ADVERTISEMENT

കണ്ണൂർ ∙ മരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇന്നു ജില്ലയിലെത്തുന്നു. ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിലെത്തുന്ന മന്ത്രിക്കു മുന്നിൽ ജില്ലയ്ക്കു പറയാൻ ആവശ്യങ്ങളേറെ. പ്രകൃതിയൊരുക്കുന്ന കണ്ണൂർക്കാഴ്ചകൾ അതിമനോഹരമെന്ന് ഇവിടെയെത്തിയ സഞ്ചാരികൾ പറഞ്ഞത് പലവട്ടം. അതിനൊപ്പം നാടിന്റെ സംസ്കാരവും പാരമ്പര്യ തൊഴിലുകളും കരകൗശല മികവും ആയോധനകലകളും അനുഷ്ഠാനങ്ങളും രുചിപ്പെരുമയുമെല്ലാം ചേരുമ്പോൾ ലോകത്തെ മറ്റേതു വിനോദസഞ്ചാര കേന്ദ്രങ്ങളേക്കാളും സഞ്ചാരികളെ ആകർഷിക്കാൻ സാധ്യതയുള്ള മണ്ണാണ് ഇത്. ആ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപനങ്ങൾ പലകാലങ്ങളിലായി നമ്മൾ കണ്ടു. എന്നാൽ മിക്കവയും നടപ്പായില്ല. പ്രവൃത്തി തുടങ്ങിയവയാണെങ്കിൽ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയാണ്. മലബാർ റിവർ ക്രൂസ് പദ്ധതി മാത്രമാണ് ഇക്കൂട്ടത്തിൽ വലിയ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോയത്. 

വിനോദസഞ്ചാരം

∙ മലബാറിന്റെ വിനോദസഞ്ചാര സാധ്യതകൾ ലോകത്തിനു പരിചയപ്പെടുത്താൻ മലബാർ ട്രാവൽ മാർട്ട്

∙ രാജ്യത്തെ ഏറ്റവും നീളമുള്ള ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാടും അതിമനോഹരമായ ധർമടം തുരുത്തും ചേർത്തു തയാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പദ്ധതികൾ പൂർത്തിയാക്കണം.

∙ പയ്യാമ്പലത്ത് കുട്ടികളുടെ പാർക്കും അഡ്വ​ഞ്ചർ പാർക്കും ഉൾപ്പെടെ 2 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ട് വർഷങ്ങളായി. രാജ്യാന്തര നിലവാരത്തിലുള്ള ശുചിമുറി സമുച്ചയം ഉൾപ്പെടെ പദ്ധതി പൂർത്തിയാക്കണം.

∙ പയ്യാമ്പലം നടപ്പാതയിലെ സോളർ വിളക്കുകൾ തുരുമ്പിച്ച് അപകടകരമായ നിലയിലാണ്. ഓപ്പൺ ജിം തുരുമ്പെടുത്തു നശിച്ചു തുടങ്ങി.

∙ ഏഴരക്കുണ്ട് വെള്ളച്ചാട്ടം കാണാൻ അടിസ്ഥാന സൗകര്യങ്ങൾ.

∙ പിണറായി പടന്നക്കര പാർക്ക്, തലശ്ശേരി സീ വ്യൂ പാർക്ക്, ഓവർബെറീസ് ഫോളി, വയലപ്ര, ചൂട്ടാട്, മീങ്കുന്ന് ബീച്ച് തുടങ്ങിയവ മെച്ചപ്പെടുത്തൽ.

∙ വെള്ളിക്കീൽ പാർക്ക് പ്രവർത്തനം തുടങ്ങണം.

∙ പഴശ്ശി ഉദ്യാനം നവീകരിച്ചെങ്കിലും വൈദ്യുതി കണക്‌ഷൻ ലഭിച്ചിട്ടില്ല.

∙ പാലക്കയം തട്ടിലെ അറ്റകുറ്റപ്പണികൾ

∙ തെന്മല മാതൃകയിൽ ആറളത്ത് പ്രഖ്യാപിച്ചിരുന്ന 20 കോടി രൂപയുടെ ഇക്കോ ടൂറിസം പദ്ധതി വർഷം അഞ്ചു കഴിഞ്ഞിട്ടും കടലാസിൽത്തന്നെ.

∙ കാട്ടാമ്പള്ളി കയാക്കിങ് സെന്റർ, നായ്ക്കാലി ടൂറിസം പദ്ധതി, കൊട്ടിയൂർ പൈതൃക മ്യൂസിയം, തീർഥാടന ടൂറിസം, കാഞ്ഞിരക്കൊല്ലി, പൈതൽ മല തുടങ്ങിയ പദ്ധതികൾ നടപ്പാക്കണം.

പൊതുമരാമത്ത്

∙ നരറോഡ് നവീകരണ പദ്ധതിക്കു വേഗം പോര. ഇതിൽ ഭൂമി ഏറ്റെടുക്കൽ ആവശ്യമുള്ള 4 റോഡുകളുടെ കാര്യത്തിൽ പ്രാദേശിക എതിർപ്പ് ഉയർന്നതിനെത്തുടർന്ന് നടപടികൾ നിർത്തി.

∙ കണ്ണൂർ ഫ്ലൈഓവർ അലൈൻമെന്റ് പുതുക്കൽ വൈകിപ്പിക്കരുത്.

∙ വിമാനത്താവളത്തിലേക്കുള്ള 6 റോഡുകളുടെ വികസനം പൂർത്തിയായില്ല

∙ തലശ്ശേരി വളവുപാറ റോഡിൽ കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങൾ ബാക്കി

∙ മേലേച്ചൊവ്വ – മട്ടന്നൂർ റോഡ് ദേശീയപാതയായി നോട്ടിഫൈ ചെയ്തെങ്കിലും പിന്നീട് ദേശീയപാത വിഭാഗം തീരുമാനം മരവിപ്പിച്ചു. ദേശീയപാതയാക്കി മാറ്റാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം.

∙ അഴീക്കൽ തുറമുഖത്തേക്ക് റോഡ് നിർമിക്കാൻ സാഗർമാല പദ്ധതിയിൽ പഠനം നടന്നിരുന്നു. തുകയും ലഭ്യമാകും. ഇതിനായി ഇടപെടൽ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com