ADVERTISEMENT

ഇരിട്ടി∙ പഴശ്ശി ജലാശയത്തിലെ കൂടു മത്സ്യ കർഷകർ ആശ്വാസത്തിലായി. കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച മെഗാ ചാലഞ്ചിൽ ഇന്നലെ മാത്രം വിറ്റത് 4 ക്വിന്റൽ മീൻ. 2 ദിവസം കൂടി തുടരും. നേരത്തേ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ ചാലഞ്ചിൽ 16.5 ക്വിന്റൽ തിലാപ്പിയ ചിത്രലാട ഇനം മീനുകളെ വിറ്റഴിച്ചിരുന്നു. കട്‌ല, റോഹു, മൃഗാൾ, ഗ്രാസ് കാർപ്, കോമൺ കാർപ്, സിൽവർ കാർപ്, ആസാം വാള, ഗിഫ്റ്റ് തിലോപ്പിയ, തിലോപ്പിയ ചിത്രലാട, നട്ടർ എന്നീ ഇനം മീനുകളാണ് മെഗാ ചാലഞ്ചിലൂടെ വിൽക്കുന്നത്.

കിലോയ്ക്ക് 250 രൂപയാണ് വില. ഇന്നലെ വിറ്റതിൽ 15 കിലോ വരെയുള്ള മീനുകൾ ലഭിച്ചു.നൂറുകണക്കിനാളുകളാണ് ഇന്നലെ ചടച്ചികുണ്ടത്ത് നടന്ന ചാലഞ്ചിൽ എത്തിയത്. കുടുംബ സമേതം എത്തി ജീവനോടെ മീനുകളെ വാങ്ങി പോകുന്നതും കാണാനായി. ഒരു കിലോ മുതൽ 20 കിലോ വരെയുള്ള മീനുകൾ വിൽപനയ്ക്കുണ്ട്. ആവശ്യക്കാർക്ക് വളർത്താനും നൽകും. വളർച്ചയെത്തിയിട്ടും കോവിഡ് മഹാമാരി മൂലം പതിനായിരക്കണക്കിന് തിലാപ്പിയ ചിത്രലാട ഇനം മീനുകളെ ഉൾപ്പെടെ വിറ്റഴിക്കാനാവാതെ നഷ്ടം സഹിച്ചു പരിപാലിച്ചു കൊണ്ടുപോകുന്ന കൂടു മത്സ്യ കർഷകരെ കുറിച്ചുള്ള വാർത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.

ഇതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഡിവൈഎഫ്ഐ മീൻ ചാലഞ്ചുമായി രംഗത്തിറങ്ങിയത്. ഇതു നൽകിയ വിജയമാണു കൃഷി നടത്തുന്ന പെരുവംപറമ്പ് കപ്പച്ചേരിയിലെ പഴശ്ശി രാജ മത്സ്യ കർഷക സ്വയം സഹായ സംഘം നേതൃത്വത്തിൽ ഇന്നലെ മുതൽ മെഗാ ചാലഞ്ച് നടത്താൻ പ്രചോദനം ആയത്. 2 ദിവസത്തിനകം അവശേഷിച്ച മീനുകളും വിറ്റഴിക്കാനാകുമെന്നാണു കർഷകരുടെ പ്രതീക്ഷ.മെഗാ ചാലഞ്ച് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സി.കെ.ഷൈനി ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു. പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ശ്രീജ, അംഗം അഭിലാഷ്, പഴശ്ശിരാജാ സംഘം പ്രസിഡന്റ് പി.എം.ദിവാകരൻ, സെക്രട്ടറി എ.കെ.നാരായണൻ, പി.വി.വിനോദൻ, കെ.ജി.ദിലീപ്, എം.എസ്.അമർജിത്ത് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com