സംഭരിച്ചു. ഇനിയും വിറ്റഴിക്കുന്നതിന് 50 ടണ്ണിലധികം കപ്പ ബാക്കിയുള്ള സാഹചര്യത്തിലാണു ജില്ലാ പഞ്ചായത്ത്, ആറളം ഗ്രാമപ്പഞ്ചായത്ത്, ആറളം കൃഷിഭവൻ, ഡിവൈഎഫ്ഐയുടെ കീഴ്പ്പള്ളി, ആറളം മേഖല യൂണിറ്റുകൾ എന്നിവരുടെ നേതൃത്വത്തിൽ കപ്പ ചാലഞ്ച് തുടങ്ങിയത്.

3 കിലോ കപ്പ 50 രൂപയ്ക്കാണ് വിൽപന.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു.ആറളം കൃഷി ഓഫിസർ കെ.ആർ.കോകില, കൃഷി അസിസ്റ്റന്റ് സി.കെ.സുമേഷ്, കെ.കെ.ജനാർദനൻ, നെല്ലിയാനി സോണി, എ.ഡി.ബിജു, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അബിദ്, പ്രസിഡന്റ് അനീഷ്, രതീഷ് ഭാസ്കർ എന്നിവർ പങ്കെടുത്തു. 

 ആറളത്തു ജില്ലാ – ഗ്രാമപ്പഞ്ചായത്തുകളുടെയും കൃഷിഭവന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ ആരംഭിച്ച കപ്പ ചാലഞ്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
ആറളത്തു ജില്ലാ – ഗ്രാമപ്പഞ്ചായത്തുകളുടെയും കൃഷിഭവന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ ആരംഭിച്ച കപ്പ ചാലഞ്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

മീൻ ചാലഞ്ച് വൻ വിജയം

പഴശ്ശി ജലാശയത്തിലെ കൂടു മത്സ്യ കർഷകരെ സഹായിക്കാനായി പായം പഞ്ചായത്ത് ഡിവൈഎഫ്‌ഐ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചാലഞ്ച് വിജയമായി. 9 ദിവസം കൊണ്ട് 16 ക്വിന്റൽ മീൻ വിറ്റു. ഇന്നലെ മെഗാ ചാലഞ്ചിൽ മാത്രം 5.5 ക്വിന്റൽ മീനാണു വിറ്റത്. വളർച്ചയെത്തിയിട്ടും കോവിഡ് മഹാമാരി മൂലം പതിനായിരക്കണക്കിന് തിലാപ്പിയ ചിത്രലാട ഇനം മീനുകളെ വിറ്റഴിക്കാനാവാതെ നഷ്ടം സഹിച്ചു പരിപാലിച്ചു കൊണ്ടുപോകുന്ന കൂടു മത്സ്യ കർഷകരെ കുറിച്ചുള്ള വാർത്ത ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു ഡിവൈഎഫ്ഐ മീൻ ചാലഞ്ചുമായി രംഗത്തിറങ്ങിയത്. ഇരിട്ടി മേഖലയിൽ എവിടെയും പ്രവർത്തകർ ജീവനോടെ മീനുകളെ വീടുകളിൽ എത്തിച്ചു നൽകുമെന്ന വാഗ്ദാനം ജനം ഏറ്റെടുക്കുകയായിരുന്നു.

വരുമാനത്തിൽ ഒരു വിഹിതം മുഖ്യമന്ത്രിയുടെ വാക്സീൻ ചാലഞ്ചിലേക്കു നൽകും. ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലാണ് ഇന്നലെ മെഗാ ചാലഞ്ച് നടത്തിയത്. സെക്രട്ടറി കെ.ജി.ദിലീപ്, പ്രസിഡന്റ് സിദ്ധാർഥ ദാസ്, മീൻ ചാലഞ്ച് കോ–ഓർഡിനേറ്റർ ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം.എസ്.അമർജിത്ത്, കെ.കെ.സനീഷ്, കെ.ശരത്, അജോഷ് പായം എന്നിവർ നേതൃത്വം നൽകി.

മീൻ ചാലഞ്ച് ആശ്വാസമായി

പ്രതിസന്ധിയിൽപ്പെട്ട തങ്ങൾക്കു മീൻ ചാലഞ്ച് വലിയ ആശ്വാസമായതായി പെരുവംപറമ്പ് പഴശ്ശിരാജ മത്സ്യ കർഷക സ്വയം സഹായ സംഘം സംഘം പ്രസിഡന്റ് പി.എം.ദിവാകരൻ, സെക്രട്ടറി എ.കെ.നാരായണൻ, ട്രഷറർ പി.വി.വിനോദൻ എന്നിവർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com