ഏഴിമല റെയിൽവേ സ്റ്റേഷൻ കമ്മിഷൻ‌ ഏജന്റിനെ ഏൽപ്പിച്ചു; വികസനമെത്തുമോ എന്ന ആശങ്കയിൽ ജനങ്ങൾ

 ഏഴിമല റെയിൽവേ സ്റ്റേഷൻ.
ഏഴിമല റെയിൽവേ സ്റ്റേഷൻ.
SHARE

പയ്യന്നൂർ ∙ ഏഴിമല റെയിൽവേ സ്റ്റേഷൻ നാവിക അക്കാദമിയുടെ മദർ സ്റ്റേഷനായി മാറുമെന്നു പ്രതീക്ഷിച്ച ജനങ്ങൾക്ക് ഇരുട്ടടി നൽകി റെയിൽവേ സ്റ്റേഷൻ അധികൃതർ കമ്മിഷൻ ഏജന്റിനെ ഏൽപിച്ചു. ഇതു സ്റ്റേഷൻ വികസനത്തിനു വിഘാതമാകുമെന്ന ആക്ഷേപം ഉയരുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ വികസനത്തിനായി നാട്ടുകാർ ഒട്ടേറെ പ്രക്ഷോഭ സമരങ്ങൾ നടത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊന്നും അനുവദിക്കാത്ത റെയിൽവേ പതിറ്റാണ്ടുകളായി സ്റ്റോപ്പുള്ള 6 ട്രെയിനുകൾക്കു മാത്രമാണ് ഇപ്പോഴും സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

ദേശീയപാതയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ പറ്റുന്ന റെയിൽവേ സ്റ്റേഷനാണിത്. അതുകൊണ്ടുതന്നെ പരിയാരം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്നവർക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന സ്റ്റേഷൻ കൂടിയാണിത്. പുതിയപുഴക്കര പാലം വന്നതോടെ ഏഴിമല നാവിക അക്കാദമിയിൽ നിന്ന് എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന റെയിൽവേ സ്റ്റേഷനായി ഏഴിമല റെയിൽവേ സ്റ്റേഷൻ മാറിയിട്ടുണ്ട്. നാവിക അക്കാദമിയുടെയും റെയിൽവേ സ്റ്റേഷന്റെയും സ്ഥലപ്പേര് ഒന്നായതിനാൽ ഈ സ്റ്റേഷൻ അക്കാദമിയുടെ മദർ സ്റ്റേഷനാക്കി മാറ്റുമെന്ന പ്രതീക്ഷ ജനങ്ങളിൽ ഉണ്ടായിരുന്നു. അതെല്ലാം തട്ടിമാറ്റിയാണ് ഇപ്പോൾ സ്റ്റേഷൻ കമ്മിഷൻ ഏജന്റിനു കൈമാറിയത്.

ഏഴിമല റെയിൽവേ സ്റ്റേഷൻ ഹാൾട്ട് റെയിൽവേ സ്റ്റേഷനാണ്. ഇവിടെ സ്റ്റേഷൻ മാസ്റ്റർ ഇല്ല. ഇത്തരം സ്റ്റേഷനുകൾ ഏജൻസിക്ക് കൊടുക്കാറുണ്ട്. എന്നാൽ അത് വിൽപനയല്ല. വരുമാനം വർധിക്കുന്നതോടെ ക്ലാർക്ക് ഇൻ ചാർജ് സ്റ്റേഷനാക്കി മാറ്റും. നിലവിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളും നഷ്ടപ്പെടില്ല.
റെയിൽവേ പബ്ലിക് റിലേഷൻ ഓഫിസർ, കണ്ണൂർ

ലോക പ്രശസ്ത വെങ്കല ശിൽപ പൈതൃക ഗ്രാമമായ കുഞ്ഞിമംഗലത്തേക്കു വെങ്കല നിർമിതികൾ വാങ്ങുന്നതിനും കാണുന്നതിനും വിനോദ സഞ്ചാരികൾ ഉൾപ്പെടെ കടന്നു വരേണ്ട റെയിൽവേ സ്റ്റേഷനാണിത്. ഈ സ്റ്റേഷനെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമം വെങ്കല ഗ്രാമത്തെ മോശമായി ബാധിക്കും.
ടി.വത്സൻ, മാനേജിങ് ഡയറക്ടർ കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമം

ചരിത്ര പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനാണിത്. കമ്മിഷൻ ഏജന്റിനെ ഏൽപിച്ച നടപടികളിൽ നിന്നു പിന്മാറണം. അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകും.
പി.വി.രമേശൻ, കൺവീനർ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി

റെയിൽവേ സ്റ്റേഷനെ ഇല്ലാതാക്കാനുള്ള നടപടിയാണ് അധികൃതർ നടത്തുന്നത്. അത് അനുവദിക്കില്ല. കമ്മിഷൻ ഏജന്റിനെ ഏൽപിച്ച നടപടിയിൽ നിന്നു റെയിൽവേ പിന്മാറണം.
കെ.വിജയൻ കുഞ്ഞിമംഗലം

ഇന്ത്യൻ റെയിൽവേയോളം പഴക്കമുള്ള സ്റ്റേഷനാണിത്. ഒട്ടേറെ പഞ്ചായത്തുകളിലെ ജനങ്ങൾ ഈ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. റിസർവേഷൻ സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തി സ്റ്റേഷനെ സംരക്ഷിക്കണം. സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ഉയരും.
എ.ഉണ്ണിക്കൃഷ്ണൻ, കുഞ്ഞിമംഗലം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA