ADVERTISEMENT

കണ്ണൂർ∙ ഓൺലൈൻ പഠനം കുട്ടികളുടെ സമ്മർദം കൂട്ടുന്നുവെന്ന പഠന റിപ്പോർട്ടുമായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്). ജില്ലയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലെയും തിരഞ്ഞെടുത്ത വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിലാണു ഡിജിറ്റൽ പഠനത്തിൽ കുട്ടികളും രക്ഷിതാക്കളും മാതാപിതാക്കളും അധ്യാപകരും അനുഭവിക്കുന്ന പ്രശ്നങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ അനായാസം ഉപയോഗിക്കുന്നതിൽ കുട്ടികളും അധ്യാപകരും കൂടുതൽ മികവു നേടിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓൺലൈൻ പഠനത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പദ്ധതി തയാറാക്കുന്നതിനാണു പഠനം നടത്തിയത്.

‘മിസ്‌ യൂ ക്ലാസ്റൂം..’

കുട്ടികൾ ക്ലാസ് മുറിയിലെ പഠനമാണ് ആഗ്രഹിക്കുന്നതെന്നാണു പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്. സ്കൂൾ എത്രയും വേഗം തുറക്കാൻ ആഗ്രഹിക്കുന്നവരാണ് 84% വിദ്യാർഥികളും. 78% വിദ്യാർഥികളും സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ സമ്മർദം അനുഭവിക്കുന്നുണ്ട്. ഓൺലൈൻ പഠനം പലവിധ ആശങ്കകളുമുണ്ടാക്കുന്നതാണു കാരണം. മാതാപിതാക്കളിൽ 95 ശതമാനവും സ്കൂൾ ഉടൻ തുറക്കണമെന്നാഗ്രഹിക്കുന്നവരാണ്. ഓൺലൈൻ ക്ലാസിൽ കുട്ടികളുടെ പഠനമികവു കൃത്യമായി വിലയിരുത്താനാകുന്നില്ലെന്ന് 83% അധ്യാപകരും പറയുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസ് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

എല്ലാവരിലും എത്തുന്നില്ല

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു ഡിജിറ്റൽ ക്ലാസുകൾ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഡിജിറ്റൽ ക്ലാസുകളുടെ വേഗത്തിനൊപ്പമെത്താൻ പലപ്പോഴും വിദ്യാർഥികൾക്കു കഴിയുന്നില്ല. രക്ഷിതാക്കൾക്ക് ആവശ്യമായ പിന്തുണ നൽകാൻ കഴിയാത്തതും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. 90% കുട്ടികൾക്കും അമ്മയുടെ സഹായം മാത്രമാണു പഠനത്തിനു ലഭിക്കുന്നതെന്നും പറയുന്നു. അതേസമയം രക്ഷിതാക്കളുടെ ഇടപെടൽ സമ്മർദമുണ്ടാക്കുന്നുണ്ടെന്ന് 19% കുട്ടികൾ പറയുന്നു. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികളിലും ഡിജിറ്റൽ ക്ലാസ് സമ്മർദമുണ്ടാക്കുന്നുണ്ട്.

ഹാജർ കുറവ്

ഡിജിറ്റൽ സൗകര്യങ്ങളുണ്ടായിട്ടും എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുക്കുന്നില്ല. ഈ വിഭാഗത്തിൽ 12% വിദ്യാർഥികൾ വരും. മുഴുവൻ ക്ലാസുകളും കണ്ടത് 60% വിദ്യാർഥികൾ മാത്രം. കൃത്യമായി ക്ലാസുകൾ കാണുന്നവർ 73%. 10% വിദ്യാർഥികൾ മാതാപിതാക്കൾ നിർബന്ധിച്ചാൽ മാത്രമേ ഡിജിറ്റൽ ക്ലാസിലെത്തൂ.

വേണം, പ്രത്യേക ശ്രദ്ധ

ഓൺലൈൻ ക്ലാസിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പരിഹാരമാർഗങ്ങളും ഡയറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന 20% വിദ്യാർഥികൾക്കു പ്രത്യേക ശ്രദ്ധ വേണം. ഡിജിറ്റൽ ക്ലാസുകളുടെ വേഗം കുറയ്ക്കണം. ഓൺലൈൻ ക്ലാസുകളുടെ എഡിറ്റിങ് സൂക്ഷ്മമാകണം. രക്ഷിതാക്കൾക്ക്  പരിശീല നക്ലാസുകളും നൽകും. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ അധ്യാപകർക്കും പരിശീലനം നൽകും. പഠന റിപ്പോർട്ടിൽ കണ്ടെത്തിയ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര പ്രവർത്തനങ്ങൾക്കു രൂപം നൽകാനും തീരുമാനമായി.

ഡയറ്റിലെ സീനിയർ ലക്ചറർമാരായ ഡോ.ഗോപിനാഥൻ, ഡോ.കെ.പി.രാജേഷ്, കെ.ബീന എന്നിവർ പഠനത്തിനു നേതൃത്വം നൽകി. 3843 കുട്ടികളും 1934 രക്ഷിതാക്കളും 1039 അധ്യാപകരും സർവേയുടെ ഭാഗമായി.പഠന റിപ്പോർട്ട് അവതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ അധ്യക്ഷനായി. ഡയറ്റ് സീനിയർ ലക്ചറർ ഡോ.കെ.പി. ഗോപിനാഥൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.കെ. സുരേഷ് ബാബു, യു.പി. ശോഭ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ വിനോദ് കുമാർ, ടി.പി. അശോകൻ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com